നിര്‍ഗുണനും നിഷ്‌ക്രിയനുമായ വനംമന്ത്രിയെ പുറത്താക്കണം -കെ. സുധാകരന്‍

ന്യൂഡൽഹി: വന്യജീവി ആക്രമണം കൊണ്ട് സഹികെട്ട ജനങ്ങൾക്കായി ധീരതയോടെ പോരാടിയ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ നട്ടപ്പാതിരക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഭീകരരെപ്പോലെ അറസ്റ്റ് ചെയ്യിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമനില തെറ്റിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. ഈ വര്‍ഷം മാത്രം ഏഴ് പേർ വന്യമൃഗ ആക്രണത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യത്തിൽ നിര്‍ഗുണനും നിഷ്‌ക്രിയനുമായ വനംമന്ത്രിയെ അടിയന്തരമായി പുറത്താക്കണമെന്നും സുധാകരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

എല്ലാ നിയമങ്ങളും മനുഷ്യാവകാശങ്ങളും ചവിട്ടിമെതിച്ച അറസ്റ്റില്‍ കുഴൽനാടനും ഷിയാസിനും ജാമ്യം അനുവദിച്ചത് അവര്‍ ഉയര്‍ത്തിയ വിഷയത്തോട് കോടതി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. വന്യമൃഗ ആക്രമണം, സിദ്ധാര്‍ത്ഥന്‍റെ കൊലപാതകം, ശമ്പളവും പെന്‍ഷനും മുടങ്ങിയത് ഉള്‍പ്പെടെയുള്ള ജനകീയ വിഷയങ്ങളുടെ പ്രതിഷേധച്ചൂട് കുറക്കാനാണ് നേതാക്കള്‍ക്കെതിരായ പൊലീസ് നടപടി. ജനങ്ങള്‍ ദുരന്തമുഖത്ത് നിൽക്കുമ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനു പകരം അവരെ വേട്ടയാടുന്നത് പിണറായിക്കു മാത്രം സാധിക്കുന്ന ധിക്കാരമാണ്. തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണ് ഈ വിഷയത്തില്‍ സര്‍ക്കാരും സി.പി.എമ്മും സ്വീകരിച്ചത്. പൊലീസ് രാജ് നടപ്പാക്കി പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതുന്ന മുഖ്യമന്ത്രി മുഖ്യമന്ത്രി വിഡ്ഢികളുടെ ലോകത്തിലാണ്.

വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വനംമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ ഒരു തീരുമാനം പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇങ്ങനെയൊരു സര്‍ക്കാരും വനമന്ത്രിയും കേരളത്തിന് ഭാരമാണ്. എസ്.എഫ്.ഐക്കാര്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ സിദ്ധാര്‍ത്ഥന്‍റെ പിതാവിനെ സന്ദര്‍ശിക്കാന്‍ പോലും തയ്യാറാകാത്ത മുഖ്യമന്ത്രിയാണ് കേരളത്തിന്‍റേത്. വാ തുറന്ന് അപലപിക്കാന്‍ പോലും തയാറായിട്ടില്ല. കൊലയും കൊള്ളയും രക്തത്തില്‍ അലിഞ്ഞവരില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട. ഈ കേസിലെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താത്തത് കൊലയാളികളായ എസ്.എഫ്.ഐക്കാരെ സംരക്ഷിക്കാനുള്ള പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും വ്യഗ്രത മൂലമാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മുന്‍ എം.എല്‍.എ സി.കെ. ശശീന്ദ്രന്‍റെ സാന്നിധ്യം അതിന് തെളിവാണെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Forest Minister should be sacked -K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.