തിരുവനന്തപുരം: സ്വർണപ്പാളി വിഷയത്തിലെ പ്രതിപക്ഷ ബഹളത്തിനിടെ നാലു ബില്ലുകൾ നിയമസഭ പാസാക്കി. 2024ലെ പൊതുവിൽപന നികുതി ഭേദഗതി ബിൽ, 2025ലെ കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ, കേരള കയർ തൊഴിലാളി ഭേദഗതി ബിൽ, കേരള കയർ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി ബിൽ എന്നിവയാണ് പാസാക്കിയത്.
വീര്യം കുറഞ്ഞ മദ്യത്തെ (ഹോർട്ടി വൈൻ) ഇന്ത്യൻ നിർമിത വിദേശ വൈനുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താനാണ് പൊതുവിൽപന നികുതി ഭേദഗതി ബിൽ. ഹോർട്ടി വൈനിന് ഇന്ത്യൻ നിർമിത വിദേശ വൈനുകളുടെ നികുതി ബാധകമാകും.
കലാ, സാംസ്കാരിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഏകീകൃത നിയമം കൊണ്ടുവരാനാണ് കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ. മലബാറിലും തിരുവിതാംകൂറിലും ഉണ്ടായിരുന്ന വ്യത്യസ്ത നിയമങ്ങൾ ഒഴിവാക്കിയാണ് ഏകീകൃത നിയമം പാസാക്കിയത്. കല, കായികം, സാഹിത്യം, സാംസ്കാരികം, വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യാൻ പുതിയ നിയമത്തിലെ വ്യവസ്ഥകളാണ് ബാധകമാവുക.
ഇൗസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി 2008ലെ കേരള കയർ തൊഴിലാളി ക്ഷേമ സെസ് ആക്ടിലെ നടപടിക്രമ ലംഘനങ്ങൾ, കുറ്റകൃത്യങ്ങൾ, പിഴ മുതലായവയിൽ നിലവിലെ വ്യവസ്ഥകൾക്കു പകരം പിഴ ശിക്ഷ ചുമത്തുന്നതിനും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുമുള്ളതാണ് മറ്റു ബില്ലുകൾ.
തിരുവനന്തപുരം: ശബരിമലയിലെ സ്വർണമോഷണ വിഷയത്തിൽ പ്രതിപക്ഷം തുടർച്ചയായി രണ്ടാം ദിവസം നിയമസഭ നടപടികൾ സ്തംഭിപ്പിച്ചു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന് ഉത്തരവിട്ട ഹൈകോടതിയുടെ ഗൗരവ പരാമർശങ്ങൾ ഉന്നയിച്ചും ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷം കടുത്ത പ്രതിഷേധമുയർത്തിയതോടെ ചോദ്യോത്തര വേള പാതിയിൽ റദ്ദാക്കിയ സ്പീക്കർ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ചു. പിരിയും മുൻപ്, ബുധനാഴ്ച മുതലെങ്കിലും സഭ നടപടികൾ തുടരാനുള്ള സഹകരണ അഭ്യർഥന സ്പീക്കർ മുന്നോട്ടുവെച്ചത് ഭരണപക്ഷം നേരിടുന്ന സമ്മർദ്ദം വെളിപ്പെടുത്തുന്നതായി.
ഹൈകോടതി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിപക്ഷം പിൻവാങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ഭരണപക്ഷമെങ്കിലും കാര്യങ്ങൾ നേരെ തിരിച്ചായിരുന്നു. ചോദ്യോത്തരവേള ആരംഭിച്ചത് മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. നടപടികളിലേക്ക് സ്പീക്കർ കടക്കും മുമ്പേ പ്രതിപക്ഷ നേതാവ് എഴുന്നേറ്റു. സ്വർണം പൊതിഞ്ഞ ദ്വാരപാലക ശില്പം വിറ്റെന്ന ഹൈകോടതി കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്നും ലക്ഷക്കണക്കിന് വിശ്വാസികളെ ദേവസ്വം ബോർഡ് വഞ്ചിച്ചുവെന്നും സതീശൻ തുറന്നടിച്ചു.
പിന്നാലെ പ്രതിപക്ഷം ബാനറുമായി സ്പീക്കറുടെ ഡയസിന് മുന്നിൽ നിലയുറപ്പിച്ചു. പ്രതിപക്ഷത്തെ നേരിടാൻ എഴുന്നേറ്റത് രണ്ട് മന്ത്രിമാരാണ്. നിയമസഭാ നടപടി തുടർച്ചയായി സ്തംഭിപ്പിക്കുന്നത് ഹൈകോടതിയെ പോലും അംഗീകരിക്കാൻ പ്രതിപക്ഷം തയാറല്ല എന്നതിന് തെളിവാണെന്ന് മന്ത്രി രാജീവ് പറഞ്ഞു. ഉന്നത നീതിപീഠത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടുവെന്നും കോടതിയെയും നിയമസഭയെയും ജനങ്ങളെയും അവർക്ക് ഭയമാണെന്നും എം.ബി രാജേഷും ആരോപിച്ചു. ബഹളം കനത്തതോടെ 20 മിനിട്ട് പിന്നിട്ടപ്പോഴേക്കും ചോദ്യോത്തര വേള സ്പീക്കർ നിർത്തിവെച്ചു.
9.57ന് വീണ്ടും സഭ ചേർന്നപ്പോഴും പ്രതിഷേധത്തിന് കുറവില്ലായിരുന്നു. ഇതോടെ ശ്രദ്ധ ക്ഷണിക്കലും സബ്മിഷനുമെല്ലാം നിർത്തി നിയമനിർമാണത്തിലേക്ക് സ്പീക്കർ കടന്നു. ഈ സമയത്താകട്ടെ, മലയാളം മാറി ഹിന്ദിയിലായി മുദ്രാവാക്യം. ബിൽ അവതരണ പ്രസംഗങ്ങളിൽ നിയമകാര്യം വിട്ട് പ്രതിപക്ഷത്തെ നേരിടുന്നതിലേക്ക് മന്ത്രിമാരായ കെ.എൻ ബാലഗോപാലും പി.രാജീവും വഴിമാറി. ബിൽ അവതരിപ്പിച്ചവരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മാത്രമായിരുന്നു ഇതിന് അപവാദം. പ്രതിപക്ഷ ബഹളത്തിനിടെ നാല് ബില്ലുകളും ധനവിനിയോഗ ബില്ലും ചർച്ചയില്ലാതെ പാസാക്കി 11.15ന് സഭ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.