സൗജന്യ ചികിത്സയിൽ ഒന്നാമത്; കേരളത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍


ന്യൂഡൽഹി: കേരളത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്തൻ 3.0ൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ് കേരളത്തിനാണ്. കൂടാതെ ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയ സര്‍ക്കാര്‍ ആശുപത്രിക്കുള്ള അവാര്‍ഡ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരസ്ഥമാക്കി.

കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ എ.ബി- പിഎം - ജെ.എ.വൈ - കാസ്പ് കാര്‍ഡ് ലഭ്യമാക്കിയ പ്രധാന്‍മന്ത്രി ആരോഗ്യ മിത്രക്കുള്ള അവാര്‍ഡ് ആലപ്പുഴ ജില്ലയിലെ വണ്ടാനം ടി.ഡി മെഡിക്കല്‍ കോളേജിലെ എ. അശ്വതി സ്വന്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി സംസ്ഥാനം നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ 2 കോടി സൗജന്യ ചികിത്സയാണ് പദ്ധതി പ്രകാരം രാജ്യത്ത് ആകെ നടപ്പിലാക്കിയത്. ഇതിൽ 27.5 ലക്ഷം (മൊത്തം ചകിത്സയുടെ 13.66 ശതമാനം) സൗജന്യ ചികിത്സ ലഭ്യമാക്കിയത് കേരളത്തിൽ നിന്നുമാത്രമാണ്. ഈ നേട്ടത്തിനാണ് സംസ്ഥാനത്തിന് പുരസ്‌കാരം.

കാസ്പ് പദ്ധതി നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് (എസ്.എച്ച്.എ) രൂപം നൽകി. സംസ്ഥാന സർക്കാർ എസ്.എച്ച്.എയെ ആണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏൽപ്പിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി സമയത്തും സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ ഏകോപിക്കുന്നതിനു എസ്.എച്ച്.എ വലിയ പങ്കാണ് വഹിച്ചത്. 

Tags:    
News Summary - First in free treatment; Three National Awards for Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.