ഫിഷറീസ് ബിൽ കുത്തകകളെ സഹായിക്കാൻ -മുഖ്യമന്ത്രി

കൊല്ലം: കടലും തീരവും വൻകിടക്കാർക്ക് തീറെഴുതി നൽകാൻ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഫിഷറീസ് ബിൽ കുത്തകകളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ധനം, വൈദ്യുതി, കാർഷികം എന്നിങ്ങനെ സർവമേഖലയിലും കോർപറേറ്റുകളെ സഹായിക്കാൻ നിയമങ്ങൾപോലും സൃഷ്ടിക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു. കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) കൊല്ലം തങ്കശ്ശേരിയിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ണെണ്ണ വില ക്രമാതീതമായി വർധിപ്പിക്കുന്നതും േക്വാട്ട കുറച്ചതും മത്സ്യമേഖലയെ പ്രതിസന്ധിയിലാഴ്ത്തുകയാണ്. ഈ നയം തിരുത്തണമെന്ന് നിതി ആയോഗ് യോഗത്തിൽ കേന്ദ്ര സർക്കാറിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വർധിപ്പിക്കുന്നതൊന്നും കുറക്കുന്ന പതിവ് കേന്ദ്രത്തിനില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാറിന് എന്തുചെയ്യാൻ കഴിയുമെന്നത് ചർച്ച ചെയ്യാൻ മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗം വിളിക്കും.

ആഴക്കടലിലടക്കം മത്സ്യത്തൊഴിലാളികൾക്ക് അവകാശം ഉറപ്പുവരുത്താൻ ഉതകുംവിധം അക്വേറിയം റിഫോംസ് ബില്ലിനായാണ് എൽ.ഡി.എഫ് നിലകൊള്ളുന്നത്. മത്സ്യബന്ധനോപകരണങ്ങളുടെ ഉടമസ്ഥാവകാശവും കടലിലേക്കുള്ള പ്രവേശനാധികാരവും മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പുനൽകാൻ കഴിയുന്ന നിയമനിർമാണവും അന്തിമഘട്ടത്തിലാണ്. കടലോരം സംരക്ഷിക്കാൻ കൂടുതൽ ഫലപ്രദമായ പ്രവർത്തനങ്ങൾ അണിയറയിൽ നടക്കുകയാണ്. അക്കാര്യത്തിൽ ലോക ബാങ്കിന്‍റെ സഹായമടക്കം ലഭ്യമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

കോൺഗ്രസ് വിദേശ ട്രോളറുകൾക്ക് വാതിൽ തുറന്നുനൽകിയപ്പോൾ ഒരുപടി കൂടി കടന്ന ബി.ജെ.പി സർക്കാർ തീരക്കടലിൽ സംസ്ഥാനങ്ങൾക്കുള്ള അവകാശം കവർന്നെടുക്കാനാണ് ശ്രമിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കും ക്ഷേമത്തിനും ഇത് വലിയ വെല്ലുവിളിയും തടസ്സവുമാണ്. ബ്ലൂ എക്കണോമി മത്സ്യമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. സബ്സിഡി നിർത്തലാക്കാനുള്ള കേന്ദ്ര നീക്കം നടപ്പായാൽ മത്സ്യത്തൊഴിലാളികളുടെ ജീവിതം താളംതെറ്റും. മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്ന നിലപാടാണ് എൽ.ഡി.എഫ് സർക്കാറുകൾ എക്കാലവും സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കൂട്ടായി ബഷീർ അധ്യക്ഷത വഹിച്ചു. 

Tags:    
News Summary - Fisheries Bill to help monopolies - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.