ഭാർഗവിയമ്മ, ജയ് മാധവ്, ആവണി, മഹാദേവൻ തമ്പി, സുധൻ

മരണക്കയത്തിൽ നിന്ന് വയോധികയും പേരക്കുട്ടിയും ജീവിതത്തിലേക്ക്

എരുമേലി: അകപ്പെട്ടവരെല്ലാം മരണത്തിന് കീഴടങ്ങിയിട്ടുള്ള അമ്മൂമ്മക്കയത്തിൽനിന്ന് വയോധികയെയും പേരക്കുട്ടിയെയും ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത് സുധന്‍റെയും മഹാദേവൻ തമ്പിയുടെയും മനോധൈര്യവും ഒമ്പതുവയസ്സുകാരിയുടെ സമയോചിത ഇടപെടലും. ഇടകടത്തിക്ക് സമീപം പമ്പയാറ്റിലെ അമ്മൂമ്മക്കയത്തിൽ കുളിക്കാൻ എത്തിയവരിൽ രണ്ടുപേരാണ് അപകടത്തിൽപെട്ടത്.

എറണാകുളം സ്വദേശിനി ഭാർഗവി പത്മനാഭൻ (61), പേരക്കുട്ടികളായ ജയ് മാധവ് (11), ആവണി (ഒമ്പത്) എന്നിവരാണ് കഴിഞ്ഞ ദിവസം പമ്പയാറ്റിൽ കുളിക്കാൻ എത്തിയത്. ഇടകടത്തിയിലെ ബന്ധുവീട്ടിൽ എത്തിയവരായിരുന്നു ഇവർ. ജയ് മാധവിനെ കുളിപ്പിച്ചശേഷം കരക്കിരുത്തി ഭാർഗവി കുളിക്കാൻ ഇറങ്ങി. ഇതിനിടെ, ജയ് മാധവ് വീണ്ടും ഇറങ്ങിയതോടെ കയത്തിൽപെട്ടു. നീന്തൽ വശമുള്ള ഭാർഗവി പേരക്കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്നു.

ഈസമയം കരക്കുണ്ടായിരുന്ന ആവണി ബഹളമുണ്ടാക്കുകയും വീട്ടിലേക്ക് ഓടിയെത്തി ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു. വീട്ടുകാർ നിലവിളിച്ച് ഓടിയെത്തിയപ്പോൾ ഭാർഗവി വെള്ളത്തിൽ മലർന്നും ജയ് മാധവ് കമിഴ്ന്നും കിടക്കുന്നതാണ് കണ്ടത്. ഇവരുടെ ബഹളം കേട്ടാണ് കുടിവെള്ളവുമായി സമീപത്തെ വീട്ടിലെത്തിയ ഇടകടത്തി സ്വദേശി കാവുങ്കൽ സുധനും തിരുവനന്തപുരം സ്വദേശിയും ഫോട്ടോഗ്രാഫറുമായ മഹാദേവൻ തമ്പിയും ഓടിയെത്തിയത്.

നീന്തൽ വലിയ വശമില്ലെങ്കിലും മനോധൈര്യം കൈവിടാതെ ഇരുവരും കയത്തിൽ ചാടി ഭാർഗവിയെയും ജയ് മാധവിനെയും കരയിലേക്ക് വലിച്ചെത്തിച്ചു. ബോധമറ്റുകിടന്ന ഇരുവർക്കും പ്രഥമ ശുശ്രൂഷ നൽകിയശേഷം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡി. കോളജ് ആശുപത്രിയിലും എത്തിച്ചു.

പമ്പയാറ്റിൽനിന്ന് ശ്രമകരമായാണ് പ്രധാന റോഡിലേക്ക് ഇരുവരെയും എത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവം പുറംലോകം അറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇതോടെ രക്ഷകരെത്തേടി അഭിനന്ദനപ്രവാഹമായിരുന്നു.

Tags:    
News Summary - From death to old age and grandchildren to life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.