കൊല്ലം: അമേരിക്കയിലെ കാലിഫോണിയയിൽ ഹീറ്ററിൽ നിന്നുള്ള വാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57ൽ ഡോ. ജി. ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ (4), നെയ്തൻ (4) എന്നിവരാണ് മരിച്ചത്.
യു.എസ് സമയം രാവിലെ 9.15നാണ് പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊടും തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്ന ഹീറ്ററിൽ നിന്ന് പുറത്തുവന്ന വാതകം ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കലിഫോർണിയയിലെ സാൻ മറ്റേയോയിലാണ് ആനന്ദും കുടുംബവും താമസിച്ചിരുന്നത്.
കിളിയല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ–ജൂലിയറ്റ് ബെൻസിഗർ ദമ്പതികളുടെ ഏക മകളാണ് ആലീസ്. യു.എസിയിലായിരുന്ന ആലീസിന്റെ അമ്മ ജൂലിയറ്റ് 11നാണ് തിരകെ നാട്ടിലെത്തിയത്. 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ജൂലിയറ്റ് മകളെ വിളിച്ചിരുന്നു.
കൊല്ലത്തെ വീട്ടിലെത്തിയ ശേഷം ആനന്ദിനും ആലീസിനും വാട്സാപ്പ് മെസേജ് അയച്ചു. ഒരാൾ മാത്രമാണ് മെസേജ് കണ്ടത്. തുടർന്ന് യു.എസിലുള്ള ബന്ധുവിനെ ജൂലിയറ്റ് വിവരം അറിയിച്ചു. ബന്ധു ഒരു സുഹൃത്ത് മുഖാന്തരം അന്വേഷിച്ചു.
ആനന്ദിന്‍റെ വീടിനു പുറത്തെത്തിയ സുഹൃത്തിന് സംശയം തോന്നിയാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് വീടിന്‍റെ പൂട്ടുതുറന്ന് പരിശോധന നടത്തിയപ്പോഴാണ് മുറിയിൽ നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.