ഭക്ഷ്യസംസ്കരണം ചില്ലറക്കാര്യമല്ല

ഉൽപാദിപ്പിക്കുന്ന വിഭവങ്ങൾ ധാരാളമുണ്ടെങ്കിലും അത് കൃത്യമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽപിന്നെ എന്തു കാര്യം! പല വിഭവങ്ങളുടെയും ഉൽപാദനരംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. പാൽ, പഴങ്ങൾ, പച്ചക്കറി, മത്സ്യം ഉൽപാദനത്തിൽ ലോകരാജ്യങ്ങളിൽ വളരെ മുന്നിലാണ് നമ്മൾ. എന്നാൽ, ഭക്ഷ്യവിഭവങ്ങളുടെ സംസ്കരണത്തിലും കയറ്റുമതിയിലും നമ്മൾ പിന്നിലാണ്.

രാജ്യത്ത് ഉൽപാദിപ്പിക്കപ്പെടുന്ന വിഭവങ്ങളിൽ 25 ശതമാനത്തിലധികവും പാഴായിപ്പോവുന്നതായാണ് കണക്ക്. അതായത്, ഈ വിഭവങ്ങൾ ആവശ്യക്കാരിലേക്ക് കൃത്യമായി എത്തുന്നില്ല എന്നർഥം. ഇതിന് പ്രധാന കാരണം ഇവിടെ ഭക്ഷ്യസംസ്കരണവുമായി ബന്ധപ്പെട്ട് അറിവുള്ളവർ വളരെ കുറവാണ് എന്നതാണ്. ‘ഭക്ഷ്യസംസ്കരണം’ അല്ലെങ്കിൽ ‘ഫുഡ് പ്രോസസിങ്’ എന്ന ഒരു സാധ്യതയാണ് ഇവിടെ തെളിഞ്ഞുവരുന്നത്.

നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് ഭക്ഷ്യവിഭവങ്ങളുടെ കാലാവധിയും ഗുണമേന്മയും നിലനിർത്തി കൃത്യമായി സംസ്കരിച്ചെടുക്കുന്ന ശാഖയാണ് ഫുഡ് ​പ്രോസസിങ്/ഭക്ഷ്യസംസ്കരണം. നമുക്ക് കടകളിൽനിന്ന് കിട്ടുന്ന പാക്കറ്റ് ഫുഡുകളും മറ്റു ഭക്ഷ്യവസ്തുക്കളുമെല്ലാം ഇത്തരത്തിൽ കൃത്യമായി സംസ്കരിക്കപ്പെട്ടവയാണ്. കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാനും ഗുണവും രുചിയും വർധിപ്പിക്കാനും വിഷവസ്തുക്കൾ കലരാതെ കരുതലെടുക്കാനുമൊക്കെ കഴിയുന്നത് ഫുഡ് പ്രോസസിങ് മൂലമാണ്.

ഏറ്റവുമധികം ഗവേഷണവും നൂതന സാ​ങ്കേതികവിദ്യകളുടെ പ്രവർത്തനവും നടക്കുന്നൊരു മേഖലയാണിത്. ഈ രംഗത്തേക്ക് കടക്കാൻ ആദ്യം വേണ്ടത് ശാസ്ത്രീയവിഷയങ്ങളിലെ താൽപര്യംതന്നെയാണ്. ഭക്ഷ്യവിഭവങ്ങളെക്കുറിച്ചും അവയുടെ പോഷകഘടകങ്ങളെക്കുറിച്ചും ധാരണയുണ്ടാകണം. കഠിനാധ്വാനം ചെയ്യാനും ടീമായി പ്രവർത്തിക്കാനുള്ള കഴിവും പ്രശ്ന പരിഹാരങ്ങൾക്കുള്ള കാഴ്ചപ്പാടുകളുമെല്ലാം അത്യാവശ്യമാണ്. ഇന്ത്യയിലും പുറത്തും ദിനേന തൊഴിലവസരങ്ങൾ കൂടിവരുകയാണ്. ആകർഷകമായ വേതനവുമുണ്ട്.

ഈ മേഖല​ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച് പ്ലസ് ടു മികച്ച സ്കോറിൽ പാസാകണം. പ്ലസ് ടു കഴിഞ്ഞാൽ ഫുഡ് പ്രോസസിങ്ങിൽ ഡിപ്ലോമ, ഡിഗ്രി കോഴ്സുകൾ നിരവധിയുണ്ട്. ഫുഡ് സയൻസ്, ഹോം സയൻസ്, ഫുഡ് ടെക്നോളജി എന്നീ വിഷയങ്ങളിൽ ഡിഗ്രി കോഴ്സുകളും ബി.ടെക്, എം.ടെക്, എം.എസ് സി, പിഎച്ച്.ഡി കോഴ്സുകളും ലഭ്യമാണ്.

അനലിറ്റിക്കൽ കെമിസ്റ്റ്, ഹോം ഇക്കണോമിസ്റ്റ്, ഓർഗാനിക് കെമിസ്റ്റ്,ഫുഡ് എൻജിനീയർ തുടങ്ങി തൊഴിൽ മേഖലകൾ നിരവധിയുണ്ട്.

Tags:    
News Summary - Food processing is not a easy thing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.