റേഷന്‍ സംഘടനകളെ വരച്ച വരയില്‍ നിർത്തി സര്‍ക്കാര്‍; മണ്ണെണ്ണ ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ തീരുമാനം

തിരുവനന്തപുരം: മണ്ണെണ്ണ വിതരണത്തില്‍ റേഷന്‍ വ്യാപാരി സംഘടനകളെ വരച്ച വരയില്‍ നിർത്തി ഭക്ഷ്യവകുപ്പ്. സര്‍ക്കാര്‍ അംഗീകരിച്ച കമീഷനില്‍ ഒരു രൂപപോലും വര്‍ധിപ്പില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നതോടെ, കേന്ദ്രം അനുവദിച്ച മണ്ണെണ്ണ ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ ചൊവ്വാഴ്ച ചേര്‍ന്ന സംയുക്ത റേഷൻ കോഓഡിനേഷൻ സമിതി തീരുമാനിച്ചു.

കമീഷന്‍ ആറു​ രൂപയിൽനിന്ന് ഏഴായി വർധിപ്പിക്കണമെന്നും മണ്ണെണ്ണ വിതരണത്തിൽ ലീക്കേജ് അലവൻസ് അനുവദിക്കണമെന്നും ഭക്ഷ്യധാന്യ വിതരണം പോലെ മണ്ണെണ്ണയും നേരിട്ട് റേഷൻകടകളിൽ എത്തിച്ചുതരണമെന്നുമായിരുന്നു വ്യാപാരി സംഘടനകളുടെ ആവശ്യം.

ഇത്തരം ആവശ്യങ്ങൾ ആദ്യപാദ മണ്ണെണ്ണ വിതരണത്തില്‍ അനുവദിക്കാന്‍ കഴിയില്ലെന്നും ഒക്ടോബറില്‍ ആലോചിക്കാമെന്നും മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ചില ജില്ലകളില്‍ മണ്ണെണ്ണ നേരിട്ട് കടയിലെത്തിക്കുന്നതിന് മൊത്ത വിതരണക്കാര്‍ക്ക് നിശ്ചിത തുക നല്‍കാന്‍ വ്യാപാരികള്‍ തയാറായിട്ടുണ്ടെന്നും ഇത് മറ്റ് ജില്ലകളിലും നടപ്പാക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു. ജില്ല സപ്ലൈ ഓഫിസർമാരുടെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ വേണമെങ്കിൽ ചർച്ചയാകാമെന്നും മന്ത്രി അറിയിച്ചു. ഇതോടെയാണ് ആദ്യപാദ മണ്ണെണ്ണ വിതരണത്തിന് വ്യാപാരി നേതാക്കൾ സമ്മതം മൂളിയത്.‍

ജൂൺ 30ന് അവസാനിക്കുന്ന 2025-26 വർഷത്തിന്‍റെ ആദ്യപാദത്തിലേക്ക് 5676 കിലോലിറ്റർ മണ്ണെണ്ണ‍യാണ് സംസ്ഥാനത്തിന് അനുവദിച്ചത്. മണ്ണെണ്ണ ഏറ്റെടുക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് മൊത്ത വ്യാപാരികൾ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം പരിഗണിച്ച് മണ്ണെണ്ണയുടെ ഏറ്റെടുപ്പും വിതരണവും പൂർത്തിയാക്കാൻ സെപ്​റ്റംബർ 30 വരെ അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് അഭ്യർഥിച്ചു. എ.എ.വൈ കാർഡുകാർക്ക് ഒരു ലിറ്ററും മറ്റ്​ കാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് അനുവദിച്ചത്. ലിറ്ററിന് 61 രൂപയാണ് വില. വൈദ്യുതി കണക്​ഷനില്ലാത്ത കാർഡുകാർക്ക് (ഏത് വിഭാഗമായാലും) ആറ് ലിറ്റർ ലഭിക്കും.

Tags:    
News Summary - Food Department stops ration vendor organizations from distributing kerosene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.