ശരത് സുബ്രഹ്മണ്യൻ
ക്ലിഫ് ഹൗസിലടക്കം 102 തവണ ബോംബ് ഭീഷണി: സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ; ‘ഡിപ്രഷൻ മാറ്റാൻ അയച്ചത്, നല്ല മനഃസുഖം കിട്ടി’
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ബോംബ് ഭീഷണി പരമ്പരയിൽ പ്രതി അറസ്റ്റിൽ. സംസ്ഥാന സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലുമടക്കം 102 കേന്ദ്രങ്ങളിൽ ബോംബ് വെച്ചതായി നിരന്തരം ഭീഷണി സന്ദേശം അയച്ച സോഫ്റ്റ് വെയർ എൻജിനീയറാണ് പിടിയിലായത്.
തമിഴ്‌നാട് സ്വദേശി ശരത് സുബ്രഹ്മണ്യനെയാണ് തമിഴ്‌നാട് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തത്. അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ പ്രതിയെ തിരുവനന്തപുരം സിറ്റി പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി.
സംസ്ഥാന സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും പുറമേ നിരവധി വിദ്യാലയങ്ങൾക്കും ആശുപത്രികൾക്കും അടക്കം ഇയാൾ നിരന്തരം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. കേരളത്തിൽ മാത്രം പ്രതിക്കെതിരെ 102 കേസുകളാണ് പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അമേരിക്കയിൽ ജോലി ചെയ്യുന്ന ഇയാൾ അവിടെവെച്ചാണ് വ്യാജ ഇമെയിലുകൾ വഴി ശരത് ബോംബ് ഭീഷണി മുഴക്കിയിരുന്നത്. ഒന്നര മാസം മുൻപ് ചെന്നൈയിലെത്തിയ ഇയാളെ, തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ എ.ടി.എസ് കസ്റ്റഡിയിലെടുത്തിരുന്നു. ചാറ്റ് ജി.പി.ടി ഉപയോഗിച്ചാണ് ഈ ചിത്രം നിർമ്മിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കേരളത്തിലെ 102 ബോംബ് ഭീഷണികൾക്ക് പിന്നിലും ഇയാളാണെന്ന വിവരങ്ങൾ പുറത്തുവന്നത്.
അതേസമയം, ഭാര്യ ഉപേക്ഷിച്ചതിനെ തുടർന്ന് വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും ഈ ഡിപ്രഷൻ മാറ്റാനാണ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ തീരുമാനിച്ചതെന്നുമാണ് പ്രതി നൽകിയ മൊഴി. തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലേക്കും മുൻപ് വ്യാജ ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നെങ്കിലും അത് വലിയ വാർത്തയാകാത്തതിനാൽ വിചാരിച്ച സന്തോഷം ലഭിച്ചില്ല. എന്നാൽ കേരളത്തിൽ സംഭവം വലിയ വാർത്തയായത് നല്ല മനഃസുഖം നൽകിയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.