കൊച്ചി: വന്ദേഭാരത് എക്സ്‍പ്രസ് ഉദ്ഘാടന യാത്രയിൽ ആർ.എസ്.എസ് ഗണഗീതം പാടിയ സ്കൂൾ വിദ്യാർഥികൾക്ക് ആശംസ നേർന്ന് കോൺഗ്രസ് നേതാവ്. യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് എൻ.എസ് നുസൂർ ആണ് ഫേസ് ബുക് കുറിപ്പിലൂടെ ഗണഗീതത്തെ പ്രശംസിച്ചും, വിദ്യാർഥികൾക്ക് ആശംസ നേർന്നും രംഗത്തെത്തിയത്.
ആർ.എസ്.എസ് ഗണഗീതം മനോഹരമായ ഗാനമാണെന്നും, ഒരിക്കലും ഒരു വിവാദ ഗാനമല്ലെന്നും അദ്ദേഹം കുറിച്ചു.
ശനിയാഴ്ച രാവിലെ നടന്ന വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിലായിരുന്നു വിദ്യാർഥികളെ കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിച്ച് ദക്ഷിണ റെയിൽവേ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വിദ്യഭ്യാസ മന്ത്രി വി. ശിവൻ കുട്ടി ഉൾപ്പെടെ രംഗത്തു വന്നിരുന്നു.
ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ രൂക്ഷ വിമർശനമുയരുന്നതിനിടെയാണ് കോൺഗ്രസ് നേതാവിൽ നിന്ന് വ്യത്യസ്തമായ പ്രതികരണം.
‘എന്ത് മനോഹരമായാണ് കുട്ടികൾ ഈ ഗാനം പാടിയത്. അത് ഒരിക്കലും ഒരു വിവാദഗാനം അല്ല. വർഷങ്ങൾക്ക് മുൻപ് ഞാനും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പുകളിൽ ഈ ഗാനം പാടിയിരുന്നു. ഇന്നും അത് തുടർന്ന് വരുന്നുമുണ്ട്. പിന്നെന്തിനാണ് ഈ ഗാനം ആർ.എസ്.എസിന് തീറെഴുതുന്നത്. അവർ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി എല്ലാപേരും മാറ്റിയെ തീരൂ.. ഗാനം ആലപിച്ച കൂട്ടുകാർക്ക് ആശംസകൾ നേരുന്നു..’
യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് കൂടിയായ എൻ.എസ് നുസൂറിന്റെ പോസ്റ്റിനു താഴെ കടുത്ത വിമർശനവും ഉയർന്നു തുടങ്ങി. യൂത്ത് കോൺഗ്രസിന്റെ രാഷ്ട്രീയ ബോധമാണ് ഇതെന്നത് ഉൾപ്പെടെ കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
അതിനിടെ, വിദ്യാർഥികളെ കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് നിർദേശം നൽകിയത്.
സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും സംഭവം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.