ഫോർട്ട്കൊച്ചി-വൈപ്പിൻ ഭൂഗർഭ ടണൽ: നടപടി തുടങ്ങി

കൊച്ചി: ഫോർട്ട്കൊച്ചിയെ കടലിനടിയിലൂടെ വൈപ്പിനുമായി ബന്ധിപ്പിക്കുന്ന ഇരട്ടത്തുരങ്കപ്പാതയുടെ നിർമാണത്തിന് സംസ്ഥാന സർക്കാർ പ്രാരംഭനടപടി തുടങ്ങി. തിരുവനന്തപുരം-കാസർകോട് തീരദേശ ഹൈവേയുടെ ഭാഗമായ തുരങ്കപ്പാതയുടെ സാധ്യതാപഠന റിപ്പോർട്ട് കേരള റെയിൽ ഡെവലപ്മെന്‍റ് കോർപറേഷൻ (കെ-റെയിൽ) തയാറാക്കി പൊതുമരാമത്ത്, ഗതാഗത വകുപ്പുകൾക്ക് കൈമാറിയിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് താൽപര്യപത്രം ക്ഷണിക്കാൻ കെ-റെയിലിന് ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

സ്വകാര്യ പങ്കാളിത്തത്തോടെ ഡിസൈൻ-ബിൽഡ്-ഫിനാൻസ്-ഓപറേറ്റ്-ട്രാൻസ്ഫർ (ഡി.ബി.എഫ്.ഒ.ടി) മാതൃകയിലാകും കേരളത്തിലെ ആദ്യ അണ്ടർവാട്ടർ തുരങ്കപാത പദ്ധതി നടപ്പാക്കുക. 2672.25 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആവശ്യമായ സ്ഥലമേറ്റെടുക്കൽ പൂർത്തിയായാൽ നിർമാണപ്രവർത്തനങ്ങൾ രണ്ടര വർഷംകൊണ്ട് തീർക്കാനാണ് ലക്ഷ്യം. കപ്പൽചാലിന്‍റെ ഭാഗത്ത് കടൽപ്പാലം നിർമിക്കുന്നത് സാങ്കേതികമായും സാമ്പത്തികമായും അപ്രായോഗികമാണെന്ന് വിലയിരുത്തിയാണ് ഇരട്ടത്തുരങ്ക പാത എന്ന ആശയം സാധ്യതാപഠന റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളത്.

റോഡ് മാർഗം ബന്ധിപ്പിക്കുമ്പോൾ 16 കി.മീ ദൂരം വരുമെങ്കിൽ തുരങ്കപ്പാത വഴിയാകുമ്പോൾ ഇത് അപ്രോച്ച് റോഡുകൾ ഉൾപ്പെടെ രണ്ടര-മൂന്ന് കി.മീറ്ററായി ചുരുങ്ങും.

Tags:    
News Summary - Fort Kochi-Vypin underground tunnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.