എല്ലാ ജില്ലകളിലും എക്‌സൈസ് ക്രൈംബ്രാഞ്ച് രൂപവത്കരിക്കാൻ ശിപാർശ

കോഴിക്കോട്: ലഹരി ഉപയോഗവും വിൽപനയും ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എക്‌സൈസ് ക്രൈംബ്രാഞ്ച് രൂപവത്കരിക്കാൻ ശിപാർശ. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള രാസലഹരിക്കടത്ത് തുടരുന്ന സാഹചര്യത്തിലാണ് ഉറവിടം കണ്ടെത്താനായി ക്രൈംബ്രാഞ്ച് വിപുലീകരിക്കണമെന്ന ആവശ്യം എക്‌സൈസ് വിഭാഗം സർക്കാറിനെ അറിയിച്ചത്.

എക്‌സൈസ് കമീഷണറായിരിക്കെ ഋഷിരാജ്‌സിങ് 2018ൽ നികുതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കയച്ച കത്തിലും എല്ലാ ജില്ലകളിലും ക്രൈംബ്രാഞ്ച് ആരംഭിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒരു യൂനിറ്റ് ക്രൈംബ്രാഞ്ച് മാത്രമാണ് സംസ്ഥാനത്ത് ആരംഭിച്ചത്. ഈ സാഹചര്യത്തിലാണ് ജില്ലകളിൽ ക്രൈംബ്രാഞ്ച് വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ തസ്തികകൾ സൃഷ്ടിച്ച് ക്രൈംബ്രാഞ്ച് രൂപവത്കരിക്കണമെന്ന് എക്‌സൈസിലെ അസോസിയേഷനുകളും സർക്കാറിനെ അറിയിച്ചിട്ടുണ്ട്.

നിലവിൽ എറണാകളും ആസ്ഥാനമായുള്ള ക്രൈംബ്രാഞ്ചാണ് 13 ജില്ലകളിലെയും പ്രധാനപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് യൂനിറ്റിന് കീഴിൽ ഉത്തരമേഖലയിൽ കോഴിക്കോടും ദക്ഷിണമേഖലയിൽ തിരുവനന്തപുരത്തും ഓരോ ക്യാമ്പ് ഓഫിസുകളുമുണ്ട്.

ഒരു ജോയന്റ് എക്‌സൈസ് കമീഷണർ, ഒരു അസി. എക്‌സൈസ് കമീഷണർ, രണ്ട് ഇൻസ്പക്ടർമാർ, മൂന്നുവീതം പ്രിവന്റിവ് ഓഫിസർമാരും സിവിൽ എക്‌സൈസ് ഓഫിസർമാരും ഡ്രൈവർമാരുമുൾപ്പെടെ 13 പേരാണ് ക്രൈംബ്രാഞ്ചിലുള്ളത്. രണ്ട് ക്യാമ്പ് ഓഫിസുകളിലും എറണാംകുളം ഹെഡ് ഓഫിസിലും രണ്ടുപേർ വീതം സ്‌പെഷൽ ഡ്യൂട്ടിയിലുണ്ട്. ഈ അംഗബലം ഉപയോഗിച്ച് കാര്യക്ഷമമായ രീതിയിൽ കേസുകൾ അന്വേഷിക്കാൻ സാധിക്കില്ല.

പൊലീസിലുള്ളതുപോലെ ക്രൈംബ്രാഞ്ച് സംവിധാനം എക്‌സൈസിലും ആരംഭിച്ചാൽ രാസലഹരിക്കേസുകളിൽ വിശദമായ അന്വേഷണം നടത്താനും ഉറവിടം കണ്ടെത്താനും അതുവഴി ലഹരിക്കടത്ത് തടയാനും ആകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സുപ്രീംകോടതിയുടെ 2018 ആഗസ്റ്റ് 16ലെ വിധി അനുസരിച്ച് കേസെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥന് ആ കേസിൽ തുടരന്വേഷണം നടത്താൻ കഴിയില്ല. സീനിയർ ഉദ്യോഗസ്ഥനാണ് അന്വേഷിക്കേണ്ടത്.

നർക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് (എൻ.ഡി.പി.എസ്) നിയമപ്രകാരമുള്ള കേസുകളെല്ലാം ഇത്തരത്തിൽ സീനിയർ ഉദ്യോഗസ്ഥർ അന്വേഷിക്കണം. ഇത്തരം ഗൗരവമുള്ള കേസുകളിൽ തുടരന്വേഷണത്തിന് എക്‌സൈസിൽ ആളില്ല. നിലവിലുള്ള ഉദ്യോഗസ്ഥരുടെ ജോലിഭാരവും കൂടുതലാണ്. അതിനാൽ, ഓരോ ജില്ലയിലും എക്‌സൈസ് ക്രൈംബ്രാഞ്ച് യൂനിറ്റ് സ്ഥാപിക്കണമെന്നാണ് ആവശ്യം. എക്‌സൈസ് വകുപ്പിൽ നിലവിലുള്ള ഓഫിസുകളുടെ ഭാഗമായി എക്‌സൈസ് ക്രൈംബ്രാഞ്ച് സോണൽ, ജില്ല ഓഫിസുകൾ പ്രവർത്തിക്കാമെന്നാണു ശിപാർശ.

Tags:    
News Summary - Recommendation to form Excise Crime Branch in all districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.