തിരുവനന്തപുരം: 16ാം ധനകമീഷൻ റിപ്പോർട്ട് നവംബർ ആദ്യത്തോടെ വരാനിരിക്കേ ശിപാർശകളിൽ പ്രതീക്ഷയോടെ കേരളം. 15ാം ധനകമീഷൻ സമീപനങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും മേഖലതിരിച്ചുള്ള നിവേദനം സമർപ്പിച്ചും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഡോ. അരവിന്ദ് പനഗാരിയയുടെ നേതൃത്വത്തിലുള്ള കമീഷനെ ബോധ്യപ്പെടുത്താനായി എന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ. ജി.എസ്.ടി നികുതിയിളവിന്റെ പശ്ചാത്തലത്തിൽ 8000-10,000 കോടിവരെ കേരളത്തിന് നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ക്ഷേമപെൻഷനുകളും കാരുണ്യയടക്കം ഇൻഷുറൻസ് പദ്ധതികളും തുടരാൻ അധിക വിഭവസമാഹരണം അനിവാര്യമാണ്. ഈ സാഹചര്യത്തിലെ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര നികുതിവിഹിതത്തിലാണ് കേരളത്തിന്റെ പ്രധാന പ്രതീക്ഷ. ജി.എസ്.ടി നിരക്കിളവുകളുടെ പേരിൽ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാനില്ലെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിശേഷിച്ചും.
പത്താം ധനകമീഷൻ ശിപാർശപ്രകാരം കേരളത്തിന് 3.8 ശതമാനം നികുതിവിഹിതമുണ്ടായിരുന്നത് 15ാം കമീഷൻ ശിപാർശകളോടെ 1.9 ശതമാനമായി ചുരുങ്ങി. ഇതിലെ നീതികേട് 16ാം കമീഷൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. 2015 മുതൽ പ്രകൃതിദുരന്തങ്ങൾ പ്രഹരമേൽപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. നികുതിവിഹിതം വീതംവെക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാവ്യതിയാനവും ഉൾപ്പെടുത്തണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിരുന്നു. നികുതിവിഹിതം നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ റവന്യൂ ചെലവുകളും പരിഗണിക്കണമെന്നതാണ് മറ്റൊരു ആവശ്യം.
കേന്ദ്രം പിരിക്കുന്ന സെസിനും സർചാർജിനും പരിധി ഏർപ്പെടുത്തണമെന്ന ആവശ്യം കേരളമടക്കം സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് വീതംവെക്കേണ്ട വിഹിതത്തെ (ഡിവിസീവ് പൂൾ) മറികടക്കാനും കേന്ദ്രത്തിന് തങ്ങളുടെ വരുമാനം ഉറപ്പിച്ചുനിർത്താനും സെസും സർചാർജുമാണ് പിടിവള്ളിയാക്കുന്നത്.
സെസിനും സർചാർജിനും സീലിങ് വേണമെന്ന ആവശ്യം കമീഷൻ പരിഗണിക്കുമോ എന്ന് കണ്ടറിയണം. 15ാം ധനകമീഷൻ കേന്ദ്ര നികുതിവരുമാനത്തിന്റെ 41 ശതമാനം 28 സംസ്ഥാനങ്ങൾക്കായി വിഭജിച്ചുനൽകണമെന്നാണ് ശിപാർശ ചെയ്തത്. ഇത് കേന്ദ്രത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടത്ര പണം ഉറപ്പാക്കുമെന്നും സംസ്ഥാനങ്ങൾക്ക് മതിയായ ഉപാധിരഹിത ധനസ്രോതസ്സ് ലഭ്യമാക്കുമെന്നുമായിരുന്നു കമീഷന്റെ വിലയിരുത്തൽ. എന്നാൽ, യാഥാർഥ്യം മറിച്ചായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.