കൊല്ലം: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾക്കും വികസന മുന്നേറ്റത്തിനും സാമ്പത്തിക പരിമിതികൾ തടസമാകില്ലന്നു മന്ത്രി കെ.എൻ ബാലഗോപാൽ. എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ആരംഭിക്കുന്ന ആധുനിക ഗവേഷണ സംവിധാനങ്ങളുടെ ഉദ്‌ഘാടനം കൊല്ലം ടി കെ എം എൻജിനീയറിംഗ് കോളജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കലാലയങ്ങളെയും തൊഴിലിടങ്ങളായി മാറ്റിയെടുക്കുവാനുള്ള ശ്രമങ്ങളാണ് ഊർജ്ജിതമായി നടത്തേണ്ടത്. കേരളത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രായോഗിക ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുവാനുള്ള സംവിധാനങ്ങൾ ഒരുക്കുവാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എഞ്ചീനീയറിംഗ് കോളജുകളിൽ "വർക് നിയർ ഹോം" എന്ന ആശയം പ്രാവർത്തികമാക്കുവാനുള്ള സംവിധാനങ്ങൾ അടിയന്തിരമായി ഒരുക്കേണ്ടതുണ്ട്.
പഠന ഗവേഷണങ്ങളെ പ്രായോഗിക പദ്ധതികളായി രൂപപ്പെടുത്തുന്ന ട്രാൻസ്ലേഷണൽ റിസർച് സെന്ററുകൾ കാമ്പസുകളിൽ ആരംഭിക്കണം. ഇതുവഴി കലാലയങ്ങളെ പഠന പ്രക്രിയക്കൊപ്പം തൊഴിലും നൽകുന്ന നൈപുണ്യ കേന്ദ്രങ്ങളാക്കി മാറ്റുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നവകേരള ഫെല്ലോഷിപ്പുകൾ ഇത്തരത്തിൽ ശ്രദ്ധേയമാണ്. അതോടൊപ്പം സർക്കാർ എയ്ഡഡ് കോളജുകളിലും അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത തരത്തിൽ കൂടുതൽ കോഴ്സുകൾ ഈ വർഷം തന്നെ അനുവദിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈസ് ചാൻസിലർ ഡോ. രാജശ്രീ എം. എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ മുഖ്യാതിഥി ആയിരുന്നു. പഠന കാലയളവിൽ മരണപ്പെട്ട മൂന്ന് വിദ്യാർഥികളുടെ കുടുംബങ്ങൾക്കുള്ള സർവകലാശാലയുടെ സുരക്ഷ പദ്ധതിപ്രകാരമുള്ള ധനസഹായം മന്ത്രി ബാലഗോപാൽ വിതരണം ചെയ്തു. വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം എം.നൗഷാദ് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.