രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: രാജ്യത്ത് ക്രൈസ്തവർക്ക് നേരെ ആക്രമണം വ്യാപിക്കുന്നതിനിടെ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ആക്രമണം നടത്തുന്നവർക്ക് വട്ടാണെന്നും അത്തരം അതിക്രമങ്ങളിൽ ബിജെപിക്ക് ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം പറഞ്ഞു. 1.4 ബില്യൺ ഇന്ത്യക്കാരിൽ ചിലർ തെറ്റെല്ലാം ചെയ്യുമെന്നും അതെല്ലാം ഞങ്ങളുടെ തലയിൽ വെച്ച് കെട്ടിവെക്കുന്ന പൊളിറ്റിക്സാണ് കോൺഗ്രസും സിപിഎമ്മും ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ രാഷ്ട്രീയ അവസരമാക്കി മാറ്റാതെ കേസ് ഫയൽ ചെയ്യണം.മെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
‘1.4 ബില്യൺ ഇന്ത്യക്കാർ ഉള്ള ഈ രാജ്യത്തിൽ ചില കാര്യങ്ങളെല്ലാം നടക്കും. ചില വട്ടുള്ള ആൾക്കാർ ഉണ്ടാകും. ചിലർ തെറ്റെല്ലാം ചെയ്യും. അതെല്ലാം ഞങ്ങളുടെ തലയിൽ വെച്ച് കെട്ടിവെക്കുന്ന ഒരു പൊളിറ്റിക്സാണ് കോൺഗ്രസും സിപിഎമ്മും ചെയ്യുന്നത്. ഇനിയിപ്പോ ആരെങ്കിലും ഭരണഘടനക്ക് എതിരെ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കണം. അതല്ലേ ഫാക്ട്? അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിനെ വിവാദമാക്കുകയോ പൊളിറ്റിക്കൽ അവസരമാക്കി മാറ്റുകയോ അല്ല ചെയ്യേണ്ടത്. അവർക്കെതിരെ കേസ് ഫയൽ ചെയ്യണം’ -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജ്യവ്യാപകമായി ക്രിസ്ത്യാനികൾക്ക് നേരെ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ്ദളിന്റെയും നേതൃത്വത്തിൽ നിരവധി അക്രമപരമ്പരകളാണ് അരങ്ങേറിയത്. ക്രിസ്മസ് രാവിലും സംഘ്പരിവാർ അനുകൂലികളുടെ ആക്രമണം തുടർന്നു. ഡൽഹിയിലെ ലജ്പത് നഗറിൽ ക്രിസ്മസ് ആഘോഷത്തിനിടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസികളെ സംഘ്പരിവാർ സംഘടനയായ വി.എച്ച്.പിയുടെ യുവജനവിഭാഗമായ ബജ്രംഗ്ദൾ സംഘം അധിക്ഷേപിച്ചു. ആഘോഷം തടഞ്ഞ് തെരുവിൽനിന്ന് ഇവരെ ആട്ടിയോടിച്ചു.
നൽബാരിയിലെ പാനിഗാവിലുള്ള സെന്റ് മേരീസ് സ്കൂളിൽ അതിക്രമിച്ച് കയറിയ വിശ്വ ഹിന്ദു പരിഷത്, ബജ്‌റംഗ്ദൾ സംഘം ജയ് ശ്രീ റാം മുഴക്കി ക്രിസ്മസ് അപ്പൂപ്പനടക്കമുള്ള അലങ്കാരങ്ങൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂർ മാഗ്നെറ്റോ മാളിൽ ബജ്‌റംഗ്ദൾ നേതൃത്വത്തിൽ 30അംഗ സംഘം ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിച്ചു.
ഡൽഹിയിലെ ലജ്പത് നഗറിൽ സാന്താക്ലോസ് തൊപ്പികൾ ധരിച്ച് ക്രിസ്മസ് ആഘോഷിക്കുന്ന വിശ്വാസികളെ, മതപരിവർത്തനം നടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് ഇവർ അധിക്ഷേപിച്ചത്. "നിങ്ങളുടെ സ്വന്തം വീടുകളിൽ ആഘോഷിക്കൂ" എന്ന് ആക്രോശിച്ചാണ് ബജ്രംഗ്ദൾ പ്രവർത്തകർ ആഘോഷം തടഞ്ഞത്.
ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള സംഘ്പരിവാർ ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ക്ലീമിസ് കത്തോലിക്ക ബാവ രംഗത്തെത്തിയിരുന്നു. ജീവനെടുക്കാനും മർദിക്കാനും ഭയപ്പെടുത്താനും അവർക്ക് കഴിയും, ചേർത്തുനിർത്താനും ധൈര്യപ്പെടാനുമാണ് നമുക്ക് കഴിയേണ്ടതെന്ന് ക്ലീമിസ് ബാവ പറഞ്ഞു.
കരോൾ സംഘങ്ങളെ ആക്രമിക്കുന്ന പ്രതികൂല സാഹചര്യങ്ങൾ ദേശത്ത് വർധിച്ച് വരികയാണ്. രാജ്യത്തും ലോകത്തും ഇത്തരം അക്രമങ്ങൾ വർധിക്കുന്നു. ക്രിസ്മസ് ദിനത്തിൻറെ പ്രാധാന്യവും തകർത്തു കളയാൻ അനേകർ ശ്രമിക്കുകയാണ്. അതിൻറെ പൊലിമ കളയാൻ മറ്റ് ആഘോഷങ്ങൾ പ്രഖ്യാപിക്കുന്നു. യേശുവിൻറെ നാമം ഭൂമിയിൽ നിന്ന് എടുത്തുമാറ്റാൻ ദൈവത്തിനല്ലാതെ മറ്റാർക്കും കഴിയില്ല. ഭരണാധികാരികൾക്ക് വേണ്ടി പ്രാർഥിക്കാമെന്നും ദൈവഭയത്തോടും നന്മയോടും കൂടി ജനങ്ങളെ നയിക്കാൻ കഴിയേണമേ എന്നും പ്രാർത്ഥിക്കാമെന്നും ക്ലീമിസ് കത്തോലിക്കാ ബാവ പറഞ്ഞു.
ക്രൈസ്തവ വിശ്വാസികൾക്കെതിരെയുള്ള ആക്രമണം വർധിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും പറഞ്ഞു. ക്രിസ്മസ് സന്ദേശത്തിലൂടെയാണ് വിമർശനം. ആക്രമണങ്ങൾ തടയുന്നതിൽ കേന്ദ്ര സർക്കാർ ഇടപെടൽ ഉണ്ടാകാത്തത് പ്രതിഷേധാർഹമെന്ന് സി.എസ്.ഐ സഭ ബിഷപ്പ് മലയിൽ സാബു കോശി ചെറിയാനും പ്രതികരിച്ചു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം ക്രിസ്മസ് ദിനത്തിന്റെ പ്രാധാന്യം തകർത്തുകളയാൻ ശ്രമിക്കുന്നതായാണ് ക്രൈസ്തവ സഭകളുടെ വിമർശനം.
ഇത്തരം അക്രമണങ്ങൾ അപലനീയമെന്ന് സിഎസ്‌ഐ സഭ ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ പ്രതികരിച്ചപ്പോൾ എല്ലാ മതങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ടെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.