തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാനുസൃതമായ സംവരണം പൂർണാർഥത്തിൽ ഉറപ്പാക്കാൻ ആവിഷ്കരിച്ച േഫ്ലാട്ടിങ് സംവരണം അട്ടിമറിക്കാനുള്ള ശ്രമം ഇതു രണ്ടാം തവണ. നേരത്തെ 2019ൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി തന്നെയാണ് ഇതിന് ഫയൽ സമർപ്പിച്ചതും സർക്കാർതലത്തിൽ തീരുമാനമെടുത്തതും. ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചതോടെ, അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ ഇടപെട്ടു.
േഫ്ലാട്ടിങ് സംവരണം നിർത്തുന്നതുവഴി പിന്നാക്ക സമുദായങ്ങൾക്കുണ്ടാകുന്ന സീറ്റ് നഷ്ടം മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം ധരിപ്പിച്ചതിനെ തുടർന്നാണ് അന്ന് ഉത്തരവിറക്കും മുമ്പ് അട്ടിമറി നീക്കം പൊളിഞ്ഞത്. ഇത്തവണ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ജനുവരി അഞ്ചിന് സമർപ്പിച്ച കത്ത് ആയുധമാക്കിയാണ് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി തീരുമാനമെടുത്ത് പ്രവേശന പരീക്ഷ കമീഷണർക്ക് കത്ത് നൽകിയത്. വയനാട്, ഇടുക്കി തുടങ്ങിയ സർക്കാർ എൻജിനീയറിങ് കോളജുകളിൽ നിന്ന് റാങ്കിൽ മുന്നിൽ വരുന്ന വിദ്യാർഥികൾ േഫ്ലാട്ടിങ് സംവരണം വഴി മറ്റ് സർക്കാർ എൻജിനീയറിങ് കോളജുകളിലേക്ക് മാറുന്നെന്നും അതുവഴി ഈ രണ്ട് കോളജുകളിലും സംവരണ വിഭാഗത്തിലുള്ള വിദ്യാർഥികൾ മാത്രമായി മാറുന്നെന്നും ഇത് കോളജിന്റെ പഠന നിലവാരത്തെ ബാധിക്കുന്നെന്നുമാണ് കത്തിൽ പറയുന്നത്. 2019ൽ ഇതേ ആക്ഷേപം പട്ടികജാതി, വർഗ വികസന ഡയറക്ടറുടെ പേരിലാണ് കത്തായി ഉന്നത വിദ്യാഭ്യാസ വകുപ്പിലെത്തിയതും േഫ്ലാട്ടിങ് സംവരണം നിർത്തലാക്കാൻ നോക്കിയതും.
മതിയായ സൗകര്യങ്ങളൊരുക്കാത്തതും ട്രാൻസ്ഫർ ലഭിക്കുന്ന അധ്യാപകർ വയനാട്, ഇടുക്കി കോളജുകളിൽ ജോയിൻ ചെയ്യാൻ മടിക്കുന്നത് ഉൾപ്പെടെയുള്ള കാരണങ്ങളാണ് യഥാർഥത്തിൽ അധ്യയന നിലവാരത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമത്രെ. ഇതൊന്നും പരിഗണിക്കാതെയാണ് സംവരണ വിഭാഗങ്ങളുടെ ഭരണഘടന അവകാശങ്ങൾ അട്ടിമറിക്കുന്ന രീതിയിലുള്ള നിർദേശം നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നത്. 2019ൽ മെഡിക്കൽ പ്രവേശനത്തിൽ സാമ്പത്തിക പിന്നാക്ക വിഭാഗത്തിന് വഴിവിട്ട് സീറ്റ് അനുവദിച്ചുനൽകിയതിലും ഉദ്യോഗസ്ഥതല ഗൂഢാലോചനയുണ്ടായിരുന്നു. എൻജിനീയറിങ് പ്രവേശനത്തിന് േഫ്ലാട്ടിങ് സംവരണം നിർത്താൻ നിർദേശിച്ചതോടെ ഇത് മെഡിക്കൽ പ്രവേശനത്തിനും ബാധകമാകും. രണ്ടു കോഴ്സ് പ്രവേശനത്തിനും ഒറ്റ പ്രോസ്പെക്ടസും ഒരേ സംവരണ രീതിയുമാണ് പിന്തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.