കൽപറ്റ: ഒരായുസിൽ നേരിടാവുന്നതിലുമതികം വെല്ലുവിളികളെ അതിജീവിച്ച, ഒരുകാലത്ത് മലയാളികളൊന്നാകെ അമ്മയെന്നു വിളിച്ച ഭവാനി ടീച്ചർ സ്നേഹിച്ചു കൊതിതീരുമുമ്പെ തന്നെ വിട്ടുപോയ കണ്ണ െൻറ ലോകത്തേക്ക് യാത്രയായി. ഇനിയൊരു ജന്മമുണ്ടെങ്കിൽ മാതൃത്വത്തിെൻറ മധുരം ആവോളം നുകരണമെന്ന ആഗ്രഹത്തോടെയാണ് അവർ തിങ്കളാഴ്ച പുലർച്ചെ വിടപറഞ്ഞത്.
പിണങ്ങോട് പീസ് വില്ലേജ് ഫൗണ്ടേഷനിൽ കഴിഞ്ഞിരുന്ന ടീച്ചർ തിങ്കളാഴ്ച പുലർച്ചെ മേപ്പാടി ഡി.എം. വിംസ് മെഡിക്കൽ കോളജിൽ വെച്ചാണ് അന്തരിച്ചത്. മാസങ്ങൾക്ക് മുമ്പ് കുഴഞ്ഞുവീണ അവർ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ഘട്ടത്തിലാണ് വാർധ്യകസഹജമായ അസുഖങ്ങൾ ഏറിയത്. കടുത്ത പ്രമേഹവും കൂടിയതോടെ ടീച്ചറുടെ ആരോഗ്യ നില തീരെ വഷളാവുകയായിരുന്നു. മൂന്നാഴ്ച മുമ്പാണ് ടീച്ചറേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പ്രമേഹത്തിന് പുറമെ ഹൃദയസംബന്ധമായ പ്രശ്നവും ആരോഗ്യത്തെ ബാധിച്ചിരുന്നു. പീസ് വില്ലേജ് ഫൗണ്ടേഷൻ അധികൃതർ അറിയിച്ചതിനെതുടർന്ന് ടീച്ചറുടെ ബന്ധുക്കൾ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
15വർഷങ്ങൾക്കുമുമ്പുള്ള ഭവാനി ടീച്ചറെ ആരും മറക്കില്ല. ഒരു കുഞ്ഞിനെ ലഭിക്കാനുള്ള ആഗ്രഹത്തിൽ 62ാം വയസിൽ സംസ്ഥാനത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നൽകിയ അമ്മ. അങ്ങനെയവർ കണ്ണ െൻറ അമ്മയായി. അതുവരെ അറിയാത്ത മാതൃത്വത്തിെൻറ മധുരം അവർ കണ്ണന് ആവോളം നൽകി. പിന്നീട് ഒരു ദുരന്തവാർത്തയുമായാണ് ഭവാനി ടീച്ചറെ േകരളം കണ്ടത്. ആലപ്പുഴ സ്വദേശിനിയായ ഭവാനി ടീച്ചറുടെ രണ്ടുവയസുള്ള കണ്ണൻ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ച വാർത്തയും ഞെട്ടലോടെയാണ് മലയാളികൾ സ്വീകരിച്ചത്. വീണ്ടും ഒറ്റപ്പെടലിെൻറ നാളുകളായിരുന്നു ആ അമ്മക്ക്.
അഞ്ചുവർഷം മുമ്പ് വയനാട്ടിലെത്തിയ ഭവാനിയമ്മ മാനന്തവാടി എരുമത്തെരുവിലെ വാടകവീട്ടിലെ കുട്ടികൾക്ക് കണക്കിൽ ട്യൂഷനെടുത്തു. വയനാട്ടിലെ ആ പുതിയതുടക്കത്തിനും അൽപയുസായിരുന്നു. മാസങ്ങൾക്ക് മുമ്പ് പ്രായത്തിെൻറ ബുദ്ധിമുട്ടുകൾക്കിടയിൽ അപ്രതീക്ഷിതമായി ആ അമ്മ തളർന്നുവീഴുകയായിരുന്നു. മാനന്തവാടി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് പീസ് വില്ലേജ് ഫൗണ്ടേഷൻ ഇവരെ ഏറ്റെടുക്കുന്നത്. തുടർന്ന് ഒന്നരമാസം മേപ്പാടി ഡി.എം.വിംസ് മെഡിക്കൽ കോളജിൽ ചികിത്സ.
തോൽക്കാൻ മനസില്ലാത്ത ആ അമ്മയോടൊപ്പം ഒരുപാട് നന്മമനസുകൾ കൂടി ചേർന്നപ്പോൾ കിടക്കയിൽ നിന്നും വീൽചെയറിലേക്ക് മാറാനായിരുന്നു. പീസ് വില്ലേജിൽ അവിടെ വരുന്ന ട്രസ്റ്റ് അംഗങ്ങളുടെ മക്കളെയും താലോലിച്ച് ഭവാനിയമ്മ പുതിയ ജീവിതത്തിെൻറ പടവുകൾ കയറുന്നതിനിടെയാണ് അപ്രതീക്ഷതിമായി ആരോഗ്യനില വഷളായത്. മരണത്തെപോലും തോൽപിച്ച് എല്ലാം പ്രതിസന്ധികളെയും അതിജീവിച്ച്, കൊടുത്തുതീർക്കാനാകാത്ത മാതൃസ്നേഹത്തിെൻറ നൊമ്പരവുമായി കണ്ണനെയും ഒാർത്ത് കഴിഞ്ഞ ഭവാനി ടീച്ചർ വിടവാങ്ങുമ്പോൾ അവരുടെ സ്വപ്നങ്ങൾ മാത്രം ബാക്കിയാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.