പുനലൂരിൽ ഏഴ്​ കടകൾ കത്തിനശിച്ചു; അരക്കോടിയുടെ നഷ്​ടം

പുനലൂർ: പുനലൂർ ടൗണിൽ തീപിടിത്തത്തിൽ ഏഴുകടകൾ നശിച്ചു. അരക്കോടി രൂപയുടെ നഷ്​ടം കണക്കാക്കുന്നു. അഗ്​നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്ന് തീ കെടുത്തിയതിനാൽ ടൗണിലെ മറ്റ് കടകളിലേക്ക് തീ പടരുന്നത് തടയാനായി. തീ അണക്കാൻ ശ്രമിക്കുന്നതിനിടെ നാല്​ അഗ്​നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

പുനലൂർ ഗവ. എച്ച്.എസ്.എസിന് സമീപമുള്ള കടകളിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് തീ പടർന്നത്. സോമശേഖര​​​െൻറ അമ്പ്രല മാർട്ട്, ഗണേശൻ, മുരുകൻ എന്നിവരുടെ പൂജ സ്​റ്റോർ, ദേവി ഫാൻസി, കുമാർ ജ്വല്ലറി, ബോസ് ഹെയർ ഡ്രസിങ്, ക്ലാസിക് ഫുട്​വെയർ എന്നീ കടകളാണ് നശിച്ചത്. ഇതിൽ ചെരിപ്പുകട ഒഴികെയുള്ളത് പൂർണമായി കത്തിപ്പോയി. ഓടും ആസ്ബസ്​റ്റോസും മേൽക്കൂരയായി ഉള്ളതാണ് ഈ കടകൾ. ചില കടകളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകളും എണ്ണയും തീ പെ​െട്ടന്ന് ആളിപ്പടരുന്നതിന് ഇടയാക്കി. കടകളുടെ പിൻഭാഗത്തുനിന്ന്​ പുകയും തീയും ഉയരുന്നത് തൊട്ടടുത്തുള്ള ജ്വല്ലറിയുടെ സെക്യൂരിറ്റി ജീവനക്കാരനാണ്​ ആദ്യം കണ്ടത്. ഉടൻ പുനലൂർ അഗ്​നിശമന കേന്ദ്രത്തിലും പൊലീസ് സ്​റ്റേഷനിലും വിവരം അറിയിച്ചു. അഗ്​നിശമനസേന രണ്ട്​ യൂനിറ്റെത്തി തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വെള്ളം തീർന്നതിനാൽ വീണ്ടും വെള്ളം കൊണ്ടുവരാൻ പോയ സമയത്ത് തീ ആളിക്കത്തി മറ്റ് കടകളിലേക്ക് പടർന്നു. ഇതുകണ്ട് സ്ഥലത്തുണ്ടായിരുന്ന മർച്ചൻറ്സ് ചേംബർ പ്രസിഡൻറ് എസ്. നൗഷറുദീൻ, ജില്ല ഫയർ ഓഫിസർ, റൂറൽ എസ്.പി എന്നിവരുമായി ബന്ധപ്പെട്ട് മറ്റ് സ്​റ്റേഷനുകളിൽനിന്ന്​ കൂടുതൽ വാഹനങ്ങളിൽ വെള്ളമെത്തിച്ചു. നാലുമണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്. തക്കസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിനാൽ തൊട്ടടുത്തുള്ള വസ്ത്രശാല ഉൾപ്പെട്ട മൂന്നുനില വ്യാപാരകേന്ദ്രത്തിലടക്കം തീ പടരുന്നത് തടയാനായി.

തീ പിടിച്ച കടകളിലെ മുഴുവൻ സാധനങ്ങളും മേൽക്കൂരയും ഉൾപ്പെടെ കത്തിയിട്ടുണ്ട്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് അഗ്​നിശമന വിഭാഗത്തി​​െൻറ പ്രാഥമിക നിഗമനം. കടകളും സാധനങ്ങളും കത്തിയയിനത്തിൽ അരക്കോടി രൂപയുടെ നഷ്​ടം ഉണ്ടായെന്നാണ് വ്യാപാരികൾ പറയുന്നത്. 20 ലക്ഷം രൂപയുടെ നഷ്​ടമാണ് കണക്കാക്കുന്നത്. പുനലൂർ പൊലീസ് അന്വേഷണം തുടങ്ങി. കൊല്ലത്തുനിന്ന്​ വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവുമെത്തി തെളിവുകൾ ശേഖരിച്ചു. തഹസിൽദാർ ബി. അനിൽകുമാറി​​െൻറ നേതൃത്വത്തിൽ റവന്യൂ സംഘമെത്തി നഷ്​ടം തിട്ടപ്പെടുത്തി. ഉച്ചയോടെ മന്ത്രി കെ. രാജു സംഭവസ്ഥലത്തെത്തി വിവരങ്ങൾ ആരാഞ്ഞു. 

നാല്​ അഗ്​നിശമന അംഗങ്ങൾക്ക് പരിക്ക്
പുനലൂർ: പുനലൂർ ടൗണിൽ വ്യാഴാഴ്​ച പുലർച്ചെ കടകളിൽ ഉണ്ടായ തീപിടിത്തം അണക്കാൻ ശ്രമിക്കുന്നതിനിടെ നാല്​ അഗ്​നിശമന സേനാംഗങ്ങൾക്ക് പരിക്ക്. പുനലൂർ അഗ്​നിശമനനിലയത്തിലെ ഫയർമാന്മാരായ ഷിബു, അജിത്കുമാർ, നിഥിൻ സുകുമാർ, ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീ അണക്കാൻ ശ്രമിക്കുന്നതിനിടെ ശക്തമായി വെള്ളം ചീറ്റുന്ന ഹോസ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട നാട്ടുകാരായ ചിലർ വലിച്ചതാണ് ഇവർക്ക് പരിക്കേൽക്കാനിടയാക്കിയത്. ഇവരുടെ മുഖത്തും കൈകൾക്കുമാണ് പരിക്ക്. ജില്ല ഫയർ ഓഫിസർ ഹരികുമാർ, പുനലൂർ സ്​റ്റേഷൻ ഓഫിസർ പി. ശശിധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. പുനലൂർ, കടയ്ക്കൽ, കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങളിൽനിന്നുള്ള സംഘം 12 ടാങ്ക് വെള്ളമാണ് തീ കെടുത്താൻ ഉപയോഗിച്ചത്.

Tags:    
News Summary - Fire at Punaloor - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT