നെല്ല് സംഭരണ കുടിശ്ശിക: മഞ്ഞുരുകി; കേരള ബാങ്കുമായി ചർച്ചക്ക് ഭക്ഷ്യ വകുപ്പ്

തിരുവനന്തപുരം: ബാങ്ക് കൺസോർട്യം കൈയൊഴിഞ്ഞതോടെ 2022-23 സീസണിൽ കർഷകരിൽനിന്ന് സപ്ലൈകോ മുഖേന സംഭരിച്ച നെല്ലിന്‍റെ വില മുഴുവനും കൊടുത്തുതീർക്കുന്നതിന് കേരള ബാങ്കുമായി ഭക്ഷ്യവകുപ്പ് ചർച്ച നടത്തും. കർഷകർക്കുള്ള കുടിശ്ശികയായ 400 കോടിയാണ് സർക്കാർ ആവശ്യപ്പെടുന്നത്. 7.65 ശതമാനം പലിശക്ക് തുക നൽകാമെന്ന് കേരള ബാങ്ക് അറിയിച്ചതോടെയാണ് തർക്കങ്ങൾ മാറ്റിവെച്ച് ഭക്ഷ്യവകുപ്പ് ചർച്ചക്കൊരുങ്ങുന്നത്.

മുൻകാലങ്ങളിൽ സപ്ലൈകോ നെല്ല് സംഭരിക്കുമ്പോൾ അവർ നൽകുന്ന രസീതിന്‍റെ അടിസ്ഥാനത്തിലുള്ള തുക കർഷകർക്ക് നൽകുന്നത് കേരള ബാങ്കായിരുന്നു. ഇതിന് സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതിയായിരുന്നു നെല്ല് സംഭരണ രസീതി ( പി.ആർ.എസ്). വർഷാവർഷം സപ്ലൈകോയും കേരള ബാങ്കും ഒപ്പുവെക്കുന്ന ധാരണപത്രം പ്രകാരം വായ്പയുടെ പലിശനിരക്ക് നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാറാണ്. എന്നാൽ, സപ്ലൈകോ നൽകാനുള്ള 468 കോടി കുടിശ്ശികയും പലിശയും ലഭിക്കാതെ ഇനി പണം നൽകാനാകില്ലെന്ന് കേരള ബാങ്ക് അറിയിച്ചതോടെയാണ് 11 വർഷത്തെ ഇടപാട് അവസാനിപ്പിച്ചു കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ സപ്ലൈകോ എസ്.ബി.ഐ, കനറ ബാങ്, ഫെഡറല്‍ ബാങ്ക് എന്നിവരുമായി ചേർന്ന് ‘ബാങ്ക് കണ്‍സോര്‍ട്യം’ രൂപവത്കരിച്ചത്.

ഇത്തവണ 2.49 ലക്ഷം കർഷകരിൽനിന്നായി 73.11 കോടി കിലോ നെല്ലാണ് സംഭരിച്ചത്. 2070.68 കോടിയാണ് കർഷകന് നൽകേണ്ടത്. ഇതിൽ ബാങ്ക് വായ്പ വഴി 800 കോടിയും സപ്ലൈകോ 720.4 കോടിയും നൽകി. ബാക്കി നൽകാനുള്ള ഏകദേശം 450 കോടിയിൽ 400 കോടി വായ്പ ആവശ്യപ്പെട്ട് സർക്കാർ ബാങ്ക് കൺസോർട്യത്തെ സമീപിച്ചെങ്കിലും അവരുടെ ചില നിബന്ധനകളിൽ ധനവകുപ്പ് അതൃപ്തി അറിയിച്ചു.

മറ്റു വായ്പയെടുക്കും മുമ്പ് ബാങ്ക് കൺസോർട്യത്തിന്‍റെ അനുമതി വേണമെന്ന നിർദേശം അംഗീകരിക്കാൻ സർക്കാർ തയാറായില്ല. പണം അനുവദിക്കുന്നതിൽനിന്ന് കൺസോർട്യം പിന്നാക്കം പോയതോടെയാണ് കർഷകർക്കായി വിട്ടുവീഴ്ചക്ക് തയാറാണെന്നു കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കൽ വ്യക്തമാക്കിയത്. കേരള ബാങ്ക് നിലപാട് സ്വാഗതം ചെയ്യുന്നതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

Tags:    
News Summary - ood Department to discuss with Kerala Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.