തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തെ വിവിധ കമ്പനികളുമായുള്ള വൈദ്യുത കൈമാറ്റ കരാറുകളുടെ വിശദാംശം തേടി റഗുലേറ്ററി കമീഷൻ. 2023 മുതൽ 2025 വരെയുള്ള കരാറുകളുടെ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടത്. 2026ൽ ഏർപ്പെടാൻ ഉദ്ദേശിക്കുന്ന കരാറുകളുടെ വിവരങ്ങളും സമർപ്പിക്കണം. എല്ലാം ഒരു മാസത്തിനകം നൽകാനും കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ബി.എസ്.ഇ.എസ് യമുന പവർ ലിമിറ്റഡ്, അരുണാചൽ പ്രദേശ് പവർ കോർപറേഷൻ എന്നീ കമ്പനികളുമായുള്ള കൈമാറ്റ കരാറുകൾ അനുവദിച്ചുള്ള ഉത്തരവിലാണ് കമീഷൻ മൂന്നുവർഷത്തെ വിശദാംശം തേടിയത്. ജനുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെയുള്ള കരാർ പ്രകാരം 50 മെഗാവാട്ട് വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങുകയും ജൂൺ 16 മുതൽ ജൂലൈ 31വരെയും ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 30 വരെയും ഈ വൈദ്യുതി തിരികെ നൽകുകയും ചെയ്യുന്ന കരാറാണ് യമുന പവർ ലിമിറ്റഡ് കമ്പനിയുമായുള്ളത്. 75 മെഗാവാട്ട് മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 30 വരെ കെ.എസ്.ഇ.ബിക്കും ജൂൺ 16 മുതൽ സെപ്റ്റംബർ 30 വരെ തിരിച്ചും നൽകുന്നതാണ് അരുണാചൽപ്രദേശ് പവർ കോർപറേഷനുമായുള്ള കരാർ. വേനൽകാല വൈദ്യുതി ആവശ്യകത പരിഹരിക്കാൻ ലക്ഷ്യമിട്ട് പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷൻ, മധ്യപ്രദേശ് പവർ മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് എന്നിവയുമായുള്ള കരാറുകൾക്ക് കഴിഞ്ഞയാഴ്ച റഗുലേറ്ററി കമീഷൻ അനുമതി നൽകിയിരുന്നു.
കേരളത്തിന് വൈദ്യുതി ഉപയോഗം കുറവായ മാസങ്ങളിൽ അധിക വൈദ്യുതി നൽകുകയും വേനൽകാലത്തെ പീക്ക് ആവശ്യകത നിറവേറ്റാൻ പകരം അതേ അളവിൽ വൈദ്യുതി തിരികെ ലഭ്യമാക്കുകയും ചെയ്യുന്നതാണ് കൈമാറ്റ കരാറുകൾ. ആഭ്യന്തര വൈദ്യുതോൽപാദനം പരിമിതമായതിനാൽ വിവിധ സംസ്ഥാനങ്ങളിലെ ഉൽപാദകരിൽനിന്ന് കരാറുകൾ വഴി വൈദ്യുതി പണം നൽകി വാങ്ങുകയാണ് കെ.എസ്.ഇ.ബി. ദീർഘകാല കരാറുകൾ, മധ്യകാല കരാറുകൾ, ഹ്രസ്വകാല കരാറുകൾ എന്നിവക്ക് പുറമേയാണ് പ്രത്യേക സീസണുകളിൽ വൈദ്യുതി പരസ്പരം കൈമാറുന്ന കൈമാറ്റ കരാറുകളിലും ഏർപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.