കെ.ബി. ഗണേഷ് കുമാർ 

പത്തനാപുരത്ത് യു.ഡി.എഫ്- ബി.ജെ.പി ഡീൽ, വോട്ട് മറിച്ചു; ആരോപണവുമായി ഗണേഷ് കുമാർ

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനാപുരത്തെ എൽ.ഡി.എഫിന്റെ തോൽവിക്കു കാരണം യു.ഡി.എഫ് - ബി.ജെ.പിയുമായി ഡീലുണ്ടാക്കിയതാണെന്ന ആരോപണവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പി. വോട്ടുകൾ യു.ഡി.എഫിന് മറിച്ചുവെന്നാണ് കെ.ബി. ഗണേഷ്‌കുമാർ പ്രധാനമായും ഉന്നയിക്കുന്ന ആരോപണം.

2016ൽ ബി.ജെ.പി സ്ഥാനാർഥി ഭീമൻ രഘുവിന് ലഭിച്ച 11,700 വോട്ട്, 2021ൽ ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ച 12,398 വോട്ടിനേക്കാൾ കുറഞ്ഞ വോട്ട് വിഹിതമാണ് 2026ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചത്. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിൽ നിന്ന് മാത്രം ലഭിച്ചത് 23,000 വോട്ടുകളാണ്. പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വന്റി ട്വന്റിക്ക് സീറ്റ് നൽകിയതും കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പി.യുടെ വോട്ടുനില കുറഞ്ഞതും യു.ഡി.എഫ് - ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്നാണ് ഗണേഷ് കുമാർ ആരോപിക്കുന്നത്.

ബി.ജെ.പി. ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തെത്തിയത് എൽ.ഡി.എഫ് ആണെന്നും വളരെ കുറഞ്ഞ വോട്ടിനാണ് ഇവിടങ്ങളിലെ ജയമെന്നും അദ്ദേഹം പറഞ്ഞു. മൂന്നിടത്തും കോൺഗ്രസ് മൂന്നാമതാണ്. ആ സ്ഥലങ്ങളിൽ കഴിഞ്ഞ പാർലമെന്റ്- തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകൾ പോലും കോൺഗ്രസിന് ലഭിച്ചില്ല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ഡീലുകൾ ഉണ്ടായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ അട്ടിമറി ജയം എൽ.ഡി.എഫ് ക്യാമ്പുകളെ ഉണർന്നു പ്രവർത്തിക്കാൻ പ്രേരിപ്പിച്ചെങ്കിലും എല്ലാ പഞ്ചായത്തുകളും ഗണേഷ്‌കുമാറിനെ കൈയൊഴിഞ്ഞു. പട്ടാഴിയിൽ 973 ഉം, പട്ടാഴി വടക്കേക്കരയിൽ 702 ഉം, പത്തനാപുരത്ത് 521 ഉം, തലവൂരിൽ 845 ഉം, പിറവന്തൂരിൽ 1124 ഉം, വിളക്കുടിയിൽ 1081 ഉം, മേലിലയിൽ 2197 ഉം, വെട്ടിക്കവലയിൽ 455 വോട്ടും ജ്യോതികുമാർ ചാമക്കാല ലീഡ് നേടി. ഇതിൽ വിളക്കുടി, വെട്ടിക്കവല പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ആണ് അധികാരത്തിലുള്ളത്. എന്നാൽ, എൽ.ഡി.എഫ് ലീഡ് പ്രതീക്ഷിച്ച വിളക്കുടി, വെട്ടിക്കവല, പത്തനാപുരം, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളും ഗണേഷ്‌കുമാറിനെ കൈവിട്ട കാഴ്ചയാണ് കണ്ടത്.

സി.പി.എമ്മിന്റെ കുത്തക മേഖലകളിലും ഗണേഷ്‌കുമാറിന് കനത്ത തിരിച്ചടി നേരിട്ടു. പിറവന്തൂർ, പത്തനാപുരം, വിളക്കുടി, വെട്ടിക്കവല പഞ്ചായത്തുകൾ ഇതിന് ഉദാഹരണമാണ്. കേരള കോൺഗ്രസ് ബി മുൻ സംസ്ഥാന വൈസ് ചെയർമാൻ കരിക്കത്തിൽ തങ്കപ്പൻ പിള്ളയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് വലിയ തിരിച്ചടിയുണ്ടാക്കി. എൻ.എസ്.എസ് താലൂക്ക് ഭരണ സമിതി അംഗം വേണുകുമാറിനെ ഒരു സംഘം കേരള കോൺഗ്രസ് ബി പ്രവർത്തകർ പട്ടാഴി ക്ഷേത്ര പരിസരത്ത് നിന്നും ക്രൂരമായി മർദിച്ചതും പട്ടാഴി, വടക്കേക്കര പഞ്ചായത്തുകളിൽ തിരിച്ചടിയായി. ഉമ്മൻ ചാണ്ടിക്കെതിരെ ഉണ്ടായ സോളാർ ഗൂഡാലോചന കേസും മുന്നണി നേതൃത്വവുമായി ആലോചിക്കാത്ത ചില ഒറ്റയാൻ നീക്കങ്ങളും ഗണേഷ് കുമാറിന് തിരിച്ചടിയായി. കേരള കോൺഗ്രസ് ബി ക്കുള്ളിൽ തന്നെ വിമത സ്വരം ഉണ്ടായിരുന്നു.

Tags:    
News Summary - Former Minister K.B. Ganesh Kumar alleged BJP changed its vote for UDF in Pathanapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.