തിരുവനന്തപുരം: വനം കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലെയും തടയുന്നതിലെയും പാളിച്ചകൾ സി.എ.ജി തന്നെ ചൂണ്ടിക്കാട്ടിയിട്ടും സംസ്ഥാനത്തെ വനാതിർത്തി നിർണയം ഇനിയും പൂർത്തിയായില്ല. വനം കൈയേറ്റം തടയാൻ ജണ്ട (അതിർത്തി കല്ലുകൾ) കെട്ടി അതിർത്തി വേർതിരിക്കുന്ന പ്രവൃത്തി ഇനിയും ബാക്കിയാണ്. വിവിധ ജില്ലകളിലെ 840.6425 കിലോമീറ്റർ ദൂരമാണ് ജണ്ടകൾ നിർമിക്കാൻ ബാക്കിയുള്ളത്. ആകെയുള്ള 11,554.74 കിലോമീറ്ററിൽ ഇതുവരെ 10,714.0975 കിലോമീറ്ററാണ് വനാതിർത്തി നിർണയിച്ച് ജണ്ട കെട്ടിയത്. നാലുവർഷത്തിനിടെ 9,441 ജണ്ടകളുടെ നിർമാണമാണ് വനംവകുപ്പ് പൂർത്തിയാക്കിയത്.
വനം കൈയേറ്റം തടയുന്നതിനൊപ്പം വനത്തോട് ചേർന്ന സ്വകാര്യ ഭൂമികൾക്ക് എൻ.ഒ.സി നൽകുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനുകൂടിയാണ് ജണ്ട കെട്ടൽ വനം വകുപ്പ് സജീവമാക്കിയത്. എന്നാൽ, ചില നിക്ഷിപ്ത വനങ്ങളിലും ഇ.എഫ്.എൽ ആയി വിജ്ഞാപനം ചെയ്ത സ്ഥലങ്ങളെ സംബന്ധിച്ചും കേസുകൾ തീർപ്പാകാത്തതാണ് വെല്ലുവിളി. പല കേസുകളിലും തൽസ്ഥിതി തുടരാൻ കോടതി നിർദ്ദേശം നിലനിൽക്കുന്നു. കേസുകളുടെ അന്തിമ വിധിക്കനുസരിച്ച് മാത്രമേ സർവേ ഉൾപ്പെടെ പൂർത്തിയാക്കാനാവൂ എന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.