പാങ്ങോട്: അഞ്ചു പേരുടെ കൊലക്കും മാതാവിന് നേരെയുള്ള കൊടുംക്രൂരതക്കും വഴിവെച്ച വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. അമ്മൂമ്മ സൽമ ബീവിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അഫാൻ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയാണ് പാങ്ങോട് സി.ഐ അറസ്റ്റ് ചെയ്തത്. കൂടാതെ, അഫാന്‍റെ വിശദ മൊഴിയും പാങ്ങോട് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു.
ഇന്നലെ വൈകിട്ടാണ് അഫാന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. ഇതിന്‍റെ റിപ്പോർട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് കൈമാറേണ്ടത്. മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഡിസ്ചാർജ് ചെയ്താൽ അഫാനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. ഡിസ്ചാർജ് ചെയ്യേണ്ടെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനമെങ്കിൽ മജിസ്ട്രേറ്റിനെ ആശുപത്രിയിൽ എത്തിച്ച് റിമാൻഡ് ചെയ്യാനാണ് പൊലീസ് തീരുമാനം.
മദ്യത്തിൽ പെപ്സിയും എലിവിഷവും ചേർത്ത് കഴിച്ചെന്നാണ് അഫാന്‍റെ മൊഴി. പുറമേക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും 72 മണിക്കൂർ നിരീക്ഷണം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. കരളിന്റെ പ്രവർത്തനം താറുമാറാക്കുന്ന സിങ്ക്ഫോസ്ഫൈഡ് അടങ്ങുന്ന എലിവിഷം സാവധാനത്തിലേ കരളിനെ ബാധിക്കൂ എന്നതിനാലാണ് ഈ നിരീക്ഷണം. വിഷം ശരീരത്തിലെ കൊഴുപ്പിൽ കലരുകയും സാവധാനം രക്തത്തിലേക്ക് തിരിച്ചെത്താനും ശരീരം മുഴുവൻ വ്യാപിക്കാനും സാധ്യതയുണ്ട്.
അതേസമയം, അഫാന്‍റെ മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. നിലവിൽ ബോധം വന്നിട്ടുണ്ട്. സംസാരിക്കുന്നുണ്ടെന്നും ബന്ധുക്കളെയൊക്കെ അന്വേഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അപകടനില പൂർണമായും തരണം ചെയ്തെന്ന് പറയാൻ കഴില്ലെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
നല്ല മുറിവുകളുണ്ട്. സംസാരിക്കാൻ പറ്റുന്ന സ്ഥിതിയാണ്. 48 മണിക്കൂറിനു ശേഷം ഒരു സ്കാൻ കൂടി ചെയ്യേണ്ടതുണ്ട്. അതിനു ശേഷം കൂടുതൽ വിവരങ്ങൾ നൽകാമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇന്ന് പൊലീസിന് മൊഴിയെടുക്കാൻ കഴിഞ്ഞേക്കുമെന്നാണ് സൂചന. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ഷെമിയുടെ പക്കൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.