കോട്ടയം: നിശ്ശബ്ദ പ്രചാരണത്തിന്റെ ദിനമായ തിങ്കളാഴ്ച വോട്ടർമാരെ നേരിൽകണ്ട് അവസാനവട്ട വോട്ടുറപ്പിക്കലിലായിരുന്നു സ്ഥാനാർഥികൾ. മണ്ഡലത്തിൽ എല്ലായിടത്തും ഓടിയെത്തി. മത്സരിച്ചുമുന്നേറിയ പ്രചാരണത്തിനൊടുവിൽ മൂന്നു മുന്നണികളും ആത്മവിശ്വാസത്തിലാണ്. യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി വെടിവെപ്പിന്റെ 85ാം വാർഷിക ദിനത്തിൽ നിലക്കൽ പള്ളിയിൽ എത്തി രക്തസാക്ഷി കുറ്റിക്കൽ കുഞ്ഞപ്പന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയാണ് വോട്ടുതേടിയിറങ്ങിയത്. പുതുപ്പള്ളി പള്ളിയിലും മണർകാട് സെന്റ് മേരീസ് ദേവാലയത്തിലും മണർകാട് ദേവീക്ഷേത്രത്തിലും എത്തി വിശ്വാസി സമൂഹത്തെ കണ്ടു. ശേഷം കുമരംകോട് ബെസ്റ്റ് ബേക്കറി ബേക്ക് ഹൗസിൽ എത്തി തൊഴിലാളികളെ നേരിൽകണ്ട് വോട്ട് അഭ്യർഥിച്ചു. മണ്ഡലത്തിലെ മരണവീടുകൾ സന്ദർശിക്കാനും സമയം മാറ്റിവെച്ചു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിന്റെ ഫലം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് എല്ലാ പഞ്ചായത്തിലും എത്തി. വീടുകളും തൊഴിലിടങ്ങളും സന്നദ്ധ സേവന സ്ഥാപനങ്ങളും സന്ദർശിച്ച് സൗഹൃദം പങ്കുവെച്ചു. പാമ്പാടി പൊത്തൻപുറം ബ്ലോസം സ്കൂൾ സന്ദർശിച്ചശേഷം കുട്ടികളോടും അധ്യാപകരോടുമൊപ്പം അൽപസമയം ചെലവഴിച്ചു. കോത്തലയിലെ ഗ്രാൻഡ് കേബിൾസിലെ തൊഴിലാളികളെയും കണ്ടു. എക്സിറ്റ് പോളുകളിൽ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളിലാണ് വിശ്വാസമെന്നും ജെയ്ക് സി. തോമസ് പ്രതികരിച്ചു. കൊട്ടിക്കലാശം ആത്മവിശ്വാസം വർധിപ്പിച്ചു. സർക്കാറിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്നും ജെയ്ക് പറഞ്ഞു.
എൻ.ഡി.എ സ്ഥാനാർഥി ലിജിൻലാൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലും അയർക്കുന്നം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമായിരുന്നു സമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും കടകളിൽ കയറിയും പ്രധാനപ്പെട്ട ആളുകളെ സന്ദർശിച്ചും വോട്ട് അഭ്യർഥിച്ചു. അതിരറ്റ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ലിജിൻലാൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ യാത്രയയപ്പ് ഇന്ന് -അച്ചു ഉമ്മൻ
കോട്ടയം: ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന ഏറ്റവും വലിയ യാത്രയയപ്പ് വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ചയാണെന്ന് മകൾ അച്ചു ഉമ്മന്‍. അവസാന യാത്രയയപ്പിന്റെ ഇടിമുഴക്കം വോട്ടെണ്ണൽ ദിവസമായ എട്ടിനു കേൾക്കും. ചാണ്ടി ഉമ്മന്‍ റെക്കോഡ് ഭൂരിപക്ഷം കിട്ടുമെന്നും ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുമെന്നും അച്ചു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റെക്കോഡ് ഭൂരിപക്ഷം നേടും -കുഞ്ഞാലിക്കുട്ടി
മലപ്പുറം: പുതുപ്പള്ളിയിൽ യു.ഡി.എഫ് റെക്കോഡ് ഭൂരിപക്ഷം നേടുമെന്ന് മുസ്ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. അത് സി.പി.എമ്മിനും മനസ്സിലായിട്ടുണ്ട്. ജനങ്ങളെ കണ്ടാലും അത് മനസ്സിലാകും. പിണറായി സർക്കാറിന് അവകാശപ്പെടാൻ ഒന്നുമില്ല -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.