തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ പ്രഭാവത്താൽ സംസ്ഥാനത്ത് അതിശക്തമായ മഴ. 12 മണിക്കൂറിനിടയിൽ പെയ്ത അതി തീവ്രമഴയിൽ തലസ്ഥാനം മുങ്ങി. ടെക്നോപാർക്കും നഗരത്തിലെ ആശുപത്രികളും വെള്ളത്തിലായപ്പോൾ വീടുകളിലും ഹോസ്റ്റലുകളിലും കുടുങ്ങിയ ആയിരങ്ങളെയാണ് ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും ചേർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ആരംഭിച്ച മഴ, 2018ലെ പ്രളയസമാന അന്തരീക്ഷമാണ് തലസ്ഥാനത്ത് സൃഷ്ടിച്ചത്.
24 മണിക്കൂറിനുള്ളിൽ 204 മി.മീറ്ററിന് മുകളിൽ മഴ പ്രതീക്ഷിക്കുമ്പോഴാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പുറപ്പെടുവിക്കുന്നത്. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെ കാലാവസ്ഥ നിരീക്ഷകരുടെ കണക്കുകൂട്ടലുകൾപോലും തെറ്റിച്ചുകൊണ്ട് 12 മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് പെയ്തിറങ്ങിയത് 595.7 മി.മീറ്റർ മഴ. തെറ്റിയാറും ആമയിഴഞ്ചാൻ തോടും പാർവതീപുത്തനാറും കരകവിഞ്ഞു.
ശക്തമായ മഴയിൽ ആറ് വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. ഗ്രാമീണമേഖലയിൽ ഏക്കറുകണക്കിന് കൃഷി നശിച്ചു. തെറ്റിയാർ കരകവിഞ്ഞതോടെ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കോസ്മോപോളിറ്റൻ ആശുപത്രിയുടെ താഴത്തെനില പൂർണമായി മുങ്ങി. മോർച്ചറിയിലും വെള്ളം കയറിയതോടെ ഇവിടെ സൂക്ഷിച്ചിരുന്ന നാല് മൃതദേഹങ്ങൾ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഇലക്ട്രിക് യൂനിറ്റിലേക്ക് വെള്ളം കയറിയതോടെ ആശുപത്രിയിലെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. തുടർന്ന് പുറത്തുനിന്ന് ജനറേറ്ററുകൾ എത്തിച്ചാണ് ആശുപത്രി പ്രവർത്തിച്ചത്. മഴവെള്ളം കയറി മെഡിക്കൽ ഓക്സിജൻ പ്ലാന്റ് പ്രവർത്തനം തടസ്സപ്പെട്ടതോടെ രോഗികൾക്കായി പുറത്തുനിന്ന് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചു. താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ബ്ലഡ് ബാങ്കിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ രോഗികൾക്കായി സൂക്ഷിച്ചിരുന്ന രക്തവും ഇവ സൂക്ഷിച്ചിരുന്ന ഉപകരണങ്ങളും നശിച്ചു.
ചരിത്രത്തിലാദ്യമായി ടെക്നോപാർക്കിന്റെ മുഖ്യകവാടമടക്കം വെള്ളത്തിൽ മുങ്ങി. കെട്ടിടങ്ങളിലും വെള്ളം കയറി. ടെക്നോപാർക്ക് പരിസരത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളാണ് വെള്ളം കയറി നശിച്ചത്. ടെക്നോപാർക്ക് പരിസരത്തെ വനിത ഹോസ്റ്റലുകളിലും വീടുകളിലും വെള്ളം കയറിയതോടെ ഫയർഫോഴ്സിന്റെയും സ്കൂബ ഡൈവിങ് ടീമിന്റെയും ഡിങ്കി ബോട്ടുകളിലും മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളിലുമാണ് കാര്യവട്ടം യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളെയും ടെക്നോപാർക്ക് ജീവനക്കാരെയും വീട്ടുകാരെയും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. വെള്ളം കയറിയതോടെ കഴക്കൂട്ടം സബ്സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെട്ടു. ഇത് വി.എസ്.എസ്.സിയുടെ പ്രവർത്തനത്തെയും ബാധിച്ചു. മഴക്കെടുതിയിൽ വൈകീട്ടുവരെ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 875 പേരെ നിലവിൽ വിവിധ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം: തെക്ക്-കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ചൊവ്വാഴ്ച അറബിക്കടലിൽ ന്യൂനമർദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും തീവ്രന്യൂനമർദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള തീരം മുതൽ തെക്കൻ തമിഴ്നാട് തീരംവരെ ഉയർന്ന തിരമാലക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണകേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.