കൊച്ചി: ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന കേസിൽ നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും 1.56 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. തിരുവനന്തപുരത്തെ പട്ടം, കരകുളം എന്നിവിടങ്ങളിലെ 12 ഭൂസ്വത്തുക്കളും ഒരു ഫ്ലാറ്റുമാണ് കണ്ടുകെട്ടിയത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ നിയമപ്രകാരം ഇ.ഡി കൊച്ചി മേഖല ഓഫിസിന്റേതാണ് നടപടി.
ധന്യയുടെ ഭർതൃപിതാവ് ജേക്കബ് സാംസണിന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരത്തുള്ള സാംസൺ ആന്‍ഡ് സൺസ് ബിൽഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് എന്ന കമ്പനി അഞ്ഞൂറോളം ഫ്ലാറ്റും 20 വില്ലയും നിർമിച്ച് നൽകാമെന്ന് പറഞ്ഞ് 2011മുതൽ പലരിൽനിന്നായി 100 കോടിയോളം രൂപയുടെ നിക്ഷേപവും അമിത പലിശ വാഗ്ദാനം ചെയ്ത് 30 കോടിയോളം രൂപയും സ്വീകരിച്ചെന്നാണ് കേസ്. കമ്പനിയുടെ മാർക്കറ്റിങ് മാനേജരായിരുന്നു ധന്യ. ഭർത്താവും നടനുമായ ജോൺ ജേക്കബ്, ജോണിന്റെ സഹോദരൻ സാമുവൽ ജേക്കബ് എന്നിവരാണ് മറ്റ് ഡയറക്ടർമാർ.
രണ്ട് വർഷത്തിനകം ഫ്ലാറ്റുകൾ കൈമാറുമെന്നാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും ഫ്ലാറ്റോ പണമോ നൽകിയില്ല. നിക്ഷേപകരുടെ പരാതിയിൽ ധന്യയടക്കം ഡയറക്ടർമാർക്കെതിരെ കേസെടുത്ത പേരൂർക്കട പൊലീസ്, കമ്പനി ഉടമകൾ സമാഹരിച്ച പണം സ്വന്തം ആവശ്യങ്ങൾക്കായി ചെലവഴിച്ചെന്നും ഫ്ലാറ്റ് നിർമാണത്തിന് ഉപയോഗിച്ചില്ലെന്നും കണ്ടെത്തിയിരുന്നു.
പൊലീസ് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി അന്വേഷണം. നിക്ഷേപകരിൽനിന്ന് സ്വീകരിച്ച പണം ഫ്ലാറ്റ് നിർമാണത്തിന് ഉപയോഗിക്കുകയോ മടക്കി നൽകുകയോ ചെയ്തില്ലെന്ന് ഇ.ഡിയും കണ്ടെത്തി. കമ്പനിയുടെയും ഡയറക്ടർമാരുടെയും അക്കൗണ്ടുകളിലേക്ക് എത്തിയ പണം സ്ഥാവര, ജംഗമ വസ്തുക്കൾ വാങ്ങിക്കൂട്ടാനാണ് പ്രതികൾ ഉപയോഗിച്ചത്. അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിക്കാൻ ഇവയിൽ ചിലത് മറ്റുള്ളവരുടെ പേരിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ വ്യക്തമായി. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇ.ഡി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.