മറാത്ത സംവരണ വിധി സാമൂഹ്യ നീതിയെ സംബന്ധിച്ച ചോദ്യങ്ങൾ പ്രസക്തമാക്കുന്നുവെന്ന്​ ഫ്രറ്റേണിറ്റി ചർച്ചാ സംഗമം

മറാത്ത സംവരണത്തെ റദ്ദ് ചെയ്തു കൊണ്ടുള്ള സുപ്രീം കോടതി വിധിയും അതിലെ പരാമർശങ്ങളും സാമൂഹ്യ നീതിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഓൺലൈൻ ചർച്ചാ സംഗമം.

സംവരണം എന്നത് ഒരു തൊഴിൽദാന പദ്ധതിയോ ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയോ അല്ല. മറിച്ചു സാമൂഹ്യവും രാഷ്ട്രീയവുമായ കാരണങ്ങളാൽ മാറ്റി നിർത്തിപ്പെട്ടവർക്ക്​ അധികാര പങ്കാളിത്തം ഉറപ്പാക്കാനുള്ള ഉപാധിയാണ്​. ഭരണഘടനയുടെ ആർട്ടിക്കിൾ 16(4) പിന്നാക്ക വിഭാഗങ്ങൾക്ക് ഉറപ്പു നൽകുന്ന സംവരണം 50% മുകളിൽ വർധിപ്പിക്കണമെങ്കിൽ അസാധാരണമായ സാഹചര്യം ഉണ്ടായിരിക്കണം എന്നതാണ് നിലവിലുള്ള കോടതി വിധി. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നിൽ നിൽക്കുന്ന മറാത്ത സമുദായത്തിന് അത്തരത്തിലുള്ള ഒരു സാഹചര്യവും ഇല്ല എന്ന കോടതി വിധി തീർത്തും സ്വാഗതാർഹം ആണ്. എന്നാൽ ആകെ സംവരണം 50% കൂടരുത് എന്ന ഇന്ദിരാ സാഹ്നി കേസ് വിധിയിലെ നിബന്ധന ഇനിയും അംഗീകരിക്കാനാവില്ല എന്നു ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് പിന്നാക്ക വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ ജോഷി അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ 80 ശതമാനത്തോളമുള്ള എസ്.സി., എസ്.ടി., ഒ.ബി.സി. സമുദായങ്ങളുടെ തലക്ക് മീതെയുള്ള ഇരുതല വാൾ ആണ് യഥാർഥത്തിൽ മറാത്ത സമുദായ വിധി എന്നു ചർച്ചയിൽ പങ്കെടുത്തു കൊണ്ട് മെക്ക ജനറൽ സെക്രട്ടറി എൻ.കെ അലി അഭിപ്രായപ്പെട്ടു.

നിലവിൽ കേരളത്തിലുൾപ്പെടെ 28 സംസ്ഥാനങ്ങളിൽ അതാത് സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നത് സംസ്ഥാന പിന്നാക്ക കമീഷനാണ്. ഈ ഒരു അധികാരം സംഘപരിവാർ കൈപ്പിടിയിൽ അമർന്നു കൊണ്ടിരിക്കുന്ന ദേശീയ പിന്നാക്ക കമീഷനെ ഏല്പിക്കുക വഴി ഫെഡറൽ സംവിധാനത്തെ തകർക്കുക മാത്രമല്ല; തങ്ങൾക്ക് അനഭിമതരായ സാമൂഹിക വിഭാഗങ്ങളെ നിയമപരമായി അധികാര സ്ഥാനങ്ങളിൽ നിന്ന് പുറന്തള്ളാനുള്ള ശ്രമങ്ങളുണ്ടാകുകയും ചെയ്യുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

50% സംവരണ നിയന്ത്രണം ആരുടെ താല്പര്യമാണ് എന്ന ചോദ്യം നാം ഉയർത്തേണ്ട സന്ദർഭമാണിത് എന്ന് വെൽഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ചർച്ചയിൽ അഭിപ്രായപ്പെട്ടു. മുന്നാക്ക സംവരണത്തെ കേരളത്തിലെ സർക്കാർ പിന്തുണക്കുന്നത് കൊണ്ട് തന്നെ മൊത്തമായുള്ള 50% സംവരണത്തിൽ ആ വിഭാഗം ചേർക്കപ്പെടാനും, അത്‌ വഴി ഒ.ബി സി സംവരണത്തോത് താഴ്ത്താനുമുള്ള സാധ്യതകൾ ഏറെയാണ് എന്നും അദ്ദേഹം നിരീക്ഷിച്ചു. നിയമ പോരാട്ടത്തിനപ്പുറം ജനങ്ങളുടെ ഭാഗത്തു നിന്നുള്ള സാമൂഹിക സമ്മർദ്ദത്തിലൂടെ മാത്രമേ ഇതിനെ മറിക്കടക്കാനാവൂ എന്നും അദ്ദേഹം ചർച്ചയിൽ പറഞ്ഞു.

ഈ വിധി സാമ്പത്തിക സംവരണത്തെ പ്രതികൂലമായി ബാധിക്കാനുള്ള യാതൊരു സാധ്യതയുമില്ല എന്നും എന്നാൽ 50% ലേക്ക് സംവരണ നിയന്ത്രണം ഏർപ്പെടുത്തിയ, ക്രീമിലയർ സംവിധാനം കൊണ്ടു വന്ന, മതിയായ സംവരണം എന്നത് പ്രാതിനിധ്യ സംവരണമല്ല എന്ന് വിധിക്കുകയും ചെയ്ത ഇന്ദ്ര സാഹ്നി കേസിനെ തന്നെ മറികടന്ന് കൊണ്ടേ സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന് മുന്നോട്ട് പോകാൻ ആകൂ എന്ന് സാമൂഹിക പ്രവർത്തകൻ സുദേഷ് എം രഘു പറഞ്ഞു.

ഒട്ടനേകം അവ്യക്തതകളും ആശങ്കകളും ഈ വിധിയിൽ നില നിൽക്കുന്നുണ്ട് എന്നും അതിന്‍റെ ഭാഗമാണ് മുന്നാക്ക സംവരണത്തിന് 50% സംവരണ നിയന്ത്രണം ബാധകമാണോ എന്നതിലെ അവ്യക്തത ഉൾപ്പടെയുള്ളത് എന്നും സാമൂഹിക പ്രവർത്തകൻ കെ.സന്തോഷ്കുമാർ  ചൂണ്ടിക്കാട്ടി. കേരളത്തിലെ മുന്നാക്ക സമുദായങ്ങളുടെ പിന്നാക്കാവസ്ഥ തെളിയിക്കാൻ നിലവിൽ ഒരു കണക്കുമില്ല എന്നും ഇരക്കും വേട്ടക്കാരനും ഒരേ നീതി നടപ്പാക്കരുത് എന്നും അദ്ദേഹം ചർച്ചയിൽ ആവശ്യപ്പെട്ടു.

അർഹരായ കൂടുതൽ പിന്നാക്ക സമുദായങ്ങളെ സംവരണത്തിൽ ഉൾപ്പെടുത്തിക്കൊണ്ട്, സംവരണത്തിന്‍റെ തോതിനെ വികസിപ്പിച്ചുകൊണ്ട് ഈ 50% നിയന്ത്രണത്തെ മറി കടക്കുക തന്നെ ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ ദേശീയ എക്സിക്യൂട്ടീവ് അംഗം റമീസ് ഇ.കെ അഭിപ്രായപ്പെട്ടു.

ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ സംസ്ഥാന പ്രസിഡന്‍റ്​ നജ്ദ റൈഹാൻ ആമുഖ പ്രഭാഷണം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി ആദിൽ അബ്ദുറഹീം അധ്യക്ഷത വഹിച്ചു.

Tags:    
News Summary - fraternity webinar on reservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.