പ്രളയം, ദത്ത് വിവാദം, കെ റെയിൽ... സജി ചെറിയാൻ നടത്തിയ വിവാദ പ്രസ്താവനകൾ

തിരുവനന്തപുരം/ആലപ്പുഴ: ഭരണഘടനയെ മോശമായി ചിത്രീകരിച്ച പ്രസംഗത്തിലൂടെ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന സജി ചെറിയാൻ വിവാദത്തിൽപ്പെടുന്നത് ആദ്യമായല്ല. നാവുപിഴയെന്ന പേരിൽ വിവാദ പ്രസംഗത്തെ മാറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മന്ത്രിയാകുന്നതിനു മുമ്പുതന്നെ സജി ചെറിയാന്‍റെ പരാമർശങ്ങൾ പലതും വിവാദമായിട്ടുണ്ട്.

മഹാപ്രളയത്തിലെ വിലാപം

ചെങ്ങന്നൂർ എം.എൽ.എ ആയിരിക്കെ, 2018ലെ മഹാപ്രളയത്തിൽ അടിയന്തര സഹായം എത്തിയില്ലെങ്കില്‍ ആയിരങ്ങള്‍ മരിച്ചുപോകുമെന്ന് വിലപിച്ച് സജി ചെറിയാന്‍ മാധ്യമങ്ങളിലൂടെ സഹായം തേടിയിരുന്നു. 'ദയവു ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്ടര്‍ ലഭ്യമാക്കൂ. ഞാന്‍ കാലുപിടിച്ചു പറയാം. ഞങ്ങളെ ഒന്നു സഹായിക്ക്. എന്‍റെ നാട്ടുകാർ മരിച്ചുപോകും' എന്ന സജി ചെറിയാന്‍റെ വിലാപം രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപത്തിന് കാരണമായി.

ദത്ത് വിവാദം, നടിയെ ആക്രമിച്ച സംഭവം

ദത്ത് വിവാദത്തിലും നടിയെ ആക്രമിച്ച സംഭവത്തിലും സജിയുടെ പരാമർശം സർക്കാറിന് തിരിച്ചടിയായി. സ്വന്തം കുഞ്ഞിനുവേണ്ടി നിയമപോരാട്ടം നടത്തിയ അനുപമ-അജിത് ദമ്പതികളെ അധിക്ഷേപിക്കുന്ന പ്രസ്താവന വിവാദമായി. ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശവും ചർച്ചയായി.

ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യു.സി.സിക്കെതിരെ നടത്തിയ വിമര്‍ശനവും വിവാദമായി. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമതന്നെ പറഞ്ഞിട്ടുണ്ടെന്നും പുറത്തു വിടാൻ ആവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശ്യമാണെന്നുമായിരുന്നു മന്ത്രിയുടെ കുറ്റപ്പെടുത്തൽ.

'കെ റെയിൽ സമരത്തിന് പിന്നിൽ തീവ്രവാദികൾ'

സിൽവർ ലൈൻ വിഷയത്തിലും സർക്കാറിനെയും മുന്നണിയെയും സജി പ്രതിരോധത്തിലാക്കി. പ്രതിഷേധങ്ങൾക്ക് പിന്നിൽ ഭീകരവാദികളും വൻകിട കച്ചവടക്കാരുമെന്ന പരാമർശമാണു പ്രതിഷേധത്തിന് ഇടയാക്കിയത്. ''സമരക്കാർ നല്ല ചില്ലറ വാങ്ങിയിട്ടാണ്'' ചാനൽ ചർച്ചകളിൽ പദ്ധതിയെ വിമർശിക്കുന്നതെന്ന് തട്ടിവിട്ടു. രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു വിവാദ പരാമർശം. സമരക്കാർക്ക് പണം നൽകുന്നത് വാഹനങ്ങളും അനുബന്ധ സാധനങ്ങളും നിർമിക്കുന്ന കമ്പനികൾ ആണെന്നും വാദിച്ചു.

'പദ്ധതിരേഖ നന്നായി പഠിച്ചു, സില്‍വര്‍ ലൈനിന് ബഫര്‍ സോണ്‍ ഇല്ല'

സില്‍വര്‍ ലൈനിന് ബഫര്‍ സോണ്‍ ഇല്ലെന്ന വാദവും ചർച്ചയായി. പദ്ധതിരേഖ നന്നായി പഠിച്ചിട്ടാണ് പറയുന്നതെന്നും ആണയിട്ടു. ഇന്ത്യൻ റെയിൽവേക്ക് എവിടെയാണ് ബഫർസോൺ എന്ന് പരിഹസിച്ചു. എന്നാൽ, സിൽവർ ലൈൻ പാതയുടെ ഇരുവശവും 10 മീറ്റർ വീതം ബഫർസോൺ ഉണ്ടെന്ന് കെ- റെയിൽ മാനേജിങ് ഡയറക്ടർ തിരുത്തി. അതിനുശേഷവും മന്ത്രി തന്‍റെ വാദത്തിൽ ഉറച്ചുനിന്നു. അഞ്ചുമീറ്റർ സുരക്ഷ സോൺ മാത്രമാണെന്നായിരുന്നു നിലപാട്. പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മന്ത്രിയെ തിരുത്തി രംഗത്തെത്തി. ഇതോടെയാണ് മന്ത്രി വാദം ഉപേക്ഷിക്കാൻ തയാറായത്. പാർട്ടി പറഞ്ഞാൽ അതിനപ്പുറം ഇല്ലെന്നും തനിക്ക് തെറ്റുപറ്റിയത് ആകാമെന്നുമായിരുന്നു വിശദീകരണം.

കെ- റെയിലിന്‍റെ അലൈൻമെന്‍റ് മാറ്റം

കെ- റെയിലിന്‍റെ അലൈൻമെന്‍റ് മാറ്റി ബന്ധുക്കളുടെയടക്കം സ്വത്തുവകകൾ സംരക്ഷിക്കാൻ മന്ത്രി ഇടപെട്ടെന്ന ആരോപണത്തിലും അകപ്പെട്ടു. മന്ത്രിയുടെ വീടിരിക്കുന്ന മുളക്കുഴ മേഖലയിൽ പദ്ധതിയുടെ അലൈൻമെൻറ് മാറ്റിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

സ്വപ്‌ന സുരേഷിനും അധിക്ഷേപം

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ അധിക്ഷേപിച്ചതാണ് മറ്റൊരു വിവാദം. സ്ത്രീകളിലൂടെയാകും കോണ്‍ഗ്രസിന്‍റെ അന്ത്യമെന്നും യു.ഡി.എഫ് കാലത്ത് സരിത പറഞ്ഞതു പോലൊരു കഥയാണ് സ്വപ്ന പറയുന്നതെന്നും എവിടുന്ന് കിട്ടി ഈ സാധനത്തിനെയെന്നുമായിരുന്നു വിമർശനം. 

കുടുക്കിയത് ഭരണഘടന വിരുദ്ധ പ്രസംഗം

ഞായറാഴ്ച വൈകീട്ട് മല്ലപ്പള്ളി വട്ടശ്ശേരി പ്ലാസയിലായിരുന്നു സജി ചെറിയാനെ കുരുക്കിയ ഭരണഘടന വിരുദ്ധ പ്രസംഗം. ഒരുമണിക്കൂർ നീണ്ട പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾ ചുവടെ:

''മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഞാൻ പറയുന്നത് ഇന്ത്യയിലെ ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻപറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്.

ബ്രിട്ടീഷുകാരൻ പറഞ്ഞതും തയാറാക്കിക്കൊടുത്തതുമായ ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഫലമായി, രാജ്യത്ത് ഏത് ആള് പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല, ഈ രാജ്യത്തെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. അതിന് കുറച്ച് പ്രമോദ് നാരായണന്‍റെ (വേദിയിലുണ്ടായിരുന്ന എം.എൽ.എ) ഭാഷയിൽ പറഞ്ഞാൽ ഇച്ചിരി മുക്കും മൂലയും അരിച്ചുപെറിച്ച് ഗുണങ്ങൾ ഇട്ടിട്ടുണ്ട്. എന്നുവെച്ചാൽ മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം ഒക്കെ അതിന്‍റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന ചൂഷണം. ഞാൻ ചോദിക്കട്ടെ, തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ.

1957ൽ ഇവിടെ ഗവൺമെൻറ് അധികാരത്തിൽ വന്നപ്പോൾ ആദ്യത്തെ ഗവൺമെൻറ് തീരുമാനിച്ചു തൊഴിൽനിയമങ്ങൾ സംരക്ഷിക്കണമെന്ന്. കൂലി ചോദിക്കാൻ പറ്റില്ലായിരുന്നു. കൂലി ചോദിച്ചാൽ പൊലീസുകാർ നടുവ് ചവിട്ടി ഒടിക്കുമായിരുന്നു. അപ്പോൾ എക്സ്പ്ലോയിറ്റേഷനെ, ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയിൽ. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരന്മാരും ഈ രാജ്യത്ത് വളർന്നുവരുന്നത്. ഈ പണമെല്ലാം എവിടെനിന്നാണ്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ചമൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട്, പാവങ്ങളെ ചൂഷണംചെയ്ത്, അവന് ശമ്പളം കൊടുക്കാതെ.

എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം എന്ന് പറഞ്ഞ് സമരം ചെയ്തിട്ട് ഇന്ന് നമ്മുടെ നാട്ടിൽ 12ഉം 16ഉം 20ഉം മണിക്കൂർ ജോലി ചെയ്യുമ്പോൾ ഈ രാജ്യത്തിന്റെ ഭരണഘടന അവർക്ക് പ്രൊട്ടക്ഷൻ കൊടുക്കുന്നുണ്ടോ?''.

Tags:    
News Summary - Flood, adoption Controversy, K Rail, Constitution... Saji cherian's controversial remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.