ഫുട്ബാൾ മത്സര വാക്കുതർക്കം പരിഹരിക്കാനെത്തിയ യുവാവിനെ നടുറോഡിൽ കുത്തിക്കൊന്ന കേസിൽ അഞ്ച് പേർ കീഴടങ്ങി

തിരുവനന്തപുരം: ഫുട്ബാൾ മത്സരത്തെ ചൊല്ലിയുള്ള വാക്കുതർക്കം പരിഹരിക്കാനെത്തിയ യുവാവിനെ നടുറോഡിൽ കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതിയുൾപ്പടെ അഞ്ച് പേർ കോടതിയിൽ കീഴടങ്ങി. ജഗതി ടി.സി 16/993 ൽ അജിൻ എന്ന ജോബി (27), ജഗതി ടി.സി 16/925 സന്ദീപ് ഭവനിൽ അഭിജിത്ത് (26), ജഗതി ടി.സി 16/5 ൽ കിരൺ (26) എന്ന ചക്കുമോൻ ,വലിയവിള സ്വദേശി നന്ദു (27) എന്ന ജോക്കി, പന്നിയോട് കലവുപാറ ചരുവിള വീട്ടിൽ അഖിൽലാൽ (27) എന്ന ആരോൺ എന്നിവരാണ് വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിൽ കീഴടങ്ങിയത്. അഞ്ച് പേരെയും വൈദ്യപരിശോധനയ്ക്ക് ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊലപതാകം, ഗൂഡാലോചന സംഘം ചേർന്നുള്ള സംഘർഷം എന്നീ വകുപ്പുകളുൾപ്പടെ ചുമത്തിയിട്ടുണ്ട്.

കൊലക്കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതികളെ ജയിലിലേക്ക് കൊണ്ടുപോകുന്നു

ഇതോടെ കേസിൽ പ്രതികളായിട്ടുള്ള എല്ലാവരും അറസ്റ്റിലായി. ഇതിൽ പ്രായപൂർത്തിയാകാത്ത 16കാരനുമുണ്ട്. ജൂവൈനൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ വിദ്യാർഥിയെ പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. സംഭവമായി ബന്ധപ്പെട്ട് ജഗതി ടി.സി 16/925 സന്ദീപ് ഭവനിൽ സന്ദീപ് (27), കുന്നുകുഴി തേക്കുംമൂട് തോട്ട് വരമ്പ് വീട്ടിൽ അഖിലേഷ് (20) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് തമ്പാനൂർ അരിസ്റ്റോ ജഭ്ഷന്‍ തോപ്പില്‍ ഡി 47 ല്‍ അലനെയാണ് (18) അജിന്‍റെ നേതൃത്വത്തിലുള്ള സംഘം കുത്തികൊലപ്പെടുത്തിയത്. മോഡൽ സ്കൂളിലെ ബി.എഡ് കോളജ് ഗ്രൗണ്ടിൽ ഒരു മാസം മുമ്പ് നടന്ന പ്രാദേശിക ക്ലബ്ബുകളുടെ ഫുട്‌ബാൾ മത്സരത്തിലുണ്ടായ തര്‍ക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടയിൽ അന്ന് മോഡൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെ രാജാജി കോളനിയിലെ കൊല്ലപ്പെട്ട അലന്‍റെ സുഹൃത്തുകൾ ചീത്തവിളിച്ചതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതിന് മുതിർന്നവർ ഇടപെട്ട് കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 4.30ന് മോഡൽ സ്കൂൾ പരിസരത്ത് ഒത്തുതീർപ്പ് ചർച്ച ഏർപ്പാടാക്കി.

എന്നാൽ ഒത്തുതീർപ്പ് ചർച്ചക്കായി വിദ്യാർഥി എത്തിയത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും റൗഡി ലിസ്റ്റിലുമുള്ള അജിൻ, അഭിജിത്ത്, കിരൺ, അഖിൽ ലാൽ, സന്ദീപ് എന്നിവരുമായിട്ടാണ്. ആയുധങ്ങളും ഇവർ കൈയിൽ കരുതിയിരുന്നു. സംസാരിക്കുന്നതിനിടിയിൽ സംഘങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ സംഘങ്ങളോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ട അലനെ അജിന്‍റെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ട് മർദിച്ചു. ശേഷം അജിൻ കമ്പികൊണ്ടുള്ള മൂർച്ചയേറിയ ആയുധം അലന്‍റെ ഇടനെഞ്ചിൽ കുത്തിയിറക്കുകയായിരുന്നു.

പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ പൊലീസ് കോടതിയിൽ സമർപ്പിക്കും. പ്രതികളെ കസ്‌റ്റഡിയിൽ ലഭിച്ചാൽ മാത്രമേ കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താനാകൂ.

Tags:    
News Summary - Five people surrender in the case of stabbing young man to death at thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.