തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 2000 കോടിയുടെ പാക്കേജടക്കം കേന്ദ്രബജറ്റിൽ പ്രതീക്ഷയോടെ, കണ്ണുനട്ട് കേരളം. ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാനം മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിൽ ‘തീവ്രദുരന്ത’മായി പ്രഖ്യാപിക്കണമെന്നത് കഴിഞ്ഞമാസം കേന്ദ്രം അംഗീകരിച്ചു. അനുബന്ധ ആവശ്യങ്ങൾ ബജറ്റിൽ പരിഗണിക്കപ്പെടുമെന്ന സ്വാഭാവിക പ്രതീക്ഷയിലാണ് സർക്കാർ. ദുരന്ത ബാധിതർക്കായി നിർമിക്കാനുദ്ദേശിക്കുന്ന ടൗൺഷിപ്പുകൾക്ക് കേന്ദ്രസഹായം അനിവാര്യമാണ്.
മാന്ദ്യം നേരിടുന്നതിനും പ്രതീക്ഷിത സാമ്പത്തിക വളർച്ചനിരക്കിലേക്കെത്തുന്നതിനും ആവശ്യമായ കേന്ദ്രപിന്തുണ, ബജറ്റിന് മുന്നോടിയായി ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളം മുന്നോട്ടുവെച്ചിരുന്നു. 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ഇതിലൊന്ന്.
ജി.എസ്.ടി നഷ്ടപരിഹാരവും റവന്യൂ കമ്മി ഗ്രാന്റും അവസാനിച്ചതും കടമെടുക്കൽ പരിധിയിൽ വന്ന കുറവും നികുതി വരവിലെ ഇടിവും മൂലം സംസ്ഥാനം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഇത് മുന്നിൽ കണ്ട് അടുത്ത രണ്ടു വർഷത്തിനുള്ളിൽ ലഭ്യമാകുന്ന നിലയിലെ പ്രത്യേക പാക്കേജാണ് കേരളത്തിന്റെ ആവശ്യം. ജി.എസ്.ടി സമ്പ്രദായം പൂർണസജ്ജമാകുന്നതുവരെ ജി.എസ്.ടി നഷ്ടപരിഹാരം തുടരണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
വിഴിഞ്ഞത്തിന് പ്രത്യേക സഹായം
വിഴിഞ്ഞം തുറമുഖത്തിന്റെ തുടർവികസന പ്രവർത്തനങ്ങൾക്കായി 5000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് മറ്റൊന്ന്. തുറമുഖത്തേക്കുള്ള റെയിൽപാത, വ്യവസായ ഇടനാഴി, സീ ഫുഡ് പാർക്ക്, തുടങ്ങിയ പദ്ധതികളിലൂടെ മാത്രമേ വിഴിഞ്ഞത്തിന്റെ പൂർണ പ്രയോജനം കിട്ടൂ. അടുത്ത സാമ്പത്തിക വർഷം കേരളത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമാക്കി നിരുപാധികം ഉയർത്തണമെന്നതാണ് മറ്റൊന്ന്.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാനവിഹിതം ഉറപ്പാക്കുന്നതിന് കടമെടുക്കേണ്ട സ്ഥിതിയുണ്ട്. ഉത്തരം വായ്പകളെ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.