അറസ്റ്റിലായ സി.ഐ സഞ്ജയ്‌, പ്രീതി മാത്യു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; സി.ഐ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ സസ്പെൻഷനിലുള്ള സി.ഐ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന  ചിനിക്കടുപ്പിൽ വീട്ടിൽ സഞ്ജയ്‌ സി.ടി (47), പത്തനംതിട്ട തുരുത്തിക്കാട് ഭാഗത്ത് അപ്പക്കോട്ടമുറിയിൽ വീട്ടിൽ പ്രീതി മാത്യു (51) എന്നിവരാണ് പിടിയിലായത്. 

പ്രീതി മാത്യു നടത്തിയിരുന്ന കൺസൾട്ടൻസി സ്ഥാപനം വഴി തലപ്പുലം സ്വദേശിനിയുടെ മകൾക്ക് യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 8.60 ലക്ഷം രൂപ പലതവണയായി വാങ്ങിയെടുക്കുകയായിരുന്നു.

ജോലി ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രീതി മാത്യുവിനെ അറസ്റ്റ് ചെയ്ത പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ സി.ഐ സഞ്ജയ് കൂടി ഈ തട്ടിപ്പിൽ പങ്കാളിയാണെന്ന് കണ്ടെത്തി.

പ്രീതി മാത്യുവിന്റെ അക്കൗണ്ടിൽ നിന്നും സഞ്ജയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായും ഇയാൾ പരാതിക്കാരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രീതി മാത്യുവിന് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ഒമ്പത് കേസുകളും ജില്ലയിലെ മറ്റു പല സ്റ്റേഷനുകളിലുമായി അഞ്ചു കേസുകളും ഉൾപ്പെടെ 14 കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി ജില്ല പൊലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് പറഞ്ഞു.



Tags:    
News Summary - Two people, including a CI, arrested in a case of cheating millions of rupees by promising foreign jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.