വനഭൂമി സ്വകാര്യ വ്യക്തിക്ക്: വനം വിജിലൻസ് അന്വേഷണം തുടങ്ങി

മാനന്തവാടി: വനഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുനൽകിയ സംഭവം പുറത്ത് വന്നതോടെ വനം വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി. കോടതി വിധിയുടെ മറവില്‍ 10 ഏക്കറോളം വനഭൂമി ഡീനോട്ടീഫൈ ചെയ്ത് സ്വകാര്യ വ്യക്തിക്ക് വിട്ടുനല്‍കിയ സംഭവത്തിലാണ് അന്വേഷണം ആരംഭിച്ചത്.

2022ലെ ഹൈകോടതി വിധിയുടെ ഭാഗമായി നോർത്ത് വയനാട് ഡിവിഷൻ പേര്യ റേഞ്ചിന് കീഴിലെ10 ഏക്കര്‍ വനഭൂമി 2024ൽ വിട്ടുനല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. പേര്യ വില്ലേജിലെ റീസര്‍വേ നമ്പര്‍ 8/1A1A2-ല്‍ പ്പെട്ട 6.0720 ഹെക്ടര്‍ ഭൂമി പരിസ്ഥിതി ലോല ഭൂമിയായി വനം വകുപ്പ് ഏറ്റെടുത്തിരുന്നു. ഇതില്‍ 4.7884 ഹെക്ടര്‍ ഭൂമി നേരത്തെ നോട്ടിഫൈ ചെയ്തതും 1.2836 ഹെക്ടര്‍ ഭൂമി പുതുതായി സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെുടുത്തതുമായിരുന്നു. ഇതിനെതിരെ സ്വകാര്യ വ്യക്തി നല്‍കിയ അപ്പീല്‍ ഇ.എഫ് കോടതി തള്ളി. തുടര്‍ന്ന് ഹൈകോടതിയില്‍ 2011ല്‍ നല്‍കിയ അപ്പീല്‍ 2022ല്‍ സ്വകാര്യ വ്യക്തികള്‍ക്കനുകൂലമായി വിധി വന്നു.

ഇവരുടെ കൈവശഭൂമിയില്‍ നിന്നും നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്‍കാനായിരുന്നു കോടതി വിധി. എന്നാല്‍, ഇത് പ്രകാരം തിരികെ നല്‍കേണ്ടിയിരുന്ന 1.2836 ഹെക്ടര്‍ ഭൂമിക്ക് പകരം നേരത്തെ വനംവകുപ്പ് കൈവശം വെച്ചിരുന്ന 4.7884 ഹെക്ടര്‍ ഭൂമി ഉള്‍പ്പെടെ 6.0720 ഹെക്ടര്‍ ഭൂമി 2024ല്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച മാധ്യമ വാർത്തകളെ തുടർന്നാണ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നത്. കണ്ണൂർ വിജിലൻസ് ഡി.എഫ്.ഒ എ. ഷജ്ന. റേഞ്ച് ഓഫിസർ പി. രതീശൻ എന്നിവർ നോർത്ത് വയനാട് ഡി.എഫ്.ഒ ഓഫിസിലും പേര്യ റേഞ്ച് ഓഫിസിലും എത്തി രേഖകൾ പരിശോധിച്ചു.

സമാനമായി പേര്യ റേഞ്ചിൽ ഇ.എഫ്.എൽ ആയി തൽസ്ഥിതി തുടരാൻ ഉത്തരവുള്ള ഭൂമിയിൽ വേലി കെട്ടുകയും തൈകൾ നടുകയും ചെയ്ത സംഭവത്തിൽ വളരെ വൈകിയാണ് കേസെടുത്തതെന്ന് കണ്ടെത്തിയതായും പറയപ്പെടുന്നുണ്ട്. അന്വേഷണ റിപ്പോർട്ട് വരും ദിവസങ്ങളിൽ വിജിലൻസ് എ.പി.സി.സി.എഫിന് കൈമാറുമെന്നാണ് സൂചന. ഇത് പ്രകാരം 10 ഏക്കറോളം വനഭൂമി നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. ഇത് സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് വനംവകുപ്പ് നോര്‍ത്ത് വയനാട് ഡിവിഷന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികളാരംഭിച്ചതായി നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ആർ. സന്തോഷ് കുമാറും നേരത്തേ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Forest Vigilance Probe Into Forest Land Transfer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.