നിയമപ്രകാരമല്ലാതെ വനഭൂമി പതിച്ചു നൽകരുത് -ഹൈകോടതി

കൊച്ചി: വനാവകാശ നിയമവും ചട്ടവും അനുസരിച്ചല്ലാതെ ആദിവാസികൾ ഉൾപ്പെടെ പട്ടിക വർഗക്കാർക്കും പരമ്പരാഗത വനവാസികൾക്കും വനഭൂമി പതിച്ചുനൽകുകയോ പട്ടയം നൽകുകയോ ചെയ്യരുതെന്ന് ഹൈകോടതി. പട്ടികവർഗ പാരമ്പര്യ വനവാസി (വനാവകാശം) നിയമം നിലവിൽവന്ന 2005 ഡിസംബർ 13ന് യഥാർഥത്തിൽ കൈവശത്തിലില്ലാത്ത ഭൂമിക്ക് അവകാശം നൽകരുത്.

ഇതിൽപെടാത്ത വനഭൂമി കൈമാറരുത്. പതിച്ചുനൽകുന്നതിനുമുമ്പ് ബന്ധപ്പെട്ട ഭൂമി സർവേ പൂർത്തീകരിച്ച് അളന്നുതിരിക്കൽ നടത്തിയിട്ടുണ്ടോയെന്ന് വിലയിരുത്തണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതുസംബന്ധിച്ച 2015 ജൂലൈ 14ലെ ഉത്തരവ് പാലിക്കണമെന്നും കോടതി നിർദേശിച്ചു.

വനാവകാശ നിയമം നിലവിൽ വന്നപ്പോൾ കൈവശാവകാശമില്ലാതിരുന്ന വനഭൂമി നിയമവിരുദ്ധമായി പതിച്ചുനൽകുന്നത് ചോദ്യം ചെയ്ത് വൺ എർത്ത് വൺ ലൈഫ് നൽകിയ ഹരജിയിലാണ് ഉത്തരവ്.

ഇതേ ആവശ്യമുന്നയിച്ച് സംഘടന 2009ൽ നൽകിയ ഹരജിയിലാണ് ആദിവാസികളും വനവാസികളും 2005ൽ കൈവശം വെച്ചിരുന്ന വനഭൂമിക്ക് മാത്രമേ രേഖകൾ അനുവദിക്കാവൂ എന്നും അല്ലാതെയുള്ള വനഭൂമി പതിച്ചുനൽകാൻ സർക്കാറിന് അധികാരമില്ലെന്നും വ്യക്തമാക്കി 2015 ജൂലൈ 14ന് കോടതി വിധിയുണ്ടായത്. വിധിക്ക് വിരുദ്ധമായി വനഭൂമി അനുവദിക്കാൻ നീക്കമുണ്ടെന്നും പീച്ചി-വാഴാനി വനമേഖലയിലുൾപ്പെടെ ഇത്തരം സംഭവങ്ങളുണ്ടെന്നും ആരോപിച്ചാണ് വീണ്ടും ഹരജി നൽകിയത്.

എന്നാൽ, വനാവകാശ നിയമത്തിന്‍റെ മറവിൽ കൃഷിഭൂമിയല്ലാത്ത വനഭൂമി നിയമവിരുദ്ധമായി പതിച്ചു നൽകിയെന്നത് വ്യാജ ആരോപണമാണെന്നായിരുന്നു വനം വകുപ്പിന്‍റെ വാദം. നിയമം പാലിച്ചാണ് ഭൂമി അനുവദിക്കുന്നതെന്നും വ്യക്തമാക്കി. ഈ വാദം അംഗീകരിച്ച് ഹരജി തീർപ്പാക്കിയ കോടതി വനാവകാശ നിയമത്തിലെ 12 എ ചട്ടം നിർദേശിക്കുന്ന പ്രകാരം വനം, റവന്യൂ അധികൃതരുടെ സംയുക്ത പരിശോധന നടത്തണമെന്നും സർവേ നടത്തി അളന്നുതിരിക്കാതെ രേഖകൾ അനുവദിക്കരുതെന്നും നിർദേശിച്ചു.

Tags:    
News Summary - Forest land should not be allotted except as per law - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.