ഫാത്തിമയുടെ മരണം: തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി പിതാവ്

തിരുവനന്തപുരം: മദ്രാസ് ഐ.ഐ.ടി വിദ്യാർഥി ഫാത്തിമ ലത്തീഫിന്‍റെ ദുരൂഹ മരണത്തിലെ അന്വേഷണം സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായി പിതാവ് ലത്തീഫ്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഫാത്തിമയുടെ പിതാവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഫാത്തിമയുടെ രണ്ടാം ചരമവാർഷിക ദിനമായ ഇന്നാണ് പിതാവ് ലത്തീഫ് മുഖ്യമന്ത്രിയെ കണ്ടത്.

മകളുടെ മരണത്തിന് കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ലത്തീഫ് പറഞ്ഞു. ഇക്കാര്യത്തിൽ ആരെയാണ് കാണേണ്ടതെന്ന് അറിയില്ല. അതു കൊണ്ടാണ് മുഖ്യമന്ത്രിയെ സമീപിച്ചത്. സി.ബി.ഐയുടെ ചെന്നൈ സെൻട്രൽ യൂണിറ്റ് ഉദ്യോഗസ്ഥരോട് വിവരങ്ങൾ ആരാഞ്ഞ ശേഷം വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. അതിന് ശേഷം പ്രധാനമന്ത്രിയെ ഈ വിഷയം ധരിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും ലത്തീഫ് പറഞ്ഞു.

2019 നവംബർ ഒമ്പതിനാണ് ഫാത്തിമയെ ഹോസ്​റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണ കാരണം ഐ.ഐ.ടിയിലെ ഒരു പ്രഫസറാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ഫാത്തിമയുടെ ഫോണിൽ നിന്ന് ലഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ഫോണിലുണ്ടെന്നും കുറിപ്പിലുണ്ടായിരുന്നു.

പരീക്ഷക്ക്​ മാർക്ക് കുറഞ്ഞതിലെ മനോവിഷമമാണ് ഫാത്തിമയുടെ ആത്മഹത്യക്ക് കാരണമെന്നാണ് ഐ.ഐ.ടി ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്.

Tags:    
News Summary - Fathima Latheef's death: Father says CM has promised to send letter to Tamil Nadu CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.