സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ലക്ഷങ്ങളുടെ തിരിമറി; രണ്ട് വനിത ജീവനക്കാർ അറസ്റ്റിൽ

പത്തനംതിട്ട: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ വനിത ജീവനക്കാർ അറസ്റ്റിൽ. സീതത്തോട് മാറമ്പുടത്തിൽ ഫൈനാൻസിയേഴ്സ് മാനേജരായിരുന്ന കൊച്ചുകോയിക്കൽ പുതുപ്പറമ്പിൽ രമ്യ (32), ക്ലറിക്കൽ സ്റ്റാഫ് സീതത്തോട് മണികണ്ഠൻകാല കല്ലോണി വീട്ടിൽ ഭുവനമോൾ ടി.ബി (32) എന്നിവരെയാണ് ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചുകോയിക്കൽ മാറമ്പുടത്തിൽ വീട്ടിൽ റോയിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. റോയി കുറെക്കാലം വിദേശത്തായിരുന്നു. ഈ സമയത്താണ് ജീവനക്കാർ സാമ്പത്തിക തിരിമറി നടത്തിയത്. സ്ഥാപനത്തിൽ പണയംവെച്ച സ്വർണ ഉരുപ്പടികളുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം ഇവ മറ്റ് സ്ഥാപനങ്ങളിൽ കൊണ്ടുപോയി പണയം വെച്ച് പണം എടുക്കുകയാണ് ജീവനക്കാർ പ്രധാനമായും ചെയ്തത്.

പതിനഞ്ചോളം പേരുടെ പേരിൽ സ്വർണം പണയം വെച്ചതായി കാണിച്ച് എഴുതിവെച്ച് പണം ഇവർ തട്ടിയെടുക്കുകയും ചെയ്തു.പണയംവെക്കുന്ന സ്വർണാഭരണങ്ങളുടെ തൂക്കത്തിലും വിലയിലും തിരിമറി കാട്ടിയും ജീവനക്കാർ തട്ടിപ്പ് നടത്തി. സ്ഥാപനത്തിലെ പണം എടുത്ത് പുറത്ത് ഉയർന്ന പലിശക്ക് നൽകുകയും ചെയ്തു.

വിദേശത്തായിരുന്ന സ്ഥാപന ഉടമ അടുത്തിടെ തിരികെ എത്തി നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകൾ കണ്ടെത്തിയത്. സ്ഥാപനത്തിൽ പണയം വെച്ച സ്വർണ ഉരുപ്പടികൾ ചിലർ തിരികെ എടുക്കാൻ എത്തിയെങ്കിലും പണയം സ്വീകരിച്ചതി‍െൻറ രേഖകൾ സ്ഥാപനത്തിലില്ലായിരുന്നു. പരാതി ഉയർന്നപ്പോൾ സ്ഥാപന ഉടമ ചില ആളുകൾക്ക് പണം നൽകി ഒത്തു തീർപ്പാക്കി.

കൂടുതൽ തട്ടിപ്പ് കണ്ടെത്തിയതോടെ സ്ഥാപന ഉടമ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വലിയ തട്ടിപ്പ് പുറത്ത് വന്നത്. 45,42,388 ലക്ഷം രൂപയുടെ തട്ടിപ്പ്‌ നിലവിൽ കണ്ടെത്തിയിട്ടുണ്ട്. ചിറ്റാർ എസ്.ഐ സണ്ണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. റിമാൻഡിലായ രമ്യയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വെള്ളിയാഴ്ച ബാങ്കിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഇവരുടെ ബന്ധുക്കൾ അടക്കം ആറു പേർക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് പരാതിയുണ്ട്.

Tags:    
News Summary - financial institution Fraud; Two women employees were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.