സാംസ്കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ

പുളിക്കല്‍ (മലപ്പുറം): ജനവാസ മേഖലയിലെ വ്യവസായ സ്ഥാപനത്തിനെതിരെ നിരന്തരം നിയമപോരാട്ടം നടത്തി പ്രതീക്ഷ കൈവിട്ട പൊതുപ്രവർത്തകൻ അനുകൂല നടപടിയെടുക്കാത്ത പഞ്ചായത്ത്​ ഓഫിസിൽ ജീവനൊടുക്കി. കൊണ്ടോട്ടി മാപ്പിളകല അക്കാദമി മുന്‍ സെക്രട്ടറിയും പുളിക്കൽ കൊട്ടപ്പുറം സ്വദേശിയുമായ റസാഖ് പയ​മ്പ്രോട്ടിനെയാണ് (57) പുളിക്കല്‍ പഞ്ചായത്ത് ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്​.

നിയമപോരാട്ടം നടത്തിയ രേഖകൾ കഴുത്തിൽ തൂക്കിയ നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച രാവിലെ എട്ടിന് ഓഫിസിലെത്തിയ ജീവനക്കാരനാണ്​ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്​​. പഞ്ചായത്ത് ഓഫിസിന്‍റെ പ്രധാന കെട്ടിടത്തിനും കുടുംബശ്രീ ഓഫിസിനും ഇടയിലുള്ള ഭാഗത്തായിരുന്നു മൃതദേഹം​.

2016 മുതല്‍ 2022 വരെ കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കല അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെ റസാഖ് പയ​മ്പ്രോട്ട് ജോലി രാജിവെച്ചു. പിന്നീട് പ്രാദേശിക മാധ്യമപ്രവര്‍ത്തകനായി പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനിടെ ജന്മദേശമായ കൊണ്ടോട്ടി പുളിക്കൽ കൊട്ടപ്പുറത്ത്​ പ്രവര്‍ത്തിച്ചുവരുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ നിയമപരമായും ജനകീയമായുമുള്ള സമരങ്ങളില്‍ സജീവമായി.

തന്റെ സഹോദരന്‍ അഹമ്മദ് ബഷീര്‍ ‘ഇന്‍ഡസ്ട്രിയല്‍ ലങ് കാന്‍സര്‍’ ബാധിച്ച് മരിച്ചത് ജനവാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണെന്ന് റസാഖും കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു. സി.പി.എം നേതൃത്വത്തിൽ എൽ.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തും സര്‍ക്കാറും ജനകീയാരോഗ്യ സുരക്ഷയില്‍ തുടരുന്ന അനാസ്ഥക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് റാസാഖിന്റെ മരണം.

പരിസ്ഥിതി മലിനീകരണത്തിന് കൂട്ടുനില്‍ക്കുന്ന ഭരണകൂട വ്യവസ്ഥിതിക്കെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നാവശ്യപ്പെട്ട് മാധ്യമങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നതിനൊമൊപ്പമായിരുന്നു റസാഖിന്റെ നിയമ പോരാട്ടങ്ങളും. ഇടതു സഹയാത്രികനായി പ്രവര്‍ത്തിച്ചുവന്ന റസാഖ്, വൈദ്യര്‍ അക്കാദമിയിലും പൊതുരംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും ഇടപെടലുകളുമാണ് നടത്തിയത്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. അരിമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക ശ്രീജയാണ് ഭാര്യ. മക്കളില്ല. പിതാവ്​: പയമ്പ്രോട്ട് മുഹമ്മദലി മാസ്റ്റർ. മാതാവ്: ഉണ്ണീരിക്കുട്ടി. സഹോദരങ്ങള്‍: അബ്ദുല്‍ വഹാബ്, ജമീല, സുഹ്‌റ, തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ ഭാര്യ ഖമറുന്നീസ, ഹസീന, പരേതരായ മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് ബഷീര്‍.

Tags:    
News Summary - Former secretary of Mapila Kala Academy, Razak Payambrote hanged on Panchayat office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.