ബാവലിപ്പുഴയിൽ അച്ഛനും പിഞ്ചുമകനും മുങ്ങി മരിച്ചു

കേളകം (കണ്ണൂർ): ഇരട്ടത്തോട് ബാവലിപ്പുഴക്കയത്തിൽ അച്ഛനും മകനും മുങ്ങിമരിച്ചു. ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിൽ ലിജോ ജോസ് (34), ഇളയമകൻ നെബിൻ ജോസ് (ആറ്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ഓടെയാണ് അപകടം.

ചുങ്കക്കുന്ന് പാലത്തിനടുത്ത് തടയണയിൽ വെള്ളം കെട്ടിനിർത്തിയിരുന്നു. ഇവിടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. മകനെ ചുമലിൽ ഇരുത്തി ലിജോ പുഴയിലിറങ്ങിയപ്പോൾ കാൽതെറ്റി ആഴത്തിലേക്ക് പതിച്ചു. ഇതിനിടെ, ഇരട്ടത്തോട് പാലത്തിന്റെ തൂണിന് സമീപത്തെ കയത്തിലകപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലിജോയും ചളിയിൽ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു മൂന്നു കുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി തിരച്ചിൽ ആരംഭിച്ചു. ആദ്യം ലിജോയെയാണ് കണ്ടെത്തിയത്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന് ദീർഘനേരത്തെ തിരച്ചിലിലാണ് ചലനമറ്റ നെബിനെ കരക്കെത്തിച്ചത്.

പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോണിന്റെ നേതൃത്വത്തിൽ പൊലീസും ഫയർ ആൻഡ് റസ്ക്യൂ സേനയും നാട്ടുകാരും തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും കൈകോർത്തു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങൾ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

സ്‌റ്റെഫീനയാണ് ലിജോയുടെ ഭാര്യ. ഇവാനിയാണ് മറ്റൊരു മകള്‍. ഇരിട്ടി എ.ജെ ഗോള്‍ഡ് ജീവനക്കാരനായ ലിജോ, ജോസ്-ലിസി ദമ്പതികളുടെ മകനാണ്. നെബിന്‍ തലക്കാണി ഗവ. യുപി സ്‌കൂള്‍ യു.കെ.ജി വിദ്യാർഥിയാണ്. സംസ്കാരം ഞായറാഴ്ച ഒറ്റപ്ലാവ് സെൻറ് അൽഫോൻസാ പള്ളി ദേവാലയ സെമിത്തേരിയിൽ.

Tags:    
News Summary - Father and son drowned in Bavalipuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.