കൊല്ലപ്പെട്ട സുധാകരൻ, മകൾ അഖില
തിരുവനന്തപുരം: പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്‍റെ ഇളയ മകൾ കുമാരി അഖിലക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിന്‍റേതാണ് തീരുമാനം.
പത്തനംതിട്ട ജില്ലയിൽ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തിൽ പൂർണമായോ ഭാഗികമായോ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 143 ദുരന്തബാധിതർക്ക് വിതരണം ചെയ്യാന്‍ 58,45,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്തനംതിട്ട ജില്ല കലക്ടര്‍ക്ക് അനുവദിക്കും.
മത്സ്യബന്ധനം നിരോധിച്ചുള്ള കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് 2025 മെയ് 18നും 31നും ഇടയിൽ നഷ്ടപ്പെട്ട 14 തൊഴിൽ ദിവസങ്ങൾക്ക് നഷ്ടപരിഹാരം നല്‍കും. 1,72,160 മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ കുടുംബങ്ങൾക്കും വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 48,20,48,000 രൂപ അനുവദിക്കും.
ഇടുക്കി ജില്ലയിലെ കട്ടപ്പന വില്ലേജിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്ന ജോലിക്കിടെ മരണപ്പെട്ട തമിഴ്‌നാട് സ്വദേശികളായ ജയറാം, മൈക്കിൾ, സുന്ദരപാണ്ഡ്യൻ എന്നിവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചുലക്ഷം രൂപ വീതം അനുവദിക്കും.
ഉജ്ജീവന വായ്പാ പദ്ധതി പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ ശാഖയിൽ നിന്ന് വായ്പ എടുത്ത 20 കർഷകർക്ക് / സംരംഭകർക്ക് മാർജിൻ മണി വിതരണം ചെയ്യുന്നതിനായി ബന്ധപ്പെട്ട ജില്ല കലക്ടർമാർക്ക് 21,93,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.
പൊലീസ് വകുപ്പിലെ 20 റിസർവ് സബ്-ഇൻസ്പെക്ടർ തസ്തികകൾ അപ്ഗ്രേഡ് ചെയ്ത് 20 റിസർവ് ഇൻസ്പെക്ടർ തസ്തിക സൃഷ്ടിക്കും. ആംഡ് റിസർവ് ക്യാമ്പിന്റെ പ്രവർത്തന മേൽനോട്ടത്തിന് ഉയർന്ന തസ്തിക അനിവാര്യമായതിനാലാണ് തസ്തികൾ അപ്ഗ്രേഡ് ചെയ്യുന്നത്.
തീരദേശ പോലീസ് സ്റ്റേഷനിലെ സ്രാങ്ക്, ബോട്ട് ഡ്രൈവർ, ലാസ്കർ, ബോട്ട് കമാണ്ടർ, അസിസ്റ്റന്റ് ബോട്ട് കമാൻഡർ, സ്പെഷ്യൽ മറൈൻ ഹോംഗാർഡ് എന്നീ തസ്തികകൾക്ക് വേതനം വർധിപ്പിക്കും.
കണ്ണൂർ പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ മാവിലായിൽ ഹെറിറ്റേജ് വില്ലേജ് പദ്ധതി, എ.കെ.ജി സ്മൃതിമണ്ഡപം സൗന്ദര്യവൽക്കരണം എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിൽ കിഫ്ബി ധനസഹായത്തോടെ നിർവഹിക്കുന്നതിന് ഭരണാനുമതി നൽകി. പദ്ധതി നടപ്പിലാക്കുമ്പോൾ പെരളശ്ശേരി ഗ്രാമപഞ്ചായത്തിന് അധിക ബാധ്യത ഉണ്ടാകാത്ത വിധം, തദ്ദേശസ്വയംഭരണ വകുപ്പും പെരളശ്ശേരി ഗ്രാമ പഞ്ചായത്തും സാംസ്കാരിക വകുപ്പും കൂടിയാലോചിച്ച് ഒരു റവന്യൂ മോഡലിന് രൂപം നൽകും.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) ലെ ജീവനക്കാർക്ക് 01.07.2019 പ്രാബല്യത്തിൽ പത്താം ശമ്പളപരിഷ്കരണം അനുവദിക്കും.
ദേശീയ സഫായി കർമചാരി ധനകാര്യ വികസന കോർപ്പറേഷനിൽ (NSKFDC) നിന്നും വായ്പ ലഭ്യമാക്കുന്നതിനായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന് 5 വർഷത്തേക്ക്, 400 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി അനുവദിക്കും.
കേരളത്തിലെ മുഴുവൻ സിനിമാ തീയറ്ററുകളിലും ഇ-ടിക്കറ്റിങ് പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് 8 വർഷത്തേക്ക് 8 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി നൽകും.
സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന്‍റെ സംഭരണ വില 01/11/2025 മുതൽ പ്രാബല്യത്തിൽ കിലോഗ്രാമിന് 30 രൂപയായി ഉയർത്തിയ ഉത്തരവിൽ ഭേദഗതി വരുത്തി. 2025-26 ഒന്നാം സീസൺ ആരംഭിച്ച 20/10/2025 മുൻകാല പ്രാബല്യം നൽകിയാണ് ഭേദഗതി.
സ്ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശം വച്ചിരിയ്ക്കുന്ന ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു നൽകുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച ഉത്തരവിൽ ഭേദഗതി. സ്വാതന്ത്ര്യത്തിന് ശേഷവും 01/08/1971 ന് മുമ്പും കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് ന്യായ വിലയുടെ 15 ശതമാനം നൽകണം. സ്വാതന്ത്ര്യത്തിന് ശേഷവും കേരള പിറവിക്ക് മുമ്പും കൈവശം വെച്ചിരുന്ന ഭൂമിക്ക് ന്യായ വിലയുടെ 25 ശതമാനം എന്നുള്ളതായിരുന്നു നിലവിലുള്ള വ്യവസ്ഥ.
സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിൽ 1012 താൽക്കാലിക തസ്തികകൾക്ക് 01/04/2025 മുതൽ 30/06/2026 വരെ തുടർച്ചാനുമതി നൽകും.
തൃശ്ശൂർ പീച്ചി വില്ലേജിൽ ലൂർദ്ദ് മാതാ പള്ളി കൈവശം വച്ചിരുന്ന ഭൂമി ന്യായവിലയുടെ 15 ശതമാനം ഈടാക്കി പതിച്ചു നൽകാൻ തീരുമാനിച്ചു.
1964 ലെ ഭൂപതിവ് ചട്ടപ്രകാരം ഭൂമി പതിച്ചു നൽകുമ്പോൾ ഭൂമിയിൽ നിൽക്കുന്ന തേക്ക്, വീട്ടി, ചന്ദനം, എബണി എന്നീ രാജകീയ വൃക്ഷങ്ങളുടെ അവകാശം സർക്കാരിനായിരിക്കും എന്ന് വ്യക്തമാക്കുന്ന ചട്ട ഭേദഗതിക്ക് അംഗീകാരം നൽകി
സ്പെഷ്യല്‍ റൂള്‍സില്‍ വ്യവസ്ഥകളോടെ ഇളവ് നല്‍കി ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് 1 ജീവനക്കാര്‍ക്ക് പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് തസ്തികയിലേക്ക് താല്‍കാലിക സ്ഥാനക്കയറ്റം അനുവദിക്കും. പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് തസ്തികയില്‍ 400ഓളം ഒഴിവുകള്‍ നിലവിലുള്ളതിനാലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.