എ.വി. ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം 

നവകേരള സദസ്സിൽ പങ്കെടുത്ത മുൻ ഡി.സി.സി പ്രസിഡന്‍റ് എ.വി. ഗോപിനാഥിന് സസ്പെൻഷൻ

പാലക്കാട്: നവകേരള സദസ്സിൽ പങ്കെടുത്ത പാലക്കാട് ഡി.സി.സി മുൻ പ്രസിഡന്‍റ് എ.വി. ഗോപിനാഥിനെ സസ്പെൻഡ് ചെയ്തു. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗവും മുൻ എം.എൽ.എയും കൂടിയാണ് എ.വി. ഗോപിനാഥ്. നവകേരള സദസ്സിൽ പങ്കെടുത്ത ഇദ്ദേഹം മുഖ്യമന്ത്രിയെയും ഇടത് സർക്കാറിനെയും പുകഴ്ത്തുകയും ചെയ്തിരുന്നു.

നവകേരള സദസ്സിനെ ബഹിഷ്കരിച്ച് നേരത്തെ യു.ഡി.എഫ് തീരുമാനമെടുത്തിരുന്നു. സദസ്സിൽ പങ്കെടുക്കുന്ന നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. എ.വി. ഗോപിനാഥ് സദസ്സിൽ പങ്കെടുക്കുന്നത് തടയാൻ കോൺഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും ശനിയാഴ്ച പാലക്കാട് രാമനാഥപുരത്തെ ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാതയോഗത്തിൽ അദ്ദേഹം പങ്കെടുക്കുകയായിരുന്നു.

ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രി കാണിച്ച ഏറ്റവും തന്‍റേടമുള്ള നടപടിയെന്നാണ് നവകേരള സദസ്സിനെ എ.വി. ഗോപിനാഥ് വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വികസനപരിപാടികൾക്ക് പിന്തുണയുണ്ടെന്നും തന്‍റെ രാഷ്ട്രീയ നിലപാട് പാർലമെന്‍റ് തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തമാക്കുമെന്നും ഗോപിനാഥ് പറഞ്ഞിരുന്നു.

ഏറെക്കാലമായി കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുകയാണ് ഗോപിനാഥ്. 2021ലെ ഡി.സി.സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം പാർട്ടിയുമായി അകന്നത്. 

Tags:    
News Summary - former dcc president av goopinath suspended from congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.