തിരുവനന്തപുരം: ഡി.ജി.പിയും ഫയർഫോഴ്സ് മേധാവിയുമായ യോഗേഷ് ഗുപ്തക്കെതിരായ ‘പ്രതികാര നടപടി’യിൽ നിന്ന് സംസ്ഥാന സർക്കാർ അയയാതിരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കത്ത്. യോഗേഷിനെ സുപ്രധാന പദവികളിലേക്ക് കേന്ദ്ര സർക്കാർ പരിഗണിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകാനുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എത്രയുംവേഗം നല്‍കണമെന്നാണ് ആവശ്യം.
കഴിഞ്ഞ ഒന്നരമാസത്തിനിടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കേന്ദ്രം നൽകിയ എട്ട് കത്തുകളും പ്രതികാരനടപടിയുടെ ഭാഗമായി സംസ്ഥാനം തള്ളിയിരുന്നു. ഇതേതുടർന്ന് യോഗേഷ് ഗുപ്ത മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ ജൂൺ ഒന്നിന് നൽകിയ പരാതി ഇന്നലെവരെയും തുറന്നിട്ടില്ല. സംസ്ഥാനത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ കേന്ദ്ര അന്വേഷണ ഏജന്‍സികളിലെ നിയമനത്തിനുള്ള പാനലിലേക്ക് യോഗേഷ് ഗുപ്തയെ പരിഗണിക്കൂ.
കേരളം കേന്ദ്രത്തിന് കൈമാറിയ പൊലീസ് മേധാവി പട്ടികയില്‍ നിതിൻ അഗവർവാൾ, റവാഡ ചന്ദ്രശേഖർ എന്നിവർക്ക് പിന്നിൽ മൂന്നാമനായാണ് യോഗേഷ് ഗുപ്തയുടെ സ്ഥാനം. ഇവർക്ക് പിന്നിലാണ് മനോജ് എബ്രഹാം. ആദ്യത്തെ മൂന്നുപേരോടും ഇടത് സർക്കാറിന് താൽപര്യമില്ലാത്തതിനാൽ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരോട് പട്ടികയില്‍നിന്ന് സ്വയം ഒഴിവാകണമെന്ന് ‘പ്രത്യേക ദൂതൻ’ വഴി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. എന്നാൽ സർക്കാർ നിർദേശം ഇരുവരും തള്ളുകയായിരുന്നു. ഇതോടെയാണ് യോഗേഷ് ഗുപ്തയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് സർക്കാർ തടഞ്ഞത്.
ഇതുസംബന്ധിച്ച് നേരിട്ട് പരാതി അറിയിക്കാൻ മുഖ്യമന്ത്രിയുടെ സമയം യോഗേഷ് ഗുപ്ത തേടിയെങ്കിലും കൂടിക്കാഴ്ചക്ക് അനുമതി നൽകിയില്ല. 2030വരെ സർവിസുള്ള യോഗേഷ് ഗുപ്ത മൂന്നുമാസം മുമ്പുവരെ പൊലീസ് മേധാവിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്ന ഉദ്യോഗസ്ഥരിലൊരാളായിരുന്നു.
എന്നാൽ വിജിലന്‍സ് ഡയറക്ടറായിരിക്കെ കണ്ണൂര്‍ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ കേസെടുക്കണമെന്ന് ശിപാര്ശചെയ്തതും സർക്കാറിനോട് കൂടിയാലോചിക്കാതെ കെ.എം. എബ്രഹാമിനെതിരായ വിജിലന്‍സ് കേസിന്റെ ഫയലുകള്‍ സി.ബി.ഐക്ക് കൈമാറിയതും സര്‍ക്കാറിന്റെ അപ്രീതിക്ക് കാരണമാക്കി. ഇതിനുപിന്നാലെയാണ് അദ്ദേഹത്തെ വിജിലന്‍സില്‍നിന്ന് ഫയർഫോഴ്സിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.