ഫ്രഷ് കട്ട് സമരത്തിൽ നുഴഞ്ഞുകയറിയത് ഡി.വൈ.എഫ്.ഐ ക്രിമിനലുകളെന്ന് എസ്.ഡി.പി.ഐ

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരത്തിൽ കുഴപ്പമുണ്ടാക്കിയത് ഡി.വൈ.എഫ്.ഐ ക്രിമിനലുകളാണെന്ന് എസ്.ഡി.പി.​ഐ. ‘സമരത്തിൽ ക്രിമിനലുകൾ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കി എന്ന് സി.പി.എം പറഞ്ഞത് ശരിയാണ്. പക്ഷേ ആ ക്രിമിനലുകൾ എസ്ഡിപിഐക്കാരല്ല, ഡിവൈഎഫ്ഐക്കാരാണ്. ഡിവൈഎഫ്ഐക്കാരാണ് നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കിയത്’ -എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി. അബ്ദുൽ ഹമീദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘സി.പി.എമ്മിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോയിക്കൊണ്ടിരിക്കുകയാണ്. ജനകീയ സമരം നടന്ന പ്രദേശങ്ങളിൽ സിപിഎമ്മിന്റെ പല പ്രവർത്തകരും പാർട്ടി വിട്ട് ലീഗിലേക്കും കോൺഗ്രസിലേക്കും എസ്ഡിപിഐ ഉൾപ്പെടെയുള്ള പാർട്ടികളിലേക്കും പോയിക്കൊണ്ടിരിക്കുന്നു. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ പ്രദേശങ്ങളിൽ ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത സ്ഥിതിവിശേഷം സി.പി.എമ്മിന് വന്നു ചേർന്നിരിക്കുകയാണ്. ഇതുതന്നെയാണ് കട്ടിപ്പാറ പഞ്ചായത്തിലും പുതുപ്പാടി പഞ്ചായത്തിലും താമരശ്ശേരി പഞ്ചായത്തിലും ഓമശ്ശേരി പഞ്ചായത്തിലും സിപിഎമ്മിനെ കാത്തിരിക്കുന്നത്. സിപിഎമ്മിന്റെ ഉന്നത നേതാക്കന്മാർക്ക് ഈ ഫ്രഷ് കട്ടുമായിട്ടുള്ള ബന്ധങ്ങൾ അവിടുത്തെ സമരസമിതി പറഞ്ഞുകൊണ്ടിരിക്കുകയാണ്. അത് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ കമ്പനിയിൽനിന്ന് എന്തെങ്കിലും വാങ്ങിയെടുക്കാൻ ഉണ്ടെങ്കിൽ അത്തരം സംഗതികൾക്കാണ് അവർ മുൻതൂക്കം കൊടുക്കുന്നത്. അതിന് മറ സൃഷ്ടിക്കാനാണ് എസ്ഡിപിഐ പോലുള്ള പാർട്ടികളെ പഴിചാരുന്നത്.

ചില ഛിദ്രശക്തികൾ സമരത്തിൽ ഇടപെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കണം. അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ ആരാണ് എന്ന് വസ്തുനിഷ്ഠമായി അന്വേഷിച്ച് പ്രതികളെ രംഗത്ത് കൊണ്ടുവരണം. അതിന് ആദ്യം തന്നെ വിധി പ്രസ്താവന നടത്തരുത്. സിപിഎം ഇന്ന് എത്തി നിൽക്കുന്ന ജീർണ്ണതയാണ് ഇതിന് പിന്നിൽ. സാമ്പത്തിക താല്പര്യവും അല്ലാത്തതും ഒക്കെ ഇതിൽ പ്രവൃത്തിച്ചിട്ടുണ്ട്. അതിൽ നിന്നൊക്കെ മുഖം രക്ഷിക്കാൻ വേണ്ടിയുള്ള പ്രചാരണം മാത്രമാണ് സി.പി.എം നടത്തുന്നത്.

വടകരയിൽ രസകരമായ ഒരു ചൊല്ലുണ്ട്. ‘‘വടകരയിൽ കടലാക്രമണം; ആഭ്യന്തര മന്ത്രി രാജി വെക്കണം’ എന്ന്. ഇത് പോലെയാണ് എസ്.ഡി.പി.ഐക്കെതിരായ ആരോപണവും. ഇതിൽ മാത്രമല്ലല്ലോ, എവിടെയാണ് എസ്ഡിപിഐയെ ആരോപിക്കാത്തത്? ആവിക്കൽത്തോട് പ്രക്ഷോഭം ഉണ്ടായപ്പോൾ അതിലും എസ്ഡിപിഐയെ ആരോപിച്ചു. ജനങ്ങൾ മൊത്തം എല്ലാ വിഭാഗീയതകളും മാറ്റിവെച്ചുകൊണ്ട് സമരസജ്ജമായി രംഗത്ത് വന്നപ്പോൾ അതിനു പിന്നിൽ എസ്ഡിപിഐ ആണെന്ന് പറയുന്നു. ഗെയിൽ പൈപ്പ്ലൈൻ സമരത്തിന് പിന്നിലും എസ്ഡിപിഐ ആണെന്ന് പറഞ്ഞു.

ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ട സംഭവങ്ങൾക്ക് പിന്നിൽ എസ്ഡിപിഐക്കാരാണ് എന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ സെക്രട്ടറി എം. മെഹബൂബും ആരോപിക്കുന്നത്. ഫ്രഷ്‍കട്ട് സമരം സംബന്ധിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവന വായിച്ചാൽ മാത്രം അതിന്റെ പിന്നിൽ എന്താണ്, ആരാണ്, ഉദ്ദേശം എന്താണ് എന്ന് മനസ്സിലാകും. തങ്ങൾ നട്ടപ്പാതിരക്ക് പകലാണെന്ന് പറഞ്ഞാൽ പകലാണ്, ഉച്ചനേരത്ത് രാത്രിയാണെന്ന് പറഞ്ഞാൽ രാത്രിയാണ് എന്ന് ജനങ്ങൾ കരുതിക്കൊള്ളും എന്ന തെറ്റിദ്ധാരണയാണ് സി.പി.എമ്മിനുള്ളത്. എല്ലാ ജനകീയ സമരങ്ങളെയും പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന രീതിയാണ് സർക്കാർ സ്വീകരിക്കുന്നത്. ഈ പാർട്ടിയെ സമരരംഗങ്ങളിൽ പിന്തിരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമം ഇവിടെ നടക്കുന്നുണ്ട്. അത് അതിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങൾ.

ഏതാണ്ട് ആയിരക്കണക്കിന് ആളുകൾ അധിവസിക്കുന്ന ഒരു പ്രദേശത്ത് കഴിഞ്ഞ ആറു വർഷക്കാലമായി ജനത സമരത്തിലാണ്. ഈ പ്ലാന്റിൽ നിന്ന് വരുന്ന ദുർഗന്ധം കാരണം വളരെ പ്രയാസകരമായ അവസ്ഥയാണ് പ്രദേശത്ത്. അവിടുത്തെ ജനകീയ കൂട്ടായ്മയാണ് സമരം ചെയ്യുന്നത്. അതിൽ സിപിഎമ്മുകാരുണ്ട്, അവരുടെ കേഡർമാരും അനുഭാവികളുമുണ്ട്, മുസ്‍ലിം ലീഗുമായും കോൺഗ്രസുമായും ബന്ധപ്പെട്ട ആളുകളുണ്ട്, വിവിധ രാഷ്ട്രീയ പാർട്ടിയിലും മതസംഘടനയിൽപെട്ട ആളുകൾ, മതമില്ലാത്ത ആളുകൾ എല്ലാം ഈ സമരമുഖത്തുണ്ട്. എന്നിരിക്കെ ബോധപൂർവ്വമായാണ് എസ്ഡിപിഐയെ പറയുന്നത്. എസ്ഡിപിഐയെ സംശയമി​ല്ലെന്ന് സമരസമിതിയുടെ ആളുകൾ തന്നെ പറഞ്ഞിട്ടുണ്ട്. ഫ്രഷ് കട്ടിന്റെ മാനേജ്മെന്റുമായി ചേർന്ന് പൊലീസും ഭരണകൂടവും നടത്തിയ ആസൂത്രണമായ ഇടപെടലാണ് അന്ന് നടന്നത്.

കൃത്യമായ അന്വേഷണം നടത്തി അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കിയവരെ കണ്ടെത്തി ശിക്ഷിക്കണം എന്നാണ് എസ്.ഡി.പി.ഐ ആവശ്യപ്പെടുന്നത്. അറവുമാലിന്യ കേന്ദ്രം ഈ ജനവാസ മേഖലയിൽ നിന്ന് മാറ്റി ജനങ്ങളുടെ ഭീതിയും ആശങ്കയും അകറ്റുകയും ചെയ്യണം’ -എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ എസ്ഡിപിഐ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ. ഷെമീറും സംബന്ധിച്ചു. 

Tags:    
News Summary - fresh cut protest: sdpi against dyfi, cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.