ബംഗളൂരു: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കോർപറേറ്റ് ഓഫിസിൽ വിഷ്വൽ മർച്ചൈന്റസിങ് വിഭാഗത്തിലെ അസിസ്റ്റന്റ് ജനറൽ മാനേജരായി ജോലി ചെയ്തിരുന്നയാളെ ബംഗളൂരു കമേഴ്സ്യൽ സ്ട്രീറ്റ് പൊലീസ് അറസ്റ്റ്ചെയ്തു. എരുമേലി എടകടത്തി സ്വദേശി വടക്കേടത്ത് ഹൗസിൽ അർജുൻ സത്യനാണ് (36) പിടിയിലായത്. അഞ്ചു വർഷമായി നടത്തിവന്ന സാമ്പത്തിക ക്രമക്കേട് ഇക്കഴിഞ്ഞ ജൂലൈ മാസം ഓഡിറ്റ് വിഭാഗം കണ്ടുപിടിച്ചിരുന്നു. കമ്പനി നൽകിയ പരാതിയിലാണ് ബുധനാഴ്ച കോഴിക്കോടുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തട്ടിപ്പിനെ തുടർന്ന് കമ്പനിയിൽനിന്ന് ഇയാളെ പുറത്താക്കിയിരുന്നു. അഞ്ചു വർഷത്തിലേറെയായി കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിലെ വിവിധ ഇടപാടുകാരുമായി ഗൂഢാലോചന നടത്തി ഒന്നരക്കോടി രൂപയോളമാണ് തട്ടിയെടുത്തത്.
തുക മാതാപിതാക്കളുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. സാമ്പത്തിക ക്രമക്കേടിന് കൂട്ടുനിന്നവരുടെ പേരിലും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.