ബലാത്സം​ഗക്കേസിൽ കുറ്റമുക്തരായ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നാല് ലക്ഷം ധനസഹായം

തിരുവനന്തപുരം: മലപ്പുറം മുൻ എസ്.പി, തിരൂർ മുൻ ഡിവൈ.എസ്.പി, പൊന്നാനി എസ്.എച്ച്.ഒ എന്നിവർക്കെതിരെ ബലാത്സംഗം ആരോപിച്ച വീട്ടമ്മയുടെ പരാതി ഹൈകോടതി ഡിവിഷൻ ബഞ്ച് തള്ളിയതോടെ കേസ് നടത്തിപ്പിൽ ഉദ്യോഗസ്ഥർക്ക് ചെലവായ നാല് ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന പൊലീസ് മേധാവി. ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതി വ്യാജവും കെട്ടിച്ചമച്ചതാണെന്നുമുള്ള മലപ്പുറം എസ്.പിയുടെ റിപ്പോർട്ടിന്‍റെയും കോടതി വിധിയുടെയും അടിസ്ഥാനത്തിലാണ് വക്കീൽ ഫീസ് ഇനത്തിൽ ചെലവായ തുക അനുവദിച്ചത്.

ചിലരുടെ പ്രതികാര നടപടിയുടെ ഭാഗമായാണ് മലപ്പുറം മുന്‍ പൊലീസ് മേധാവി സുജിത്ദാസ്, തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി, പൊന്നാനി ഇന്‍സ്പെക്ടറായിരുന്ന വിനോദ് വലിയാറ്റൂര്‍ എന്നിവർക്കെതിരെ പൊന്നാനി സ്വദേശിയായ വീട്ടമ്മ പീഡന ആരോപണം ഉന്നയിച്ചതെന്ന് മലപ്പുറം എസ്.പിയുടെ റിപ്പോർട്ടിലും കോടതി വിധിയിലും പറഞ്ഞിരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിന്‍റെ പേരിലാണ് ഇത്തരം കേസുകൾ ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്നതെന്നും ഉദ്യോഗസ്ഥർക്കെതിരായ ഇത്തരം ശത്രുതാപരമായ നീക്കങ്ങളെ പ്രതിരോധിക്കേണ്ടതും സഹായിക്കേണ്ടതുമാണെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിൽ പറയുന്നു.

പൊന്നാനി സ്വദേശിനിയുടെ പീഡനാരോപണത്തിന് പിന്നിൽ മുട്ടിൽ മരംമുറിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വകാര്യ ചാനല്‍ ഉടമകളാണെന്നാണ് തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി ആരോപിച്ചിരുന്നു. മരം മുറിക്കേസില്‍ കുറ്റപത്രം നല്‍കുന്നത് തടയാനാണ് യുവതിയെക്കൊണ്ട് വ്യാജ ആരോപണം ഉന്നയിപ്പിച്ചതെന്നും കാണിച്ച് അദ്ദേഹം മലപ്പുറം എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - Four lakhs financial assistance to police officers acquitted in rape cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.