ജിജോ ജോൺ പുത്തേഴത്ത്
അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരെ അധിക്ഷേപം: നാലുപേർക്കെതിരെ കേസ്
കോട്ടയം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബർ ആക്രമണത്തിൽ കോട്ടയം സൈബർ ക്രൈം പൊലീസ് കേസെടുത്തു. എസ്.വി.വൈബ്‌സ് എന്ന ഫെസ്ബുക് പേജ് ഉടമ എസ്.വി. അരുൺ ലാൽ, ഫേസ്ബുക് പ്രൊഫൈലുകളായ അഷറഫ് തരംഗ്, സന്തോഷ് കുമാർ എന്നിവർക്കെതിരെയാണു കേസ്. ജിജോ ജോൺ ജോലി ചെയ്തിരുന്ന മലയാള മനോരമ പത്രത്തിന്റെ പരാതിയിലാണ് നടപടി.
മനോരമ കോട്ടയം ഓഫിസിലേക്കു ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം അതു പ്രചരിപ്പിച്ചയാൾക്കെതിരെയും കേസെടുത്തു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
പ്രതികൾക്കെതിരെ മനഃപൂർവമായ അപകീർത്തിപ്പെടുത്തൽ, അധിക്ഷേപ പ്രചാരണം, അസഭ്യ സന്ദേശങ്ങൾ അയക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സൈബർ ക്രൈം ഇൻസ്പെക്‌ടർ ബി.എസ് ആദർശിനാണ് അന്വേഷണ ചുമതല.
കേരള പത്രപ്രവർത്തക യൂനിയൻ സംസ്‌ഥാന കമ്മിറ്റിയുടെ പരാതിയിൽ തിരുവനന്തപുരം വഞ്ചിയൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. 15 സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ സൈബർ വിഭാഗം വഞ്ചിയൂർ പൊലീസിനു കൈമാറി. അക്കൗണ്ട് ഉടമകളെ ഉടൻ കണ്ടെത്തി അറസ്‌റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അക്കൗണ്ടുകളിൽ നടപടി സ്വീകരിക്കുന്നതിന് മെറ്റയ്ക്കും റിപ്പോർട്ട് നൽകും. സൈബർ വിഭാഗം ഐജി പി. പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊച്ചിയിലും കേസെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.