ലോക്കൽ സെക്രട്ടറിയുടെ ​കൊലപാതകം: സി.പി.എം നേതൃത്വത്തിന് മുൻപിൽ ചോദ്യങ്ങളുമായി മുൻ നേതാവ്

കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ സി.പി.എം ലോക്കൽ സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എം നേതൃത്വത്തിന് മുൻപിൽ ചോദ്യങ്ങളുമായി മുൻ നേതാവ്. കൊയിലാണ്ടി സെ​ൻട്രൽ ലോക്കൽ സെക്രട്ടറി സെക്രട്ടറി പി.വി. സത്യനാഥ് ഫെബ്രുവരി 23നാണ് കൊല്ല​പ്പെട്ടത്. ഈ വിഷയത്തിൽ സി.പി.എം നേതൃത്വത്തിനോട് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് മുൻ നേതാവ് എൻ.വി. ബാലകൃഷ്ണൻ ചോദ്യങ്ങൾ ഉന്നയിക്കുന്നത്.

കഴിഞ്ഞ ദിവസം ​കെ.കെ. രമ എം.എൽ.എ പി.വി. സത്യനാഥി​െൻറ വീട്ടിൽ സന്ദർശിച്ച വേളയിൽ എൻ.വി. ബാലകൃഷ്ണൻ സ്ഥലത്തുണ്ടായിരുന്നു. ഇതിനെ വിമർശിച്ച് കൊണ്ട് സി.പി.എം ഏരിയ ​സെക്രട്ടറി ഇറക്കിയ വാർത്താകുറിപ്പിനുളള മറുപടിയിലാണ് നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നത്.

കുറിപ്പ് പൂർണരൂപത്തിൽ

1.

മലയാളത്തിലൊരു ചൊല്ലുണ്ട്;

‘അരിയും തിന്ന് ആളേയും കടിച്ച്

എന്നിട്ടും നായക്ക് മുറുമുറുപ്പ്‘

ഈ ചൊല്ല് ഓർമ്മിപ്പിക്കുന്നുണ്ട്,

ഇന്നലെ സി പി ഐ(എം) കൊയിലാണ്ടി

ഏരിയാ സെക്രട്ടറിയുടേതായി

പാർട്ടിപ്പത്രത്തിലും ചില സോഷ്യൽ

മീഡിയാ പ്ലാറ്റ്ഫോമുകളിലും

വന്ന പ്രസ്താവന.

2.

എൻ്റെ പ്രിയ

സുഹൃത്തുക്കളിലൊരാളും

സഖാവുമായിരുന്ന,

സി പി എം സെൻട്രൽ

ലോക്കൽ സെക്രട്ടറി

പി വി സത്യനാഥൻ്റെ കൊലപാതകം,

ഒരു നാടിനെയാകെ ഞെട്ടിച്ച

സംഭവമാണല്ലോ.

ആഴ്ച ഒന്ന് കഴിഞ്ഞെങ്കിലും

മനസ്സും ശരീരവും

യാഥാർത്ഥ്യത്തോട്

പൊരുത്തപ്പെടാൻ സന്നദ്ധമാകുന്നില്ല.

അന്നു മുതൽ ഇന്നുവരെ

ആ കുടുബത്തോടും

സഖാക്കളോടും കഴിയാവുന്നിടത്തോളം

ചേർന്നുനിൽക്കാൻ പരിശ്രമിച്ച

ഒരാളാണ് ഞാൻ.

3.

കെ കെ രമ എം എൽ എ

സത്യനാഥൻ്റെ

വീടുസന്ദർശിച്ചതുമായി ബന്ധപ്പെട്ട്

എന്നെക്കൂടി പരാമർശിച്ചുകൊണ്ട്

സി പി എം ഏരിയാ സെക്രട്ടറി

നടത്തിയ പ്രസ്താവന

പാർട്ടിപ്പത്രത്തിലും

ചില സോഷ്യൽ മീഡിയാ

ഹാൻ്റിലുകളിലും വായിക്കാനിടയായി.

അതിൽ എന്നെക്കുറിച്ചുള്ള

പരാമർശങ്ങൾ

സമ്പൂർണ്ണ നുണയാണ്

എന്ന് ആദ്യമേ ഉറപ്പിച്ച് പറയുന്നു.

പാർട്ടി സഖാവായ ഒരാളുടെ

രക്തസാക്ഷിത്വത്തിൻ്റെ

മുഖത്തു വെച്ചും

എന്നെ ടാർജറ്റ് ചെയ്യുന്നതിനുള്ള

വില കുറഞ്ഞ അപവാദപ്രചാരണം

എന്തുദ്ദേശം വെച്ചാണ്

എന്ന് പാർട്ടി സെക്രട്ടറി വ്യക്തമാക്കണം.

4.

കെ കെ രമ, എം എൽ എ യെക്കുറിച്ച്

നടത്തിയ അപവാദങ്ങൾക്ക്

അവർ മറുപടി പറയട്ടെ;

അതെൻ്റെ വിഷയമല്ല.

“പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് പുറത്താക്കപ്പെട്ടയാളാൾക്കൊപ്പമാണ്

കെ കെ രമ സത്യനാഥൻ്റെ വീട്ടിലെത്തിയത്.

ഒപ്പമുണ്ടായിരുന്ന സി പി എം വിരുദ്ധൻ്റെ

താല്പര്യത്തിനനുസരിച്ച് മാധ്യമങ്ങൾക്ക്

നൽകിയ കുറിപ്പിലും കുടുംബത്തെ

അപമാനിക്കാനാണ് ശ്രമിച്ചത്”

ഈ പരാമർശങ്ങൾ എന്നെക്കുറിച്ചാണല്ലോ

5.

ഞാൻ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടയാളല്ല.

അംഗത്വം പുതുക്കാതെ സ്വമേധയാ

പുറത്തുകടന്ന പലരിൽപ്പെട്ട ഒരാളാണ്.

എന്നെ പാർട്ടി പുറത്താക്കി എന്നവകാശപ്പെടുന്ന

ഏരിയാ സെക്രട്ടറി,

എന്നാണ്, എപ്പോഴാണ്, എന്തിനാണ്

എന്നെ പുറത്താക്കിയത് എന്ന് വ്യക്തമാക്കണം.

എങ്കിൽ ചില കാര്യങ്ങൾ എനിക്കും വ്യക്തമാക്കാനുണ്ട്.

6.

എനിക്കൊപ്പമല്ല എം എൽ എ

ആ വീട്ടിലെത്തിയത്.

അവർ കോഴിക്കോട് നിന്നോ മറ്റോ

അവരുടെ വാഹനത്തിലെത്തിയതാണ്.

ഞാൻ എൻ്റെ വീട്ടിൽ നിന്ന് സ്കൂട്ടറിൽ

പതിവുപോലെ ആ വീട്ടിൽ എത്തിയതാണ്.

പ്രസ്സ് ക്ലബ്ബിൽ നിന്ന് വിളിച്ചറിയിച്ചതനുസരിച്ച്,

ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ

വാർത്ത റിപ്പോർട്ട് ചെയ്യുക എന്ന

എൻ്റെ തൊഴിൽ ചെയ്യാനാണ്

ആ വീട്ടിലെത്തിയത്.

ഞാൻ മാത്രമല്ല വേറെയും

കുറേ പത്രപ്രവർത്തകർ

അവിടെ അപ്പോഴുണ്ടായിരുന്നു.

എന്നെ തൊഴിൽ ചെയ്ത് ജീവിക്കാനും

അനുവദിക്കില്ല എന്നാണോ?

7.

എൻ്റെ സുഹൃത്തും സഖാവുമായിരുന്ന

ടി പി ചന്ദ്രശേഖരൻ്റെ ജീവിത പങ്കാളി

എന്ന നിലയിൽ എനിക്കവരുമായി

നല്ല സൗഹൃദമുണ്ട്.

മാധ്യമ പ്രവർത്തകരിൽ ചിലർ

ഈ കൊലപാതകവുമായി ബന്ധപ്പെട്ട്

കുറേയധികം കാര്യങ്ങൾ അവരോട് ചോദിച്ചു.

അവരുടെ നിലപാട് അവർ വ്യക്തമാക്കി.

ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകർ

(ഞാനല്ല) അതൊരു വാർത്തയാക്കി തയാറാക്കി

അവരുടെ പി എയുടെ അനുമതിയോടെ

വാർത്തയാക്കി.

ഈ സംഭവത്തിൽ

എന്നെ ടാർജറ്റ് ചെയ്യുന്നതിൻ്റെ

ഉദ്ദേശം എന്താണ്?

8.

ടി പി ചന്ദ്രശേഖരൻ കൊല ചെയ്യപ്പെട്ട ശേഷം

കേരളത്തിൽ ഉണ്ടായ

എല്ലാ രാഷ്ട്രീയ കൊലകളിലും

വിധവകളാക്കപ്പെട്ടവരെ,

അനാഥരായ മക്കളെ,

നേരിൽ കണ്ട് ആശ്വസിപ്പിക്കാൻ

അത്തരം എല്ലാ വീടുകളിലുമെത്തുന്ന

ഒരാളാണല്ലോ കെ കെ രമ, എം എൽ എ.

അവിടെയൊക്കെ അവർ പോകുന്നത്

എന്നോട് ചോദിച്ചിട്ടാണോ?

ഇനി അവർക്കങ്ങിനെ

ചോദിക്കണമെന്നുണ്ടെങ്കിൽ

സി പി എമ്മിൻ്റെ അനുമതി വേണ്ടതുണ്ടോ?

കേരളത്തിൽ വലിയ അംഗീകാരമുള്ള

ഒരു ജനപ്രതിനിധിയെ

ഇത്ര ചെറുതാക്കി കാണണോ?

9.

“മുമ്പ് സി പി ഐ (എം) പ്രവർത്തകനായിരുന്ന

അഭിലാഷ് പാർട്ടി വിരുദ്ധ പ്രവർത്തനം

നടത്തിയതിന് പുറത്താക്കിയ കാര്യം

നേരത്തെ പാർട്ടി വ്യക്തമാക്കിയതാണ്”

സി പി ഐ എമ്മിൽ നിന്ന്

ഒരാളെ പുറത്താക്കുമ്പോൾ

അത് ജില്ലാകമ്മറ്റി അംഗീകരിച്ച്

പ്രസിദ്ധപ്പെടുത്തണമെന്ന്

പാർട്ടി ഭരണഘടന അനുശാസിക്കുന്നു.

അഭിലാഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്

എപ്പോഴായിരുന്നു? എന്തിനായിരുന്നു?

എന്ന് വിശദീകരിക്കാമോ?

ഈ വിവരം പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

ഇല്ലെങ്കിൽ പുറത്താക്കി എന്നത് നുണയല്ലേ?

10.

പാർട്ടിയുടെ ഭാഗത്തുണ്ടാവുന്ന

പാർട്ടി വിരുദ്ധവും

ജനവിരുദ്ധവുമായ നടപടികൾക്ക്

എന്നെ പാർട്ടി വിരുദ്ധനായി മുദ്രകുത്തി

രക്ഷപ്പെടാനാകുമോ?

പാർട്ടിയിലുണ്ടാകുന്ന

പുഴുക്കുത്തും ജീർണ്ണതയുമല്ലേ,

പാർട്ടിക്കും ജനങ്ങൾക്കും

ഒരു പാർട്ടി കുടുംബത്തിനും

അപമാനമുണ്ടാക്കിയത്?

അല്ലാതെ കെ കെ രമയോ

ഞാനോ മറ്റുള്ളവരോ ആണോ?

11.

സാധാരണയായി ഇത്തരം

ഗുരുതരമായ കൊലപാതകങ്ങളിൽ

പ്രതിയുടെ റിമാൻ്റ് റിപ്പോർട്ടിനൊപ്പം

കസ്റ്റഡിയാവശ്യപ്പെടുകയാണ്

പോലീസിൻ്റെ രീതി.

ഇവിടെ സംഭവം നടന്ന് ഒരാഴ്ചക്കാലം

പ്രതിയെ കസ്റ്റഡിയിൽ വാങ്ങാതിരിക്കുമ്പോൾ

അത് തെളിവു നഷ്ടപ്പെടാൻ കാരണമാകും

എന്ന് ആരെങ്കിലും സംശയിച്ചാൽ

അവരെ കുറ്റപ്പെടുത്താനാകുമോ?

തങ്ങൾ പറയുന്നതാണ് സത്യം

അത് എല്ലാവരും ഉപ്പു കൂട്ടാതെ

വിഴുങ്ങിക്കോളണം

എന്ന് ശഠിക്കുന്ന പാർട്ടി

കൊലപാതകത്തിൻ്റെ ആദ്യ മണിക്കൂറിൽ

കൊലയാളികൾ ബി ജെ പി ക്കാരാണെന്ന്

പാർട്ടി ചാനലിൽ ഉൾപ്പെടെ പ്രചരിപ്പിച്ചത്

ശരിയായിരുന്നോ?

12.

സത്യനാഥിനെ ആശുപത്രിയിലേക്ക്

കൊണ്ടുപോകുമ്പോൾ, അവരിൽ നിന്ന്

ഫോൺ സന്ദേശം ലഭിച്ചതനുസരിച്ച്

ഏറ്റവും ആദ്യം തന്നെ ആശുപത്രിയിലെത്തിയ

ഒരാളാണ് ഞാൻ.

ഏതാണ്ട് രണ്ട് മണിവരെ ഞാനവിടെയുണ്ടായിരുന്നു.

അവിടെ വെച്ചും കുറേപ്പേർ

എന്നെ ടാർജറ്റ് ചെയ്യുന്നു എന്ന് വന്നപ്പോൾ

സഖാക്കൾ വാഹനം പിടിച്ച്

എന്നെ വീട്ടിലെത്തിക്കുകയിയിരുന്നു.

ഇത് പാർട്ടിയുടെ അറിവോടെയായിരുന്നോ?

13.

സ്പെഷ്യൽ ബ്രാഞ്ച്’ പോലീസ് വിഭാഗം

തുടർച്ചയായി എൻ്റെ യാത്രകളും

മറ്റും നിരീക്ഷിക്കുന്നു.

ടൂ വീലർ യാത്ര ഒഴിവാക്കണമെന്ന്

ആവശ്യപ്പെടുന്നു.

സത്യനാഥൻ്റെ കൊലപാതകത്തെത്തുടർന്ന്

അടുത്ത ദിവസം വരെ

വീട്ടുപരിസരത്ത് പോലീസ്‌ കാവലുണ്ടായിരുന്നു.

സി പി എം എന്നെ ടാർജറ്റ് ചെയ്യുന്നുണ്ടോ?

14.

ഞാനൊരു പാർട്ടി വിരുദ്ധനല്ല.

പാർട്ടിയെ നിശിതമായി വിമർശിക്കാറുണ്ട്.

അകത്തുണ്ടായിരുന്നപ്പോൾ അകത്തും

ഇപ്പോൾ പുറത്തും.

അത് ഒരു മാർക്സിസ്റ്റ് എന്ന നിലയിൽ

എൻ്റെ കടമയാണ് എന്ന് ഞാൻ കരുതുന്നു.

എൻ്റെ ജനാധിപത്യ അവകാശമാണത്,

രാഷ്ട്രീയ നിലപാടുകളിലെ

അഭിപ്രായവ്യത്യാസങ്ങൾ

രേഖപ്പെടുത്തുന്നതല്ലാതെ

സംഘടനാപരമായ ഒരു കാര്യത്തിലും

പൊതുവേ പരസ്യ വിമർശനം നടത്താറില്ല.

അത് ഞാൻ പിന്തുടരുന്ന നിലപാടാണ്

ഇവിടെയുമതേ ഇപ്പോൾ ചെയ്യുന്നുള്ളൂ.

15

മറ്റേതെങ്കിലുമൊരു പാർട്ടിയുമായി

ഞാനിത് വരെ ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടില്ല.

എനിക്കതിന് താല്പര്യവുമില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ

രാഷ്ട്രീയ പാർട്ടിയായ ബി ജെ പി മുതൽ

കൊച്ചു പാർട്ടിയായ ഫോർവേർഡ് ബ്ലോക്ക് വരെ

പലവിധ ഓഫറുകളുമായി

എന്നെ സമീപിച്ചിട്ടുണ്ട്.

വലിയ പാർട്ടികളുടെ ഓഫറുകൾ

കണ്ണഞ്ചിപ്പിക്കുന്ന പദവികളായിരുന്നു.

അതൊക്കെ നാളിതുവരെ സ്നേഹത്തോടെ

നിരസിച്ചാണ് ഞാൻ സ്വതന്ത്രനായി

അഭിപ്രായം പറയുന്നത്.

അതിനെന്നെ അനുവദിക്കില്ല എന്ന്

സി പി എം വാശിപിടിക്കുന്നതെന്തിനാണ്?

ഇന്ത്യ ഇന്നും ഒരു ജനാധിപത്യരാജ്യമല്ലേ?.

16.

ഏതെങ്കിലും പാർട്ടിയിൽ ചേരാനോ

പദവികൾ നേടാനോ,

അധികാരത്തിൻ്റെ ഭാഗമാകാനോ

കഴിവില്ലാത്തത് കൊണ്ടല്ല, തയാറാവാത്തത്.

നിലപാടുകൾ മുറുകെപ്പിടിക്കുന്ന

ഒരാളായത് കൊണ്ടാണ്.

കൂടുതൽ പറയാനിടവരുത്തരുത്.

മലയാളത്തിലൊരു ചൊല്ലുണ്ട്.

‘ചവിട്ടിക്കടിപ്പിക്കരുത്‘

ആ ചൊല്ല് ഓർക്കുന്നത്

എല്ലാവർക്കും നല്ലതാണ്

17.

ഇപ്പോൾ വയസ്സ് 63 ആയി.

ആചന്ദ്രതാരം

ഈ ഭൂമിയിൽ ജീവിക്കണം

എന്നാണ് ആഗ്രഹം.

അവസാനിപ്പിച്ച് പോകുമ്പോൾ

പി ടി തോമസ്സിനെപ്പോലെ

“ഈ മനോഹര തീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി”

എന്ന പാട്ട് പാടി പിരിയണം

എന്നാണാഗ്രഹം.

.18.

ഇത്രയും കുറിച്ചത്

സി പി ഐ എമ്മിനെ

ബോദ്ധ്യപ്പെടുത്താനല്ല.

വെറുതേ ഇതിവിടെ കിടന്നോട്ടെ

എന്ന് കരുതിയാണ്.

എനിക്കെതിരെ ഒളിയമ്പും ദുരാരോപണങ്ങളും

നടത്തുന്ന പാർട്ടി സെക്രട്ടറി

സ്വന്തം മുഖം സ്വകാര്യമായെങ്കിലും

ഒന്നു കണ്ണാടിയിൽ നോക്കുന്നത് നന്നാവും.

ആ പ്രതിബിംബം തന്നെ നോക്കി

മുഖം ചുളിക്കുന്നുണ്ടെങ്കിൽ

അതിന് മറ്റാരും ഉത്തരവാദിയല്ല

എന്നെങ്കിലും അറിയണം.

Tags:    
News Summary - Former CPM leader N.V. Balakrishnan Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.