കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിലെ റോയ് തോമസ് വധക്കേസിൽ 155ാം സാക്ഷി നായർകുഴി കമ്പളത്തുപറമ്പ് പി. പ്രവീൺ കുമാർ പ്രതി ഭാഗത്തേക്ക് കൂറുമാറിയതായി മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ പ്രഖ്യാപിച്ചു. 46 സാക്ഷികളെ വിസ്തരിച്ചതിൽ ആദ്യമാണ് കൂറുമാറ്റം.
സി.പി.എം മുൻ കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയും ഇപ്പോൾ ലോക്കൽ കമ്മിറ്റി അംഗവുമായ സാക്ഷി, കേസ് ഡയറിയിൽ പൊലീസ് രേഖപ്പെടുത്തിയ മൊഴിക്ക് വിരുദ്ധമായി പറഞ്ഞതോടെ കൂറുമാറിയതായി പ്രഖ്യാപിക്കാൻ പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷിക്കുകയായിരുന്നു. തുടർന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ എതിർ വിസ്താരം നടത്തി. ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് പ്രവീൺകുമാർ മൊഴിനൽകിയത്.
അന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതി ജോളിക്ക് നാലാം പ്രതി മനോജ് കുമാർ വ്യാജ രേഖയിൽ ഒപ്പിട്ട് നൽകിയ സ്ഥലത്തേക്ക് 2019 നവംബറിൽ ക്രൈം ബ്രാഞ്ച് മനോജ് കുമാറിനെ തെളിവെടുപ്പിനായി കൊണ്ടുവന്നതിന് തയാറാക്കിയ മഹസറിലെ സാക്ഷിയാണ് പ്രവീൺകുമാർ. കുന്ദമംഗലത്ത് തുണിക്കട നടത്തുകയാണെന്നും 2019 നവംബർ 23ന് തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതി മനോജ്, ജോളിക്ക് പേപ്പർ കൊടുത്ത സ്ഥലം കാണിച്ചുകൊടുക്കുന്നത് കണ്ടുവെന്നുമായിരുന്നു മൊഴി. എന്നാൽ, താൻ സ്ഥലത്ത് പോയില്ലെന്നും സ്റ്റേഷനിൽ വിളിപ്പിച്ച് മൊഴിയിൽ ഒപ്പീടിക്കുകയായിരുന്നുവെന്നുമാണ് മൊഴി മാറ്റിയത്.
മനോജ് കുമാറും പ്രവീൺകുമാറും ഒരേസമയം ലോക്കൽ കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്നുവെന്നും മനോജ് കുമാറിനെ 15 വർഷമായി അടുത്തറിയാം എന്നും പ്രോസിക്യൂഷന്റെ ക്രോസ് വിസ്താരത്തിൽ പ്രവീൺകുമാർ സമ്മതിച്ചു. കുടുംബശ്രീ കുന്ദമംഗലം ഏരിയ കോ ഓഡിനേറ്റർ കൂടിയാണ് പ്രവീൺകുമാർ എന്നാണ് പ്രോസിക്യൂഷൻ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.