കൊല്ലം: എ.കെ. ആൻറണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന ശിവഗിരി, മുത്തങ്ങ പൊലീസ് നടപടികൾ നിയമസഭയിലടക്കം വീണ്ടും വിഷയമാകുമ്പോൾ അന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്ന കോൺഗ്രസ് നേതാവ് കൂടിയായ കെ. ഗോപിനാഥന്റെ ആത്മകഥയിലെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു.
ശിവഗിരിയിലെ പൊലീസ് നടപടിയിൽ ആന്റണി തന്നെ ചതിച്ചുവെന്നാണ് കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഗോപിനാഥന്റെ ‘ഞാൻ, എന്റെ ജീവിതം’ എന്ന ആത്മകഥയിലെ പരാമർശം. ആന്റണി സ്വന്തമായി കൈക്കൊണ്ട തീരുമാനമായിട്ടും അതിന്റെ പഴി കേൾക്കേണ്ടിവന്നത് തനിക്കാണെന്നും അദ്ദേഹം പറയുന്നു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗമായിരുന്ന ഗോപിനാഥൻ 1987ൽ കായംകുളം നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു.
‘ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റിൽ, സ്വാമി പ്രകാശാനന്ദ, സ്വാമി ശാശ്വതീകാനന്ദ വിഭാഗങ്ങൾ തമ്മിലെ തർക്കത്തെത്തുടർന്ന് അധികാരകൈമാറ്റം നടപ്പാക്കാനായിരുന്നു 1995 ഒക്ടോബർ 11ലെ പൊലീസ് നടപടി.
തെരഞ്ഞെടുപ്പിൽ പ്രകാശാനന്ദ വിഭാഗം വിജയിച്ചെങ്കിലും പ്രസിഡന്റായിരുന്ന ശാശ്വതീകാനന്ദ അധികാരം കൈമാറാൻ തയാറായില്ല. ശാശ്വതീകാനന്ദക്കനുകൂലമായി അബ്ദുന്നാസർ മഅ്ദനിയുടെ നേതൃത്വത്തിൽ പി.ഡി.പി വളന്റിയർമാർ ശിവഗിരിയിൽ എത്തിയതും വിവാദം സൃഷ്ടിച്ചു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ ശാശ്വതീകാനന്ദയുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടുവെന്നും ഏത് സാഹചര്യത്തിലായാലും ശിവഗിരിയിൽ പൊലീസ് നടപടി ഉണ്ടാവരുതെന്നാണ് യോഗം കൗൺസിലിന്റെ നിലപാടെന്നും മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ, ശേഷം ഡൽഹിയിലേക്ക് പോയ ആന്റണി അവിടെ വെച്ച് പൊലീസ് നടപടിക്ക് നിർദേശം നൽകുകയായിരുന്നു.
കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ശിവഗിരിയിൽ പൊലീസ് നടപടിയോ തുടർ സംഭവങ്ങളോ ഉണ്ടാകുമായിരുന്നില്ലെന്നും ഗോപിനാഥൻ പറയുന്നു. വർഷങ്ങൾക്കുശേഷം ശിവഗിരിയിലെത്തിയ ആന്റണി പൊലീസ് നടപടിയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.