വാതില്‍ തുറന്ന് വീട്ടില്‍ മകനോടൊപ്പം ഇരിക്കുന്ന സലീന

ജപ്തി ചെയ്ത വീടിന്റെ വാതില്‍ തുറന്നു; സലീനക്ക് ഇനി സ്വസ്ഥമായുറങ്ങാം

എടക്കര: സങ്കടക്കടല്‍ നീന്തിയ സലീനക്കും കുടുംബത്തിനും ആശ്വാസം. ജപ്തിയെ തുടര്‍ന്ന് പൂട്ടിയ വീട് ബാങ്ക് അധികൃതര്‍ തുറന്നുകൊടുത്തു. എടക്കര ഗ്രാമപഞ്ചായത്തിലെ പാതിരിപ്പാടം മാട്ടുമ്മല്‍ സലീനക്കും മകനും ഇനി സ്വന്തം വീട്ടില്‍ സന്തോഷമായി അന്തിയുറങ്ങാം.

ബാങ്ക് വായ്പയില്‍ തിരിച്ചടവ് മുടങ്ങിയതോടെ ജൂലൈ 24നാണ് ഇവരുടെ വീട് ജപ്തി നടപടിക്ക് വിധേയമായത്. വായ്പാതുക അടക്കാമെന്ന സുമനസ്‌കരുടെ വാഗ്ദാനമാണ് ബാങ്ക് അധികൃതരെ താക്കോല്‍ തിരികെ നല്‍കാന്‍ പ്രേരിപ്പിച്ചത്. ഞായറാഴ്ച രാവിലെ എത്തിയ പോത്തുകല്‍ അര്‍ബൻ ബാങ്ക് അധികൃതരാണ് വീട് തുറന്നുകൊടുത്തത്. ഇതോടെ നിസ്സഹയായ വീട്ടമ്മയുടെയും മകന്റെയും ഒന്നര മാസം നീണ്ട ദുരിതജീവിതത്തിന് അറുതിയായി. സഹായ വാഗ്ദാനം നല്‍കിയ പാലേമാട് വിവേകാനന്ദ പഠനകേന്ദ്രം കാര്യദര്‍ശി കെ.ആര്‍. ഭാസ്‌കരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദിയും പ്രാര്‍ഥനയും നല്‍കി സലീന.

2015ല്‍ രണ്ട് പെണ്‍മക്കളുടെ വിവാഹാവശ്യാര്‍ഥമാണ് സലീന അര്‍ബൻ ബാങ്ക് പോത്തുകല്‍ ശാഖയില്‍നിന്ന് വായ്പയെടുത്തത്. വിദേശത്ത് പോയി കടം വീട്ടാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, കുറച്ചുകാലം ജോലി ചെയ്ത് നാട്ടിലെത്തി. സ്വരൂപിച്ച പണം കൊണ്ട് ചെറിയൊരു വീട് വാങ്ങി. അതിനിടയില്‍ വീണ് കാലൊടിഞ്ഞതോടെ നാട്ടില്‍ കൂലിപ്പണിക്ക് പോകാന്‍ പോലും കഴിയാതെവന്നു. ഇതാണ് കടം പെരുകാന്‍ കാരണം.

പലിശയും പിഴപ്പലിശയും അടക്കം ഒമ്പതര ലക്ഷം അടക്കാനുണ്ടായിരുന്നു. ബാങ്കുകാര്‍ പല ഇളവുകളും നല്‍കി. അവസാനം പിഴപ്പലിശ ഒഴിവാക്കി ആറര ലക്ഷം അടക്കാനാണ് അവര്‍ നിര്‍ദേശിച്ചത്. എന്നാല്‍, ഇത്രയും വലിയ സംഖ്യക്ക് മുന്നില്‍ സലീന പകച്ചുനിന്നു. തുടര്‍ന്നാണ് ജപ്തി നടപടിയുണ്ടായത്. അന്തിയുറങ്ങാനുള്ള ഇടംതേടി ആറു വയസ്സുകാരന്‍ മകനെയും കൂട്ടി സലീന നാടെങ്ങും അലഞ്ഞു. ഇവരുടെ സങ്കട കഥ ശനിയാഴ്ച ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കെ.ആര്‍. ഭാസ്‌കരന്‍പിള്ള നാലുലക്ഷം രൂപ അടക്കാമെന്ന് ബാങ്ക് അധികൃതര്‍ക്ക് ഉറപ്പ് നല്‍കി. പുറമെ വിവിധയിടങ്ങളില്‍നിന്നും ഇവര്‍ക്ക് സഹായ വാഗ്ദാനങ്ങളുണ്ടായിരുന്നു. തിങ്കളാഴ്ച നിലമ്പൂര്‍ അര്‍ബൻ ബാങ്കില്‍ ചേരുന്ന ബോര്‍ഡ് യോഗം കൂടുതല്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.  

Tags:    
News Summary - foreclosed house Saleena Edakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.