കാഴ്ചക്കാരിയുടെ റോളിൽ മുൻ മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരുന്നതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കാഴ്ചക്കാരിയുടെ റോളിൽ മുൻ മേയർ ആര്യ രാജേന്ദ്രൻ. ഇന്നലെ സി.പി.എം പൂജപ്പുരയിൽ നടത്തിയ പൊതുയോഗത്തിലാണ് ആര്യയെ കാഴ്ചക്കാരിയുടെ റോളിൽ കണ്ടത്. സി.പി.എമ്മിന്റെ മുന്നണി നേതാക്കളിൽ പലരും വേദിയിൽ എത്തിയിരുന്നു. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ.

നേതാക്കൾ പലരും വേദിയിലെത്തി കസേരകളിൽ ഇരിപ്പുറപ്പിച്ചപ്പോൾ ഒരുഭാഗത്തേക്ക് മാറി നിൽക്കുകയായിരുന്നു ആര്യ. എം.എ. ബേബിയുടെ പ്രസംഗം ഒന്നരമണിക്കൂറോളം നീണ്ടപ്പോഴും മാറി നിന്ന് വീക്ഷിക്കുയായിരുന്നു. നേമം സ്ഥാനാർഥി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിൽനിന്ന് ഇറങ്ങും മുമ്പുതന്നെ ആര്യ മടങ്ങുകയും ചെയ്തു.

ആര്യ മേയറായിരുന്നപ്പോഴുണ്ടായ ഭരണത്തിലെ പിഴവുകളാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഈ പിഴവുകൾ ബി.ജെ.പി ഭരണം പിടിച്ചെടുക്കുന്നതിന് കൂടുതൽ സഹായകരമായി എന്നുള്ള ആരോപണം പാർട്ടിക്കുള്ളിൽനിന്നും ശക്തമായതിനെ തുടർന്നാണ് നിയമസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കാതിരുന്നത്. സി.പി.എമ്മിന്റെ പൊതുപരിപാടികളിൽനിന്നും പാർട്ടി ആര്യയെ ഒഴിവാക്കി നിർത്തുന്നുണ്ട്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായാണ് തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ.

ആര്യ തിരുവനന്തപുരം ജില്ല കമ്മിറ്റിയംഗമെന്ന നിലയിൽ അവിടെയാണ് പ്രവർത്തിക്കുന്നതെന്നും അവിടുത്തെ പാർട്ടി ചുമതലപ്പെടുത്തിയത് പ്രകാരം അവിടെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നുമാണ് സച്ചിൻദേവിന്റെ പ്രചാരണത്തിന് എത്തുമോയെന്ന ചോദ്യത്തിന് ഭർത്താവും ബാലുശേരി സ്ഥാനാർഥിയുമായ സച്ചിൻദേവ് മറുപടി നൽകിയത്.

തദ്ദേശ തെരഞ്ഞെടപ്പിൽ കനത്ത പരാജയത്തിന് പിന്നാലെ കൗൺസിൽ അംഗവും ആര്യക്കെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്നു. കൗൺസിലിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രിയായിരുന്നു വിമർശനം ഉന്നയിച്ചത്. ഏത് തിരിച്ചടിയിലും ഇടതുപക്ഷത്തെ ചേർത്തുപിടിച്ച കോർപറേഷനാണ് തിരുവനന്തപുരം. കോർപറേഷൻ എന്നത് ജനങ്ങളോട് അടുത്ത് നിൽക്കുന്ന സംവിധാനമാണ്. ജനങ്ങളോട് ഇഴുകി ചേർന്ന് പ്രവർത്തിക്കണം. ആ ജനകീയതാണ് എൽ.ഡി.എഫിനെ മുന്നോട്ട് നയിച്ചത്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയതെന്നും ഗായത്രി ഫേസ്ബുക്കിൽ കുറിച്ചത്.

പാർട്ടിയേക്കാൾ വലുതാണെന്ന ഭാവവും അധികാരപരവുമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള വിനയവും കാണിച്ചു. ഓഫിസ് സമയം പുറത്ത് വന്നിരിക്കുന്ന ജനത്തെ കാണാൻ കൂട്ടാക്കിയിരുന്നെങ്കിൽ ഇത്രയും തിരിച്ചടി ഉണ്ടാകില്ലെയിരുന്നവെന്നും ഗായത്രി ബാബു ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

Tags:    
News Summary - Former Mayor Arya Rajendran plays the role of a spectator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.