ഫാത്തിമ തഹ്‌ലിയ
കോഴിക്കോട്: എൽ.ഡി.എഫ് അരനൂറ്റാണ്ട് കാലം ഭരിച്ചിട്ടും നാടിന് വലിയ പ്രയോജനം ഉണ്ടായിട്ടില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും കുറ്റിച്ചിറ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ അഡ്വ. ഫാത്തിമ തഹ്‌ലിയ. കോഴിക്കോട് കോർപറേഷന്‍റെ അഴിമതിയിൽ നിന്ന് നാടിനെ രക്ഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കോർപറേഷന്‍റെ സഹായമില്ലാതെയാണ് നിലവിലെ യു.ഡി.എഫ് കൗൺസിലർ കുറ്റച്ചിറയിൽ വികസനം കൊണ്ടുവന്നതെന്നും തഹ്‌ലിയ പറഞ്ഞു.
തന്നെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടിക്ക് വ്യക്തമായ ഉത്തരമുണ്ട്. കുറ്റിച്ചിറയിലെ സ്ഥാനാർഥിത്വം മഹാഭാഗ്യമാണ്. കോഴിക്കോടിന്‍റെ വലിയ ഐക്കൺ ആണ് കുറ്റിച്ചിറ. കോഴിക്കോടിന്‍റെ ഹൃദയത്തിൽ മത്സരിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണ്. കോഴിക്കോട് നഗരത്തെ അതിന്‍റെ സാംസ്കാരിക തനിമയിൽ പരിചയപ്പെടുത്താനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. എൽ.ഡി.എഫിന്‍റെ വികസനം പുറംമോടിയാണ്. അതിനുള്ളിലെ ആളുകളുടെ വേദന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്.
ഡെപ്യൂട്ടി മേയർ സ്ഥാനം തീരുമാനിക്കേണ്ടത് പാർട്ടിയും യു.ഡി.എഫും ആണ്. കുറ്റിച്ചിറയിൽ മത്സരിക്കാനാണ് പാർട്ടി ആവശ്യപ്പെട്ടത്. നാട്ടിലെ പ്രതിപക്ഷം എന്നത് യു.ഡി.എഫും ജനങ്ങളുമാണ്. എൽ.ഡി.എഫിൽ നേതാക്കൾ മാത്രമാണുള്ളത്. ഭരണസംവിധാനത്തെ തിരികെ കൊണ്ടുവരിക എന്നത് നാട്ടുകാരുടെ ആവശ്യമാണ്.
'ലീഗുകാരി എന്ന നിലയിൽ സി.എച്ച് ആണ് എന്‍റെ ആദ്യ ലീഡർ. സി.എച്ച് മത്സരിച്ച് ജയിച്ചുവന്ന മണ്ണിലേക്കാണ് ഞാൻ കടന്നുവരുന്നത്. സി.എച്ചിന്‍റെ പിന്മുറക്കാരാകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അത് യാഥാർഥ്യമാകുമെന്നാണ് കുറ്റിച്ചിറയിൽ വന്നപ്പോൾ മനസിലായത്' -തഹ്‌ലിയ വ്യക്തമാക്കി.
കേരളത്തിലെ വിദ്യാഭ്യാസ വിപ്ലവ നായകനാണ് സി.എച്ച്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനാണ് അദ്ദേഹം പരിശ്രമിച്ചത്. അദ്ദേഹത്തിന്‍റെ ഒരു വലിയ സ്വപ്നമാണ് ഹരിതയിലൂടെ സംഭവിച്ചത്. പെൺകുട്ടികൾ രാഷ്ട്രീയമായി ക്യാമ്പസിൽ വരുന്നു, മത്സരിക്കുന്നു. അതിന്‍റെ ഭാഗമായാണ് താൻ നിലകൊള്ളുന്നത്. കോഴിക്കോട് കോർപറേഷൻ തിരിച്ചു പിടിക്കുമെന്നും ഫാത്തിമ തഹ്‌ലിയ വ്യക്തമാക്കി.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമായ അഡ്വ. ഫാത്തിമ തഹ്‌ലിയയെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷൻ ഭരണം പിടിക്കാൻ യു.ഡി.എഫ് കളത്തിലിറക്കിയത്. കോഴിക്കോട് കോർപറേഷന്റെ കുറ്റിച്ചിറ ഡിവിഷനിൽ നിന്ന് ജനവിധി തേടുന്ന ഫാത്തിമ തഹ്‌ലിയയെ ഡെപ്യൂട്ടി മേയറായാണ് ലീഗ് പരിഗണിക്കുന്നത്.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പരിഗണിക്കാനിരിക്കെയാണ് തഹ്‌ലിയയെ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. യുവനേതാക്കളെ കളത്തിലിറക്കി തദ്ദേശ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന യു.ഡി.എഫിന്റെ നീക്കത്തിന്‍റെ ഭാഗമായാണ് തഹ്‌ലിയയുടെ സ്ഥാനാർഥിത്വം. തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ കെ.എസ്. ശബരിനാഥിനെയാണ് കോൺഗ്രസ് കളത്തിലിറക്കിയത്. സമാനരീതിയിൽ കോഴിക്കോടും പിടിച്ചടക്കാനാണ് യു.ഡി.എഫിന്റെ നീക്കം.
ഫാത്തിമ തഹ്‌ലിയയെ കൂടാതെ, മുൻ ഹരിത നേതാക്കളായ നജ്മ തബ്ഷീറയും മുഫീദ തസ്നിയും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ ജനവിധി തേടുന്നുണ്ട്. മുഫീദ തെസ്നിയെ വയനാട് ജില്ല പഞ്ചായത്തിലേക്കും നജ്മ തബ്ഷീറയെ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലേക്കുമാണ് മത്സരിപ്പിക്കുന്നത്. കോഴിക്കോട് കോർപറേഷനിൽ യു.ഡി.എഫിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി കുറ്റിച്ചിറ ഡിവിഷനിൽ നിന്നാണ് തഹ്‌ലിയ മത്സരിക്കുന്നത്.
കഴിഞ്ഞ തവണ തിരൂർക്കാട് ഡിവിഷനിൽ നിന്ന് ജയിച്ച നജ്മ പെരിന്തൽമണ്ണ ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷയാണ്. പ്രസിഡന്റ് സ്ഥാനാർഥിയായി ഇക്കുറി വലമ്പൂർ ഡിവിഷനിൽ നിന്നാണ് മത്സരിക്കുന്നത്. വയനാട് ജില്ല പഞ്ചായത്തിലെ പുതിയ ഡിവിഷനായ തരുവണയിലെ സ്ഥാനാർഥിയാണ് മുഫീദ. നിലവിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് നജ്മ.
മുഫീദ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. തഹ്‌ലിയ ജനവിധി തേടുന്നത് ഇതാദ്യമായാണ്. ഹരിത സ്ഥാപക നേതാക്കളിലൊരാളുമാണ് തഹ്‌ലിയ. തഹ്‌ലിയ ഇപ്പോൾ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മുഫീദ ദേശീയ വൈസ് പ്രസിഡന്റും നജ്മ ദേശീയ സെക്രട്ടറിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.